രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച; വെസ്റ്റിന്‍ഡീസിന് 238 റണ്‍സ് വിജയലക്ഷ്യം; സൂര്യകുമാര്‍ യാദവിന് അര്‍ദ്ധസെഞ്ചുറി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച. ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ക്യാപ്ടന്‍ നിക്കോളാസ് പൂരാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 237 റണ്ണെടുത്തു. രോഹിത് ശര്‍മ്മയും വിരാട് കൊഹ്ലിയും അടക്കമുള്ള മുന്‍നിര പരാജയപ്പെട്ടപ്പോള്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ദ്ധസെഞ്ചുറിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത്. 64 റണ്ണെടുത്ത സൂര്യകുമാര്‍ യാദവിന് വൈസ് ക്യാപ്ടന്‍ കെ എല്‍ രാഹുല്‍ (49) മികച്ച പിന്തുണ നല്‍കി. വിന്‍ഡീസിനായി ഒഡീന്‍ സ്മിത്തും അല്‍സാരി ജോസഫും രണ്ട് വിക്കറ്റ് വീതമെടുത്തു. കെമാര്‍ റോച്ച്, ജേസണ്‍ ഹോള്‍ഡര്‍, അകേല്‍ ഹൊസെയ്ന്‍, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.
നേരത്തെ റിഷഭ് പന്തിനെ ഓപ്പണറാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പ്രതീക്ഷിച്ച ഫലം കണ്ടില്ല. ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വിരേന്ദര്‍ സെവാഗിന്റെ പല ഗുണഗണങ്ങളും ഉള്ള താരമാണ് റിഷഭ് പന്ത്. ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷനെ ഓപ്പണറാക്കിയ ഇന്ത്യ രണ്ടാം ഏകദിനത്തില്‍ പന്തിനെയാണ് ക്യാപ്ടന്‍ രോഹിത് ശര്‍മ്മക്കൊപ്പം ഓപ്പണറാക്കി ഇറക്കിയത്. അതും സ്ഥിരം ഓപ്പണറായ കെ എല്‍ രാഹുല്‍ മടങ്ങിയെത്തിയ ശേഷവും. അതിന് പ്രചോദനമായത് പന്തിന്റെയും സെവാഗിന്റെയും കളികള്‍ തമ്മിലുള്ള ചില സാമ്യതകളായിരുന്നു.
സാഹചര്യം ഏതായാലും കണ്ണുംപൂട്ടി ആക്രമിക്കുന്ന സെവാഗിന്റെ ശൈലി അതുപോലെ പിന്തുടരുന്ന കളിക്കാരനാണ് പന്ത്. അത്തരമൊരു ഓപ്പണറെ ഇന്ത്യക്ക് ആവശ്യവുമാണ്. ഇതിനാലൊക്കെയാകണം വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ പന്തിനെ ഓപ്പണര്‍ റോളില്‍ ഇറക്കാന്‍ ഇന്ത്യയുടെ ടീം മാനേജ്മെന്റിനെ പ്രേരിപ്പിച്ചത്.
എന്നാല്‍ ആദ്യ പരീക്ഷണത്തില്‍ പന്ത് പരാജയപ്പെടുകയും ചെയ്തു. വെറും 18 റണ്‍ മാത്രമായിരുന്നു പന്തിന്റെ സമ്ബാദ്യം, അതും 34 പന്തുകള്‍ നേരിട്ട ശേഷം. കൂടെ ഓപ്പണറായി ഇറങ്ങിയ രോഹിത് അഞ്ച് റണ്ണുമായി നേരത്തെ തന്നെ പുറത്തായിരുന്നു. വണ്‍ ഡൗണ്‍ ആയെത്തിയ മുന്‍ ക്യാപ്ടന്‍ വിരാട് കൊഹ്ലിയും (18) വന്നത് പോലെ മടങ്ങിയതോടെ ഇന്ത്യ തകര്‍ച്ചയുടെ വക്കിലായി.
അവിടെ നിന്ന് വൈസ് ക്യാപ്ടന്‍ കെ എല്‍ രാഹുലും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും 49 റണ്ണെടുത്ത രാഹുല്‍ റണ്ണൗട്ടാകുകയും 64 റണ്ണെടുത്ത സൂര്യകുമാര്‍ യാദവ് അല്ലെന്റെ പന്തില്‍ പുറത്താകുകയും ചെയതതോടെ ഇന്ത്യ പതറുകയായിരുന്നു.
https://www.facebook.com/Malayalivartha























