ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകും വരെ ക്ലിനിക്കിൽ രോഗികളെ പരിശോധിച്ചു: ആയിരക്കണക്കിന് ആളുകളുടെ വേദനമാറ്റിയ ഡോക്ടർക്ക്, സ്വന്തം വേദന താങ്ങാനായില്ല: ജനകീയ ഡോക്ടറുടെ വിയോഗം ഉൾക്കൊള്ളാനാകാതെ നാട്....

ഡോക്ടറെ ക്ലിനിക്കില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ഡോ. പ്രദീപ്കുമാറിന്റെ വിയോഗം ഉൾക്കൊള്ളാനാകാതെ നാട്. ഡോക്ടറുടെ സാന്ത്വനവും സഹായവും ലഭിച്ച സാധാരണക്കാരായ ആയിരങ്ങൾക്കാണ് ആ വേർപാട് വിശ്വസിക്കാനാകാത്തത്. 10 വർഷത്തിലധികമായി പയ്യന്നൂർ ഗവ.താലൂക്ക് ആശുപത്രിയിൽ അസ്ഥിരോഗ വിദഗ്ധനായി ജനങ്ങളെ സേവിച്ച ഡോ. പ്രദീപ്കുമാർ സ്വന്തം ക്ലിനിക്കിൽ ജീവനൊടുക്കിയ വാർത്തയറിഞ്ഞതു മുതൽ എല്ലാവരും ഞെട്ടലിലാണ്.
ആശുപത്രി ഡ്യൂട്ടി കഴിഞ്ഞ് രാത്രി വൈകും വരെ ക്ലിനിക്കിൽ രോഗികളെ പരിശോധിച്ച ഡോക്ടറാണ് മണിക്കൂറുകൾക്കകം അതേ ക്ലിനിക്കിൽ ജീവനൊടുക്കിയെന്ന വിവരം നാടറിയുന്നത്. രോഗികളെ കാത്തിരുന്ന ഡോക്ടറായിരുന്നു പ്രദീപ്കുമാർ.
ക്ലിനിക്കിൽ ബുക്ക് ചെയ്യുമ്പോൾ കൃത്യമായി സമയം പറയും. രോഗി സമയം തെറ്റി വന്നാലും ഡോക്ടർ കാത്തിരിക്കും. അസ്ഥിരോഗ ചികിത്സയിൽ സാധാരണക്കാരന് പലപ്പോഴും അവസാന വാക്ക് ഈ ഡോക്ടറുടെതായിരുന്നു. രോഗനിർണയത്തിൽ അസാമാന്യ കഴിവുണ്ടായിരുന്നു. തനിച്ച് തന്റെ മുന്നിൽ ചികിത്സ തേടിയെത്തുന്നവർക്ക് ബൈസ്റ്റാൻഡറായും ഈ ഡോക്ടർ ഉണ്ടാകുമായിരുന്നു.
ബൈപ്പാസ് റോഡിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീടാണ് വർഷങ്ങളായി ഡോക്ടർ ക്ലിനിക്കായി ഉപയോഗിച്ചിരുന്നത്. ഈ വീടിന്റെ അടുക്കള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്.
ഡോക്ടറുടെ ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് അടുക്കള ഭാഗത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പയ്യന്നൂർ പോലീസ് സ്ഥലത്തെത്തി. തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു.
രണ്ട് മാസമായി നടുവേദന അനുഭവപ്പെട്ട് ചികിത്സ നടത്തി വരികയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ ഇ എൻ.ടി വിഭാഗത്തിൽ ജോലി ചെയ്യുന്ന ഡോ.അമ്പിളിയാണ് ഭാര്യ. താലൂക്ക് ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ വൻ ജനാവലി അന്തിമോപചാരം അർപ്പിക്കാനെത്തി. കരിവെള്ളൂരിലെ വീട്ടിലും വൻ ജനാവലി ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
https://www.facebook.com/Malayalivartha