ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി നെതര്‍ലന്‍ഡ്‌സിനെ

ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മുന്നോടിയായി കാര്യവട്ടത്ത് പരിശീലനത്തിനെത്തുന്ന ഇന്ത്യന്‍ ടീമിന് ഏറ്റുമുട്ടാന്‍ ഐ.സി.സി നല്‍കിയത് നെതര്‍ലന്‍ഡ്‌സിനെ.
ഒക്ടോബര്‍ മൂന്നിനാണ് രോഹിത് ശര്‍മയും സംഘവും വിശ്വകീരിടമെന്ന സ്വപ്നവുമായി ഓറഞ്ച് പടക്കെതിരെ പരിശീലനമത്സരത്തിനിറങ്ങുക. ശ്രീലങ്കക്കൊപ്പം പത്താം സ്ഥാനക്കാരായി യോഗ്യതാറൗണ്ട് താണ്ടിയ ഡച്ച് പടയുടെ അഞ്ചാം ലോകകപ്പ് പോരാട്ടംകൂടിയാണ് ഇത്തവണത്തേത്.
നിലവില്‍ ഇന്ത്യക്കും നെതര്‍ലന്‍ഡ്‌സിനും പുറമെ ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്താന്‍, ന്യൂസിലന്‍ഡ് ടീമുകളാണ് കാര്യവട്ടത്ത് കളിക്കാനിറങ്ങുക. സെപ്റ്റംബര്‍ 29ന് അഫ്ഗാനിസ്ഥാന്‍ സൗത്ത് ആഫ്രിക്ക പോരാട്ടത്തിനാകും സ്‌പോര്‍ട്‌സ് ഹബ്ബ് ആദ്യം വേദിയാകുക. തൊട്ടടുത്ത ദിവസം ആസ്‌ട്രേലിയ ന്യൂസിലന്‍ഡുമായി കൊമ്പുകോര്‍ക്കും. തുടര്‍ന്ന് ഒക്ടോബര്‍ രണ്ടിന് ദക്ഷിണാഫ്രിക്ക നെതര്‍ലന്‍ഡ്‌സിനെ നേരിടും. ടീമുകളുടെ യാത്രാ സൗകര്യം നോക്കി പരിശീലന മത്സരങ്ങളില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും കെ.സി.എ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം സന്നാഹ മത്സരങ്ങളോടനുബന്ധിച്ച് കാര്യവട്ടം സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ കെ.സി.എയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. താരങ്ങളുടെ ഡ്രെസിങ് റൂമുകളുടെയും സ്റ്റേഡിയത്തിലെ കസേരകളുടെയുമൊക്കെ പണികളാണ് അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.
സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഐ.സി.സിയുടെയും ബി.സി.സി.ഐയുടെയും നേതൃത്വത്തിലുള്ള 25 അംഗ സംഘം വ്യാഴാഴ്ച സ്റ്റേഡിയം സന്ദര്‍ശിച്ചു. ബ്രോഡ്കാസ്റ്റിങ്, ഹോസ്പിറ്റാലിറ്റി സംഘമാണ് എത്തിയത്.
"
https://www.facebook.com/Malayalivartha