എനിക്ക് ഭയമില്ല! അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ല; നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപ്

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തന്റെ മൊബൈല്‍ ഫോണുകള്‍ ബുധനാഴ്ച ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാക്കില്ലെന്ന് നടൻ ദിലീപിൻറെ വെളിപ്പെടുത്തൽ. അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലാത്തതിനാല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്കായി അഭിഭാഷകന് കൈമാറിയിരിക്കുകയാണെന്നും അതിനുശേഷം ഹാജരാക്കാമെന്നുമാണ് ദിലീപിന്റെ വിശദീകരണം.
ബുധനാഴ്ച മൂന്ന് മണിക്ക് മുമ്പ് പഴയ ഫോണുകള്‍ ഹാജരാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞദിവസം അറിയിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരെ വിശ്വാസമില്ലെന്നും ഫോണുകളില്‍ കൃത്രിമം കാണിക്കുമെന്ന് ആശങ്കയുണ്ടെന്നുമാണ് ദിലീപിന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ലാത്തതിനാല്‍ ഭയമില്ലെന്നും ദിലീപ് കൂട്ടിച്ചേർത്തു.
വീട്ടില്‍ വെച്ചു നടന്നത് വൈകാരികമായ സംസാരം മാത്രമാണ്. ദിലീപ്, സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി എൻ സുരാജ്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരാണ് ഫോൺ മാറ്റിയത്. ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ ഫോണുകള്‍ മാറ്റിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഗൂഢാലോചനാക്കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് നാല് പ്രതികളും മൊബൈല്‍ഫോണുകള്‍ മാറ്റിയത്. തെളിവുകള്‍ ശേഖരിക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഹാജരാക്കാന്‍ ക്രൈംബ്രാഞ്ച് ഇവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പുതിയ ഫോണുകളാണ് പ്രതികള്‍ അന്വേഷണസംഘത്തിന് കൈമാറിയത്. ഇതോടെയാണ് പഴയ ഫോണുകള്‍ മാറ്റിയതായും പുതിയ ഫോണുകള്‍ കൈമാറി കബളിപ്പിക്കാനുള്ള നീക്കമാണ് നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഇന്നലെ ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.
https://www.facebook.com/Malayalivartha