ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം; ആദ്യദിനം കളിയവസാനിക്കുമ്പോൾ ലങ്ക ആറിന് 86 എന്ന നിലയിൽ

ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മുന്‍തൂക്കം.പി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ബാള്‍ ടെസ്റ്റിന്റെ ആദ്യദിനം 16 വിക്കറ്റുകളാണ് കൊഴിഞ്ഞത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ലങ്കന്‍ സ്പിന്നര്‍മാര്‍ക്കുമുന്നില്‍ പതറിയെങ്കിലും പ്രത്യാക്രമണ ഇന്നിങ്സുമായി കളംനിറഞ്ഞ ശ്രേയസ് അയ്യരുടെ (92) കരുത്തില്‍ 252 റണ്‍സടിച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഇന്ത്യന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിച്ച് ആറിന് 86 എന്ന നിലയിലാണ് ആദ്യ ദിനം കളിയവസാനിപ്പിച്ചത്.
മൂന്നു വിക്കറ്റുമായി ജസ് പ്രീത് ബുംറയും രണ്ടു വിക്കറ്റോടെ മുഹമ്മദ് ഷമിയും ചേര്‍ന്ന പേസാക്രമണമാണ് ലങ്കയുടെ നടുവൊടിച്ചത്. ഒരു വിക്കറ്റ് ഇടംകൈയ്യന്‍ സ്പിന്നര്‍ അക്സര്‍ പട്ടേലിനാണ്. 43 റണ്‍സടിച്ച വെറ്ററന്‍ താരം എയ്ഞ്ചലോ മാത്യൂസ് മാത്രമാണ് ലങ്കന്‍ നിരയില്‍ പിടിച്ചുനിന്നത്. നായകന് ദിമുത് കരുണരത്നെ (4), കുശാല്‍ മെന്‍ഡിസ് (2), ലാഹിരു തിരിമന്നെ (8), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലങ്ക (5) എന്നിവരാണ് പുറത്തായ മറ്റു ബാറ്റര്‍മാര്‍. നിരോഷന്‍ ഡിക് വെല്ലയും (13) ലസിത് എംബുല്‍ഡെനിയയും (0) ആണ് ക്രീസില്‍.
ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ശ്രേയസ് മാത്രമാണ് ലങ്കന്‍ സ്പിന്നര്‍മാര്‍ക്കെതിരെ നന്നായി കളിച്ചത്. 98 പന്തില്‍ നാലു സിക്സും 10 ഫോറുമായി തകര്‍ത്തുകളിച്ച ശ്രേയസ് ഏറ്റവും അവസാനമാണ് പുറത്തായത്. ഋഷഭ് പന്ത് (26 പന്തില്‍ 39) പതിവുശൈലിയില്‍ ആക്രമിച്ചുകളിച്ചെങ്കിലും അധികം ആയുസ്സുണ്ടായില്ല. ഏറക്കാലത്തിനുശേഷമുള്ള ടെസ്റ്റ് സെഞ്ച്വറിക്കായുള്ള വിരാട് കോഹ്ലിയുടെ (23) മോഹം നല്ല തുടക്കത്തിനുശേഷം ഒരിക്കല്‍ കൂടി പൊലിഞ്ഞു.
നായകന് രോഹിത് ശര്‍മ (15), മായങ്ക് അഗര്‍വാള്‍ (4), ഹനുമ വിഹാരി (31), രവീന്ദ്ര ജദേജ (4), രവിചന്ദ്രന്‍ അശ്വിന് (13), അക്സര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (5) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോര്‍. ഇന്ത്യയുടെ ഒമ്ബത് വിക്കറ്റും വീഴ്ത്തിയത് സ്പിന്നര്‍മാരാണ്. എംബുല്‍ഡെനിയയും പ്രവീണ്‍ വിക്രമസിംഗെയും മൂന്നു വീതവും ധനഞ്ജയ ഡിസില്‍വ രണ്ടു വിക്കറ്റും വീഴ്ത്തി. ഒരു വിക്കറ്റ് പേസര്‍ സുരങ്ക ലക്മലിനാണ്.
https://www.facebook.com/Malayalivartha























