അയ്യർ ഇത്തവണ റെക്കോഡിടുമോ ? ആർസിബിയ്ക്ക് പുറമെ കോല്‍ക്കത്തയും അയ്യര്‍ക്കായി രംഗത്ത്... ബാംഗ്ലൂർ നീക്കിവച്ചിരിക്കുന്നത് 20 കോടിയെന്ന് ചോപ്ര

ഐപിഎൽ 15-ാം സീസണിനു മുന്നോടിയായി മെഗാതാര ലേലത്തിനുള്ള കളിക്കാരുടെ ചുരുക്കപ്പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു. കളിക്കാരുടെ ചുരുക്കപട്ടിക പ്രസിദ്ധീകരിച്ചതിന് പിന്നാലെ ആരൊക്കെ ഏതൊക്കെ ടീമിലെത്തും എന്നത് സംബന്ധിച്ച ചർച്ചകളാണ് പൊടിപൊടിക്കുന്നത്. ആരാധകരുടെ ആകാംക്ഷ ഉയരുമ്പോൾ ശ്രദ്ധേയമായൊരു നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻതാരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ശ്രേയസ് അയ്യർക്കായി ബാംഗ്ലൂർ 20 കോടി നീക്കിവെച്ചിരിക്കുന്നുവെന്നാണ് ആകാശ് ചോപ്ര പറയുന്നത്. വിരാട് കോഹ്‌ലി ക്യാപ്റ്റൻ സ്ഥാമൊഴിഞ്ഞതോടെ പുതിയ ക്യാപ്റ്റനെ തേടുന്ന റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ഇത്തവണ ശ്രേയസ് അയ്യർക്കായി 20 കോടി രൂപ വരെ മുടക്കുമെന്ന് ചോപ്ര പറയുന്നു. യൂട്യൂബിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
വിരാട് കോഹ്‌ലി നായകസ്ഥാനം രാജിവെച്ചതിന് പിന്നാലെ പുതിയൊരു നായകനെ കൂടി ബാംഗ്ലൂർ തേടുന്നുണ്ട്. ഈ ഒഴിവിലേക്കാണ് 'ലക്ഷണമൊത്തൊരു' കളിക്കാരനെ ആർസിബി തേടുന്നത്. കോഹ്‌ലിയെ കൂടാതെ ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെൽ, ഇന്ത്യയുടെ മുഹമ്മദ് സിറാജ് എന്നിവരെയാണ് ബാംഗ്ലൂർ നിലനിർത്തിയിരിക്കുന്നത്. 2020 സീസണിൽ നായകനായി ഡൽഹിയെ ഫൈനലിൽ എത്തിച്ച ചരിത്രം അയ്യർക്കുണ്ട്. എന്നാൽ കഴിഞ്ഞ സീസണിൽ പരുക്ക് മൂലം അയ്യർക്ക് സീസണിലെ ആദ്യഘട്ട മത്സരങ്ങൾ നഷ്ടമായിരുന്നു. രണ്ടാം ഘട്ടത്തിലാണ് അയ്യർ ഡൽഹി കാപിറ്റൽസിലേക്ക് മടങ്ങിയെത്തിയത്. എന്നാൽ ആദ്യ ഘട്ടത്തിൽ നായകനായ ഋഷഭ് പന്തിനെ തന്നെ ഡൽഹി കാപിറ്റൽസ് നായകനായി തുടരാൻ അനുവദിക്കുകയായിരുന്നു. അതേസമയം ആകാശ് ചോപ്ര പറയുന്ന വിലയ്ക്ക് അയ്യരെ, ബാംഗ്ലൂർ സ്വന്തമാക്കുകയാണെങ്കിൽ അതൊരു റെക്കോർഡ് ആയിരിക്കും.
എന്നാല്‍ ആർസിബിയ്ക്ക് പുറമെ കോല്‍ക്കത്തയും അയ്യര്‍ക്കായി രംഗത്തുണ്ട്. അതിനാല്‍ തന്നെ ലേലം കടുക്കും. ഐപിഎല്‍ കളിക്കാരുടെ ലേലത്തിന്‍റെ അന്തിമ പട്ടിക കഴിഞ്ഞ ദിവസമാണ് ബിസിസിഐ പുറത്തുവിട്ടത്. 590 താരങ്ങളുടെ പട്ടികയാണ് ബിസിസിഐ പ്രസിദ്ധീകരിച്ചത്. മലയാളി താരം എസ് ശ്രീശാന്തും പട്ടികയില്‍ ഇടംപിടിച്ചു. ബംഗളൂരുവില്‍ ഫെബ്രുവരി 12,13 തീയതികളിലാണ് ലേലം നടക്കുക. പതിനഞ്ചാം ഐപിഎല്‍ സീസണാണ് ഈ വര്‍ഷം നടക്കാനിരിക്കുന്നത്. 590 കളിക്കാരില്‍ 228 പേര്‍ കാപ്പ്ഡ് കളിക്കാരും 355 പേര്‍ അണ്‍കാപ്പ്ഡ് കളിക്കാരുമാണ്. ഐസിസിയുടെ അസോസിയേറ്റ് അംഗങ്ങളായ ടീമുകളില്‍ നിന്ന് ഏഴ് പേരും ലേല പട്ടികയില്‍ ഇടംപിടിച്ചു. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടിയില്‍ 48 താരങ്ങളുണ്ട്.
https://www.facebook.com/Malayalivartha























