ഐ പി എല്‍ ലേലത്തില്‍ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ഇന്ന് നടന്ന ഐ പി എല്‍ ലേലത്തില്‍ വിഷ്ണു വിനോദിനെ 50 ലക്ഷം രൂപയ്ക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കി. 20 ലക്ഷം അടിസ്ഥാന വിലയുമായി എത്തിയ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യന്‍സ് കൂടി കണ്ണുവച്ചതോടെയാണ് 50 ലക്ഷം വരെ എത്തിയത്.
ലേലത്തില്‍ ഏറ്റവും കൂടുതല്‍ വില സ്വന്തമാക്കിയ ഇഷാന്‍ കിഷന് ബാക്ക്അപ്പ് ആയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ വിഷ്ണു വിനോദിനെ മുംബയ് ഇന്ത്യന്‍സ് നോട്ടമിട്ടത്. മുംബയ്ക്ക് നിലവിലെ അവസ്ഥയില്‍ ഇഷാന്‍ കിഷന്‍ മാത്രമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന റോളില്‍ ഉള്ളത്. സമാന അവസ്ഥയില്‍ തന്നെയായിരുന്നു സണ്‍റൈസേഴ്‌സ് ഹൈദരാബാദും. 10.75 കോടി മുടക്കി സ്വന്തമാക്കിയ വെസ്റ്റിന്‍ഡീസ് താരം നിക്കോളാസ് പൂരാന് പകരമായാണ് വിഷ്ണു വിനോദ് ഹൈദരാബാദ് ടീമിലെത്തുന്നത്.
വിഷ്ണുവിനെ സംബന്ധിച്ച് ഇത്തവണത്തെ ഐ പി എല്‍ തന്റെ കരിയറിലെ ടേണിംഗ് പോയിന്റ് ആകാനാണ് സാദ്ധ്യത. കുറച്ചു നാളുകളായി വളരെ മോശം ഫോമില്‍ കളിക്കുന്ന പൂരാന് ഐ പി എല്ലിന്റെ തുടക്കത്തില്‍ ഫോം കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ വിഷ്ണുവിന് അവസരം നല്‍കാന്‍ ഹൈദരാബാദ് മാനേജ്‌മെന്റ് മടിച്ചേക്കില്ല. മുഷ്താഖ് അലിയിലും വിജയ് ഹസാരെയിലും കേരളത്തിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത വിഷ്ണുവിന്റെ ബാറ്റിംഗ് ശൈലി ടി ട്വന്റി ക്രിക്കറ്റിന് യോജിച്ച രീതിയിലുള്ളതാണ്.
അതേസമയം മലയാളികള്‍ ഏറെ കാത്തിരുന്ന ശ്രീശാന്തിന്റെ പേര് ലേലത്തില്‍ ഉയര്‍ന്നു വന്നതു പോലുമില്ല. ലേലത്തിന്റെ അവസാനം അക്‌സിലറേറ്റഡ് ലിസ്റ്റിലായിരുന്നു ശ്രീശാന്തിന്റെ പേര്. ഏതെങ്കിലും ടീം താരത്തെ വിളിക്കാന്‍ താത്പര്യമുണ്ടെന്ന കാണിച്ച് പേര് നല്‍കിയാല്‍ മാത്രമേ അദ്ദേഹത്തെ വിളിക്കുക പോലുമുണ്ടായിരുന്നുള്ളു. എന്നാല്‍ ടീമുകള്‍ ഒന്നും പേര് നല്‍കാത്തതിനാല്‍ ശ്രീശാന്തിനെ വിളിക്കുക പോലും ചെയ്തിരുന്നില്ല.
https://www.facebook.com/Malayalivartha























