2003 ഫെബ്രുവരി 19, കേരള ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ ദിനം.... പിറന്ന മണ്ണില്‍ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികളെ നോരിടാൻ വലിയ സന്നാഹത്തോടെ പടക്കോപ്പുകളുമായി പോലീസ് സേന പാഞ്ഞടുത്തത് അന്നാണ്.... കീഴടങ്ങണമെന്ന പോലീസ് നിര്‍ദ്ദേശത്തിന് മറുപടിയായി മുദ്രാവാക്യം വിളിച്ചും അല്ലാതെയും ചെറുത്തുനിന്ന ആദിവാസികള്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു.... അവര്‍ കെട്ടിയ പുല്‍ക്കുടിലുകള്‍ കത്തിച്ചു... വെടിവച്ചു. വെടിയേറ്റ് ഒരാള്‍ മരിച്ചു. ..മുത്തങ്ങ വെടിവപ്പ് നടന്നിട്ട് 20 ആണ്ട്

എന്താണ് അന്ന് മുത്തങ്ങയിൽ നടന്നതെന്ന് മുത്തങ്ങ സമരത്തിന്റെ ഭാഗമായി പോലീസ് അതിക്രമത്തിന്റെ ഇരയായ ഡയറ്റ് ലക്ചററും എഴുത്തുകാരനുമായ കെ.കെ സുരേന്ദ്രന്‍ പറയുന്നത് ഇങ്ങനെയാണ് . 2003 ഫെബ്രുവരി 22ന് സ്റ്റാഫ് റൂമില്‍ വെച്ച് അറസ്റ്റ് ചെയ്ത് മര്‍ദ്ദിച്ച് അവശനാക്കിയ സുരേന്ദ്രനെ ജയിലിലടച്ചു. സമരഭൂമിയില്‍ വെച്ച് ആദിവാസികള്‍ക്ക് ക്ലാസെടുത്തു എന്നാരോപിച്ചായിരുന്നു നടപടി. സുരേന്ദ്രന്‍ പ്രതിയല്ലെന്ന് സി.ബി.ഐ കണ്ടെത്തുകയും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു
ആ ദിവസങ്ങളെ സുരേന്ദ്രൻ ഓർക്കുന്നത് ഇങ്ങനെയാണ് ..അന്ന് സ്റ്റാഫ് റൂമിലിരിക്കുമ്പോള്‍ എസ്.ഐയും സംഘവുമെത്തി 'ആരടാ സുരേന്ദ്രന്‍' എന്ന് ചോദിച്ച് കോളറിന് പിടിച്ച് പുറത്തേക്ക് വലിച്ചു കൊണ്ടുപോയി. അവിടെ വച്ച് തന്നെ തല്ലാന്‍ നോക്കുന്നുണ്ടായിരുന്നെങ്കിലും കൂടെയുള്ള പോലീസുകാര്‍ തടഞ്ഞതു കൊണ്ട് സഹപ്രവര്‍ത്തകരുടെയും വിദ്യാര്‍ത്ഥികള്‍ക്കും കാണേണ്ടി വന്നില്ല. പിന്നെ മര്‍ദ്ദനം തന്നെയായിരുന്നു. സി.ഐ ദേവരാജന്‍ വയറില്‍ ഇടിക്കുന്നതിന്റെ ദൃശ്യം പുറത്ത് വന്നിരുന്നു. ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍ വെച്ചായിരുന്നു മര്‍ദ്ദനം. ബത്തേരി സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരും കൊല്ലപ്പെട്ട പോലീസുകാരന്റെ കൂടെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയവരും മാറി മാറി മര്‍ദ്ദിച്ചു. പത്തരയ്ക്ക് അറസ്റ്റ് ചെയ്തിട്ട് രാത്രി ഒമ്പതര വരെ ഇടയ്ക്കിടെയുള്ള മര്‍ദ്ദനം തുടര്‍ന്നു. ഞാനും ജാനുവും കുറേ നേരം ഒരു മുറിയിലായിരുന്നു . പോലീസുകാര്‍ ജാനുവിനെയും ഉപദ്രവിക്കുന്നുണ്ടായിരുന്നു.
ജാനുവിന് അന്ന് എന്നെ അറിയില്ലായിരുന്നു. എന്നെ അറിയില്ലെന്ന് പറഞ്ഞതിനും ജാനുവിനെ അടിച്ചു. രാത്രിയില്‍ കറന്റ് കട്ടിന്റെ സമയത്ത് ഗീതാനന്ദനെയും എന്നെയും അടുത്തടുത്ത് ഇരുത്തിയാണ് മര്‍ദ്ദിച്ചത്. ഞങ്ങളെ കുറച്ച് നേരം ലോക്കപ്പിലും ഇട്ടു. പിറ്റേ ദിവസം ജാനുവിനെയും ഗീതാനന്ദനെയും കോടതിയില്‍ ഹാജരാക്കി കോഴിക്കോട്ടേക്ക് മാറ്റി. ആരുഷ് എന്ന പോരാട്ടം പ്രവര്‍ത്തകനും ഞങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്നു. പുല്‍പ്പള്ളിയില്‍ ആദിവാസി യുവാവിനൊപ്പം പോസ്റ്റര്‍ ഒട്ടിച്ചതിനായിരുന്നു പിടികൂടിയത്. അടി കൊണ്ട് ആരുഷിന്റെ ബോധം പോയി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്നെ പോലീസ് മര്‍ദ്ദിച്ചതായും ചികിത്സ വേണമെന്നും ആവശ്യപ്പെട്ടു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് എന്നെ അയച്ചത്. കണ്ണൂരിലേക്ക് കൊണ്ടു പോകുമ്പോഴും കൂടെയുള്ളവരെ മര്‍ദ്ദിക്കുന്നുണ്ടായിരുന്നു..
ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുയര്‍ത്തി സി കെ ജാനുവിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടക്കുന്നത് 2001-ലാണ്. ആദിവാസികള്‍ക്ക് വീടും സ്ഥലവും നല്‍കാത്തതില്‍ പ്രതിഷേധിച്ച് കുടില്‍ കെട്ടിയായിരുന്നു സമരം. ഭൂമി പ്രശ്‌നം ഉന്നയിച്ച ആദിവാസികളോട് തുടക്കത്തില്‍ നിഷേധ സമീപനമായിരുന്നു ഭരണകൂടത്തിന്റേത്. എന്നാല്‍ 48 ദിവസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ചില കരാറുകള്‍ ഉണ്ടാക്കപ്പെട്ടു. സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം സമരം പിന്‍വലിച്ചു. ആദിവാസികള്‍ക്ക് കൃഷി ചെയ്യാനായി അഞ്ച് ഏക്കര്‍ ഭൂമി വീതം നല്‍കാമെന്നായിരുന്നു കരാര്‍. എന്നാല്‍ ഈ കരാര്‍ ലംഘിക്കപ്പെട്ടു. ഭൂമിക്കായി കാത്ത് നിന്ന ആദിവാസികള്‍ക്ക് ആ കാത്തിരിപ്പ് മാത്രമായിരുന്നു മിച്ചം. ഇതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് 2003-ല്‍ സി കെ ജാനുവിന്റെ നേതൃത്വത്തില്‍ തന്നെ ആദിവാസികള്‍ മുത്തങ്ങയിലേക്ക് എത്തിയത്.
വയനാട്ടിലെ ആദിവാസികളില്‍ കുറിച്യര്‍ക്കും കുറുമര്‍ക്കും മാത്രമേ ഭൂമിയുണ്ടായിരുന്നുള്ളു. കുടിയേറ്റത്തോടെ അവരുടെ ഭൂമിയും നഷ്ടപ്പെട്ടിട്ടുണ്ട്. പണിയര്‍, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങള്‍ എവിടെയാണോ ജനിച്ചത് അവിടെ ചെറിയൊരു സ്ഥലത്ത് നൂറും നൂറ്റമ്പതും കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുകയാണ്. അവര്‍ക്ക് വേറെ ഭൂമിയൊന്നുമില്ല. അവരാണ് മുത്തങ്ങയില്‍ ഭൂമിക്ക് വേണ്ടി സമരം ചെയ്തത്.
മുത്തങ്ങയിലെ തകരപ്പാടി മുതല്‍ അമ്പുകുത്തിവരെയുള്ള താഴ്‌വരകളില്‍ അവര്‍ കുടിലുകള്‍ കെട്ടി ഊര് സ്ഥാപിച്ചു. കുറ്റിക്കാടുകള്‍ വെട്ടി ഭൂമി കൃഷി യോഗ്യമാക്കി കൃഷിയാരംഭിച്ചു. 'സ്വാഭാവികമായ ഒരു ഗ്രാമമായിരുന്നു അവര്‍ സൃഷ്ടിച്ചെടുത്തത്. എട്ട് ഊരുകൂട്ടങ്ങള്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ഉണ്ടായി. പകല്‍ കൃഷിപ്പണിയും വൈകുന്നേരങ്ങളില്‍ കൂടിയിരുപ്പും പാട്ടും നൃത്തവുമായി സന്തോഷവും സമാധാനവുമുള്ള ജീവിതമായിരുന്നു. എന്നാല്‍ അത് പലരേയും അസ്വസ്ഥപ്പെടുത്തി.' സമരത്തിന് നേതൃത്വം നല്‍കിയ എം ഗീതാനന്ദന്‍ പറയുന്നു. ജനുവരി അഞ്ചിന് ഭൂമി കയ്യേറി ഭൂസമരം ആരംഭിച്ച ആദിവാസികള്‍ക്കെതിരെ 48 ദിവസങ്ങള്‍ കഴിഞ്ഞാണ് പോലീസിന്റെ നടപടി. ആദിവാസി യുവാവ് ജോഗി പോലീസ് വെടിവെപ്പില്‍ മരിച്ചു. പോലീസ് ഉദ്യോഗസ്ഥന്‍ വിനോദും സംഘര്‍ഷങ്ങള്‍ക്കിടെ കൊല്ലപ്പെട്ടു.
മുത്തങ്ങ വെടിവപ്പിനെ തുടര്‍ന്ന് സമരഭൂമിയില്‍ നിന്ന് ആദിവാസികള്‍ ചിതറിയോടി. പലരും പല ദിക്കിലേക്ക് ചിന്നിപ്പോയി. തുടര്‍ന്ന് പോലീസ് ആദിവാസി കോളനികളില്‍ നടത്തിയ നരനായാട്ട് ഇന്നും വിമര്‍ശിക്കപ്പെടുന്നു. സമരത്തിന് നേതൃത്വം നല്‍കിയ എം ഗീതാനന്ദനും സി കെ ജാനുവും ഉള്‍പ്പെടെയുള്ള നേതാക്കളെ പിടികൂടിയ പോലീസ് ഇവര്‍ക്ക് നേരെ നടത്തിയ മര്‍ദ്ദന മുറകളും ഇന്നും ഭൂസമര ചരിത്രത്തിലെ മുറിവാണ്. "തേനീച്ചക്കൂട് ഇളക്കി വിടുന്ന പോലെയായിരുന്നു അടി വന്നിരുന്നത്. അവിടുന്നും ഇവിടുന്നും ഒക്കെ കുറേ ചവിട്ടും അടിയും കിട്ടി. പക്ഷെ എനിക്ക് അപ്പോഴും വാശിയായിരുന്നു. ഉന്നയിച്ച ഭൂമി എന്ന ആവശ്യം വീണ്ടും ഉന്നയിക്കണമെന്നും വീണ്ടും ആ ഭൂമിയിലെത്തണമെന്ന വാശിയുമായിരുന്നു അന്ന്," സി കെ ജാനു ഓര്‍മ്മകള്‍ പങ്കുവക്കുന്നു.
ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും കേരളമൊട്ടാകെ നടന്ന പ്രതിഷേധ സമരങ്ങളില്‍ സമ്മര്‍ദ്ദത്തിലായ ആന്റണി സര്‍ക്കാര്‍ ആദിവാസികളെ കൂട്ടത്തോടെ വേട്ടയാടുന്നതില്‍ നിന്ന് പിന്‍വാങ്ങി.
അറസ്റ്റിനും പിന്നീടുണ്ടായ പ്രക്ഷോഭങ്ങള്‍ക്കും ശേഷം ആദിവാസി ഗോത്ര മഹാസഭയുമായി സര്‍ക്കാര്‍ നടത്തിയ തുടര്‍ചര്‍ച്ചകള്‍ മുത്തങ്ങ പാക്കേജിന് വഴിമാറി. സര്‍ക്കാര്‍ മുത്തങ്ങ പാക്കേജ് പ്രഖ്യാപിച്ചു. ഗോത്രമഹാസഭ തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം വയനാട്ടില്‍ ഏകദേശം ഇരുപതിനായിരത്തിനടുത്ത് കുടുംബങ്ങളായിരുന്നു സ്വന്തമായി ഭൂമിയില്ലാത്തവര്‍. സര്‍ക്കാരും ഗോത്രമഹാസഭയും അംഗീകരിച്ച പട്ടിക പ്രകാരം ആദിവാസികള്‍ക്ക് ഭൂമി വിതരണം ചെയ്യാന്‍ തീരുമാനമായി. ഇതുവരെ മുന്‍ഗണനാ പട്ടികയിലുള്‍പ്പെട്ട 241 കുടുംബങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്തതായാണ് സര്‍ക്കാര്‍ കണക്ക്.
എന്നാൽ കൊടുത്ത ഭൂമിയുടെ കടലാസ് മാത്രമാണ് പലരുടെയും കൈയിലുള്ളത്. എവിടെയാണെന്ന് അറിയില്ല. ഇതാണ് ആദിവാസികള്‍ക്ക് ഭൂമി കൊടുക്കുന്നതിന്റെ അവസ്ഥ. ഓരോ വര്‍ഷവും 500 കോടിയോളം രൂപ പട്ടിക വര്‍ഗ വികസനത്തിനായി നീക്കി വെക്കുന്നുണ്ട്. അതൊക്കെ എവിടെയാണ് ചിലവഴിക്കുന്നത്. 1975 മുതല്‍ ഇന്ന് വരെ ആദിവാസികള്‍ക്കായി നീക്കിവെച്ച സര്‍ക്കാര്‍ ഫണ്ട് എവിടെ പോകുന്നെന്നും അറിയില്ല
മുത്തങ്ങ വെടിവപ്പില്‍ പോലീസ് കൊന്ന ജോഗിയുടെ കുടുംബത്തിന് പോലും വാസയോഗ്യമായ ഭൂമി ലഭിച്ചില്ല. പ്രളയത്തില്‍ തകർന്ന മാനന്തവാടിയിലെ കോളനിയിലാണ് ഇപ്പോഴും ജോഗിയുടെ മകന്‍ ശിവനും കുടുംബവും ജീവിക്കുന്നത്. "മുത്തങ്ങ പാക്കേജില്‍ ഉള്‍പ്പെട്ടതിന്റെ പേരില്‍ പ്രളയത്തില്‍ കുടുങ്ങിയിട്ടും മറ്റൊരു ഭൂമിയോ വീടോ ഞങ്ങള്‍ക്ക് തരില്ല. എന്നാല്‍ മുത്തങ്ങ പാക്കേജും അവര്‍ വേണ്ട രീതിയില്‍ നടപ്പാക്കില്ല. ഒട്ടും വാസയോഗ്യമല്ലാത്ത മൊട്ടക്കുന്നും കൃഷി ചെയ്യാന്‍ ഒരു സാധ്യതയുമില്ലാത്ത ഭൂമിയുമാണ് പലര്‍ക്കും കിട്ടിയത്. കിട്ടിയ ഭൂമി വെള്ളം പോലും കിട്ടാത്തതാണ്. കിലോമീറ്ററുകള്‍ നടന്ന് തലയില്‍ ചുമന്നാണ് പോകുന്നത്." നിലവില്‍ 21 പേര്‍ മാത്രമാണ് തങ്ങള്‍ക്കനുവദിച്ച ഭൂമിയില്‍ താമസമാക്കിയത്. പലര്‍ക്കും ഭൂമിയുടെ അതിരുകള്‍ പോലും നിശ്ചയിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടു. പലര്‍ക്കും സ്ഥലം അനുവദിച്ചു എന്നത് കേട്ടറിവ് മാത്രമാണ്. ഭൂമിയുണ്ടോ എന്നതിന് ഉറപ്പ് പോലും ഇവര്‍ക്കില്ല.
ഭൂമി ലഭിച്ചവര്‍ക്ക് പോലും അതിനെ വിഭവാധികാരമായി ഉപയോഗിക്കാനാവില്ല. കൈവശാവകാശ രേഖ മാത്രമാണ് ഇന്നും ആദിവാസികള്‍ക്ക് ലഭിച്ചിട്ടുള്ളത്. ആ ഭൂമിയില്‍ താമസിക്കാം ആദായമെടുക്കാം എന്നതിനപ്പുറം ഭൂമിയുടെ ഒരവകാശവും ഇവര്‍ക്ക് നല്‍കിയിട്ടില്ല. ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കണമെന്നതാണ് ആദിവാസി ജനവിഭാഗത്തിന്റെ ആവശ്യം.
ആദിവാസികള്‍ക്ക് ഒരുകാലത്തും നീതി കിട്ടില്ലെന്ന് നമ്മുടെ പൊതുസമൂഹം ഉറപ്പിച്ചിരിക്കുകയാണ്. പണിയരും അടിയരുമൊക്കെ കൃഷിയെ ആശ്രയിച്ച് ജീവിച്ചവരാണ്. വിലയിടിവും വന്യജീവികളുടെ ആക്രമണവും കാരണം കൃഷി പൂര്‍ണമായും തകര്‍ന്നു. കൃഷിക്കാര്‍ ആത്മഹത്യയിലേക്ക് പോകുന്ന അവസ്ഥയാണ് വയനാട്ടിലുള്ളത്.
അവരെ ആശ്രയിച്ച് ജീവിക്കുന്ന ആദിവാസികളുടെ ജീവിതം അതിലും ദുരിതത്തിലാണ്. കുറച്ച് ഭൂമിയുണ്ടായിരുന്നെങ്കില്‍ അവര്‍ക്ക് അവിടെ എന്തെങ്കിലും കൃഷി ചെയ്ത് അതിജീവിക്കാം. സര്‍ക്കാരിന്റെ കൈയില്‍ വയനാട്ടില്‍ എത്രയോ ഭൂമിയുണ്ട്. ഹാരിസണ്‍ കമ്പനിയുടെതുള്‍പ്പെടെ കാലാവധി കഴിഞ്ഞ പാട്ടഭൂമികളുണ്ട്. വീണ്ടും അവര്‍ക്ക് തന്നെ നല്‍കുന്ന സര്‍ക്കാര്‍ ആ ഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാന്‍ തയ്യാറാകുന്നില്ല. കോടിക്കണക്കിന് വരുന്ന ആദിവാസി ഫണ്ട് ഉപയോഗിച്ച് ഭൂമി വാങ്ങി നല്‍കുന്നുമില്ല.
ആദിവാസികളും മനുഷ്യരാണെന്നും നമ്മുടെ സഹോദരങ്ങളാണെന്നും അതിജീവിക്കേണ്ടവരാണെന്നുമുള്ള വിശാലമായ ജനാധിപത്യ ബോധം പൊതുസമൂഹത്തിന് അല്ല, ഭരിക്കുന്നവർക്ക് ഇനി എന്ന് ഉണ്ടാവാനാണ് ?
https://www.facebook.com/Malayalivartha