മുടിയഴകിന് ഇതാ നാടന്‍ കൂട്ടുകള്‍

ദിവസേന ഓഫീസിലേയ്‌ക്കുളള യാത്ര തിരക്കിട്ട ജോലി. ഇതിനിടയില്‍ തലമുടിയുടെ സൗന്ദര്യം നോക്കുന്നത് പോയിട്ട് മുടി ഭംഗിയായി കെട്ടിവയ്‌ക്കാന്‍ കൂടി കഴിയാറില്ല. തലമുടി വൃത്തിയായി സൂക്ഷിക്കാന്‍ വിചാരിക്കുന്നതുപോലെ അത്ര സമയമൊന്നും വേണ്ട. വീട്ടിലെ മറ്റു ജോലികള്‍ ചെയ്യുന്നതിനിടയില്‍ മുടി സംരക്ഷണവും ആകാം. തലയില്‍ എണ്ണ നന്നായി തേച്ചുപിടിപ്പിച്ച ശേഷം എന്തു ജോലിയും ചെയ്യാമല്ലോ.
മുടികൊഴിച്ചില്‍, താരന്‍, ചൊറിച്ചില്‍, എന്നിവയകറ്റി മുടിക്ക് തിളക്കവും ആരോഗ്യവും നല്‍കാന്‍ ചില പൊടികൈകള്‍ പരീക്ഷിക്കാവുന്നതേയുളളൂ. ഏതെങ്കിലും ആയുര്‍വേദ എണ്ണ മുടിയിലും തലയോട്ടിയിലും നന്നായി പുരട്ടി മസാജ് ചെയ്യുക. ശേഷം നല്ല തിളച്ച വെളളത്തില്‍ മുക്കിയ ടര്‍ക്കിടവല്‍ ഉപയോഗിച്ച് മുടി നന്നായി കെട്ടിവയ്‌ക്കാം. മുടിയില്‍ നേരിട്ട് ആവി കൊളളിക്കരുത്. മുടിയിലെ താരന്‍ അകറ്റാന്‍ ഈ ബോട്ട് ട്രീറ്റമെന്റ് ഗുണം ചെയ്യും. ഹോട്ട് ട്രീറ്റ്‌മെന്റിനുശേഷം മുടിയില്‍ പായ്‌ക്കിടാം.
ആഴ്‌ചയിലൊരിക്കല്‍ താളി ഉപയോഗിക്കുന്നത് തലമുടിയുടെ അഴുക്ക് നീക്കം ചെയ്യാന്‍ മാത്രമല്ല തിളക്കം കൂട്ടാനും നല്ലതാണ്. ചെമ്പരത്തിയില, ചെമ്പരത്തിപ്പൂവ്, കറ്റാര്‍വാഴപ്പോള എന്നിവ അരച്ച് പിഴിഞ്ഞെടുക്കുക. താളി പാകത്തിനു വെളളത്തില്‍ കലക്കി മുടിയില്‍ തേക്കാം. ശേഷം ചെറുപയറുപൊടിയിട്ടു കഴുകാം.
മുടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന തരം വെളിച്ചണ്ണ ആഴ്‌ചയില്‍ ഒരു തവണ പുരട്ടുന്നത് നന്ന്. നെല്ലിക്ക, താന്നിക്ക, മൈലാഞ്ചി, ചെമ്പരത്തിയില, തെച്ചിപ്പൂവ് എന്നിവ വെളിച്ചണ്ണയില്‍ കാച്ചി കേയ്‌ക്കുന്നത് മുടി വളരാന്‍ സഹായിക്കും. ആഴ്‌ചയിലൊരിക്കല്‍ ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെളളത്തില്‍ തല കഴുകുന്നത് താരന്‍ അകറ്റും. മുടി കൂടുതല്‍ വരണ്ടിരിക്കുന്നുവെന്നു തോന്നിയാല്‍ ദിവസവും എണ്ണ തേച്ചു കുളിക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha