ലൈഫ് തട്ടിപ്പിലെ തരികിട സര്‍ക്കാര്‍-ദുബായ് കോണ്‍സില്‍ ഗൂഢാലോചന ഇങ്ങനെ...
മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറും സ്വപ്‌ന സുരേഷും മാത്രമല്ല വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസിലെ ഗൂഢാലോചനക്കാരെന്ന് ഇ.ഡി. സ്വപ്‌നയുടെയും ലൈഫ്മിഷന്‍ കരാര്‍ കിട്ടിയ യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പന്റെയും സ്വത്തുക്കള്‍ കണ്ട് കെട്ടിയത് സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് ഇ.ഡി ഇക്കാര്യം പറയുന്നത്. സന്തോഷ് ഈപ്പന്റെ വീടും ബാങ്ക് അക്കൗണ്ടുകളും സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകളുമാണ് കണ്ടുകെട്ടിയത്. 5.38 കോടി രൂപ മൂല്യമുള്ള ഭൂമിയും അതിലുണ്ട്. ദുബായ് റെഡ് ക്രെസന്റുമായുള്ള ഇടപാടില്‍ വിദേശ സംഭാവന നിയന്ത്രണച്ചട്ടത്തിന്റെ ലംഘനം നടന്നു. കരാറിന്റെ മറവില്‍ കള്ളപ്പണ ഇടപാടുമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2018ലെ പ്രളയ ശേഷം സഹായം തേടിയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ദുബായ് യാത്രയോടെയാണ് ഗൂഢാലോചന തുടങ്ങുന്നത്. പ്രളയത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കാന്‍ ദുബായ് റെഡ് ക്രെസന്റ് 20 കോടി രൂപ നല്കാമെന്നായിരുന്നു കരാര്‍.
ദുബായ് കോണ്‍സുലേറ്റും കേരള സര്‍ക്കാരും ചേര്‍ന്നു നടപ്പാക്കിയ പദ്ധതിയുടെ കരാര്‍ ലഭിക്കുന്നതിന് യൂണിടാക് കമ്പനിയുടമ സന്തോഷ് ഈപ്പന്‍ 4.8 കോടി രൂപ കൈക്കൂലി നല്കി. ഇതില്‍ ഒരു കോടി രൂപ മുഖ്യമന്ത്രി പിണറായി വിജയന്റെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെത്തി. ശിവശങ്കര്‍ കേസില്‍ ഒന്നാം പ്രതിയാണ്. രണ്ടു കോടി രൂപയോളം യുഎഇ കോണ്‍സുലേറ്റിലെ ധനകാര്യ വകുപ്പ് ഓഫീസറായിരുന്ന ഖാലിദ് അഹമ്മദ് അലി ഷൗക്കരി വിദേശത്തേക്ക് കടത്തി. സ്വപ്ന സുരേഷാണ് ഇടനിലക്കാരി. ഇവര്‍ യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥയായിരുന്നു.
2020ല്‍ തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി ദുബായ് കോണ്‍സുലേറ്റിലെത്തിയ പെട്ടിയില്‍ സ്വര്‍ണം കടത്തിയതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ കേസ് സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്. ഒളിവില്‍ പോയ സ്വപ്നയെ ബംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. വടക്കാഞ്ചേരി ഫ്‌ളാറ്റ് നിര്‍മാണത്തിനുള്ള 20 കോടി രൂപയുടെ കരാറില്‍ പണി പകുതി പോലും പൂര്‍ത്തിയാകുന്നതിനു മുമ്പുതന്നെ 15 കോടിയിലേറെ രൂപ സന്തോഷ് ഈപ്പന് കൈമാറി. സന്തോഷിന്റെ യൂണിടാക് കമ്പനിക്ക് കരാര്‍ നല്കുന്നതിന് അന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്ന എ.സി. മൊയ്തീന്‍ ലൈഫ് മിഷന്‍ സിഇഒ യു.വി. ജോസില്‍ സമ്മര്‍ദം ചെലുത്തി. തുടര്‍ന്ന് ടെണ്ടറില്ലാതെ 24 മണിക്കൂര്‍ കൊണ്ട് യൂണിടാക്കിന് കരാര്‍ നല്കാമെന്ന ഔദ്യോഗിക കത്ത് ലൈഫ് മിഷന്‍ ദുബായ് റെഡ് ക്രെസന്റിന് കൊടുക്കുകയായിരുന്നു.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് പദ്ധതിക്ക് വേണ്ടി വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) ലംഘിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ അനില്‍ അക്കര മുമ്പ് ആരോപിച്ചിരുന്നു. വിദേശ സഹായം വാങ്ങാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ ചേര്‍ന്ന യോഗത്തിലാണെന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി യൂണിടാക്കിനെ ഏല്‍പ്പിച്ചത് മുഖ്യമന്ത്രിയാണെന്നും അനില്‍ അക്കര വെളിപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ക്ലിഫ് ഹൗസില്‍ യോഗം ചേര്‍ന്നതിന്റെ റിപ്പോര്‍ട്ട് അനില്‍ അക്കര പുറത്തുവിട്ടിരുന്നു. ലൈഫ് മിഷന്‍ സിഇഒ യു വി ജോസ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് നല്‍കിയ റിപ്പോര്‍ട്ടാണ് അനില്‍ അക്കര പുറത്തുവിട്ടത്. സര്‍ക്കാറില്‍ നിന്ന് 2019 ജൂലൈ 11ന് ലൈഫ് മിഷന് ലഭിച്ച കത്തിലെ ഉത്തരവ് അനുസരിച്ചും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ചുമാണ് സിഇഒ ധാരണാപത്രം ഒപ്പിടുന്നത്.
അനില്‍ അക്കരയുടെ വെളിപ്പെടുത്തലിന് മുമ്പ് ലൈഫ് മിഷനിലെ ക്രമക്കേട് സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ ബാധിക്കുന്ന വിഷയമാണ് ഇതെന്നും സര്‍ക്കാരോ, ലൈഫ് മിഷനോ വിദേശ സംഭാവന സ്വീകരിച്ചിട്ടില്ലെന്നും വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു. സംസ്ഥാന പദ്ധതി എന്ന നിലയിലല്ലേ യൂണിടാകിന് പണം ലഭിച്ചതെന്ന് കോടതി ചോദിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു. അതേസമയം അധോലോക ഇടപാടാണ് ലൈഫ് മിഷന്റെ മറവില്‍ നടന്നതെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ലൈഫ് മിഷനും യു.എ.ഇ റെഡ്ക്രസന്റും തമ്മിലുണ്ടാക്കിയ ധാരണാപത്രം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ഹൈജാക്ക് ചെയ്യുകയായിരുന്നെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു. ലൈഫ് മിഷന്‍ സി.ഇ.ഒ ആയിരുന്ന യു.വി ജോസിനെയും ഗീതു എന്ന ഉദ്യോഗസ്ഥയേയും ശിവശങ്കര്‍ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി. അപ്പോഴാണ് ഇത്തരത്തിലുള്ള നിര്‍മാണ കരാറിനെ കുറിച്ച് സി.ഇ.ഒ ആയിരുന്ന ജോസ് അറിഞ്ഞത്. യു.എ.ഇ കോണ്‍സുലേറ്റിലേറ്റ് റെഡ്ക്രസന്റില്‍ നിന്ന് പണം വന്നതായി യാതൊരു തെളിവും കിട്ടിയിട്ടില്ല. യൂണിടാക്ക് കമ്പനിക്ക് റെഡ്ക്രസന്റില്‍ നിന്നല്ല കോണ്‍സുലേറ്റിന്റെ അക്കൗണ്ടില്‍ നിന്നാണ് പണം ലഭിച്ചത്. അതുകൊണ്ട് യു.എ.ഇ കോണ്‍സുല്‍ ജനറലും യൂണിടാക്കും തമ്മിലുണ്ടാക്കിയ കരാര്‍ സംബന്ധിച്ചും അന്വേഷണം വേണമെന്നും സി.ബി.ഐ പറഞ്ഞിരുന്നു.
ടെണ്ടറില്ലാതെയാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചത്. അതുകൊണ്ട് കമ്മിഷന്‍ ഉറപ്പിച്ചശേഷമാണ് കരാര്‍ കിട്ടിയതെന്ന് സി.ബി.ഐ വാദിച്ചു. പദ്ധതിതുകയുടെ 40 ശതമാനം കമ്മിഷനായി പോയി. 20 ശതമാനം കോണ്‍സുല്‍ ജനറലിനും 10 ശതമാനം സ്വപ്‌നയ്ക്കും ലഭിച്ചെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ സി.ബി.ഐ കോടതിയെ ബോധിപ്പിച്ചിട്ടും പിന്നീട് ഈ കേസ് വിചാരിച്ച അത്ര വേഗത്തില്‍ മുന്നോട്ട് പോയില്ല. അതിനിടെയാണ് ഇ.ഡി പ്രതികളുടെ സ്വത്തുക്കള്‍ കണ്ട് കെട്ടിയത്. അതില്‍ പറയുന്ന പ്രധാനകാര്യമിതാണ്,
വടക്കാഞ്ചേരി ലൈഫ് മിഷന്‍ തട്ടിപ്പ് സംസ്ഥാന സര്‍ക്കാരിലെ ഉന്നതരും ദുബായ് കോണ്‍സല്‍ ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഫലമാണ്. ഇതില്‍ നിന്ന് തന്നെ സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇടപാടും കരാറും എല്ലാം നടന്നതെന്ന് വ്യക്തമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha