'സഞ്ജുവിന്റേയും പടിക്കലിന്റേയും ആറാട്ട്'; രാജസ്ഥാന്‍ റോയല്‍സിന് വമ്പൻ ജയം; സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത് 61റണ്‍സിന്

സണ്‍റൈസേഴ്സ് ഹൈദരാബാദിനെ 61റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും ബാറ്റിംഗ് മികവില്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്ണെടുത്തു.
മറുപടി ബാറ്റിംഗില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് എടുക്കാനെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് സാധിച്ചുള്ളു. ഇത് ആദ്യമായാണ് ഇക്കൊല്ലത്തെ ഐ പി എല്ലില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം വിജയിക്കുന്നത്. ഇതിനാല്‍ തന്നെയാകണം ടോസ് നേടിയ ഹൈദരാബാദ് ക്യാപ്ടന്‍ കെയ്ന്‍ വില്ല്യംസണ്‍ രാജസ്ഥാനെ ബാറ്റിംഗിന് അയച്ചത്. എന്നാല്‍ മുംബയിലെ പിച്ചില്‍ നിന്ന് വ്യത്യസ്ഥമായി ബാറ്റിസ്മാന്മാരെ കുറച്ചു കൂടുതല്‍ തുണയ്ക്കുന്ന പിച്ചായിരുന്നു പൂനെയിലേത്. അവസരം പരമാവധി മുതലെടുത്ത രാജസ്ഥാന്‍ താരങ്ങള്‍ തുടക്കം മുതല്‍ ആക്രമിച്ചാണ് കളിച്ചത്. ഓപ്പണര്‍മാരായ ജോസ് ബട്ടലറും (28 പന്തില്‍ 35) യശ്വസ്‌വി ജയിസ്‌വാളും (16 പന്തില്‍ 20) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇരുവരും പുറത്തായതിന് ശേഷം മൂന്നാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും പ്രകടനമാണ് രാജസ്ഥാന് നിര്‍ണായകമായത്. 27 പന്തില്‍ 55 റണ്‍സെടുത്ത സഞ്ജുവും 29 പന്തില്‍ 41 റണ്‍സെടുത്ത് ദേവ്ദത്തും ചേര്‍ന്ന് രാജസ്ഥാനെ മികച്ച മിലയില്‍ എത്തിച്ചു. അവസാന ഓവറുകളില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രോണ്‍ ഹെറ്റ്മയര്‍ (13 പന്തില്‍ 32) ആക്രമിച്ചതോടെ രാജസ്ഥാന്‍ കൂറ്രന്‍ സ്കോറില്‍ എത്തുകയായിരുന്നു.
മറുപടി ബാറ്റിംഗില്‍ തുടക്കം തന്നെ സണ്‍റൈസേഴ്സിന് പിഴച്ചു. രണ്ടാം ഓവറില്‍ തന്നെ ക്യാപ്ടന്‍ കെയ്ന്‍ വില്ല്യംസണിനെ പ്രസീദ് കൃഷ്ണ പുറത്താക്കിയതോടെ ഹൈദരാബാദിന്റെ താളം പിഴച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടുകൊണ്ടിരുന്ന ഹൈദരാബാദ് ഒരവസരത്തില്‍ 10 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 37 എന്ന അവസ്ഥയിലായിരുന്നു. ഇന്നിംഗ്സിന്റെ അവസാനം എയിഡന്‍ മാര്‍ക്ക്റാം (41 പന്തില്‍ 57) റൊമാരിയോ ഷെപ്പേര്‍ഡ് (18 പന്തില്‍ 24), വാഷിംഗ്ടണ്‍ സുന്ദര്‍ (14 പന്തില്‍ 40) എന്നിവരോടൊപ്പം നടത്തിയ പ്രത്യാക്രമണമാണ് സണ്‍റൈസേഴ്സിന് മാന്യമായ സ്കോര്‍ നേടിക്കൊടുത്തത്. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചഹാല്‍ മൂന്ന് വിക്കറ്റുകളും ട്രംന്‍ഡ് ബൗള്‍ട്ട്, പ്രസീദ് കൃഷ്ണ എന്നിവര്‍ രണ്ട് വിക്കറ്റുംകളും വീഴ്ത്തി.
https://www.facebook.com/Malayalivartha























