വേനല്‍ ചൂടിലും സൗന്ദര്യം തിളങ്ങാന്‍ ഇതാ പല മാര്‍ഗ്ഗങ്ങളും

വേനല്‍ച്ചൂട് കുടത്തതോടെ സൗന്ദര്യം മങ്ങുന്നുവെന്നാണ് പെണ്‍കുട്ടികളുടെ പരാതി കെടും വേനലിലും സുന്ദരിയാവാന്‍ ചില എളുപ്പവഴികളിതാ
* ഒരു കപ്പ് ഓട്‌സ്, ഗ്രീന്‍പീസ് എന്നിവ പൊടിച്ചെടുത്തു സൂക്ഷിച്ചു വയ്‌ക്കുക. ഇതില്‍ നിന്നു മൂന്നോ നാലോ സ്‌പൂണ്‍ വീതമെടുത്ത് ഒരു മുട്ടയുടെ വെള്ള, ഓരോ വലിയ സ്‌പൂണ്‍ വീതം തൈര്, തേന്‍ എന്നിവ ചേര്‍ത്തു മുഖത്തും കഴുത്തിലും പുരട്ടുക. തുടര്‍ച്ചയായി ഒരാഴ്‌ച ഈ കൂട്ട് പുരട്ടിയാല്‍ കരുവാളിപ്പ് അകന്നു ചര്‍മം സുന്ദരമാവും.
* കാബേജിന്റെ മൂന്ന് ഇല, ഒരു കഷണം കാരറ്റ് എന്നിവ ഗ്രേറ്റ് ചെയ്‌തെടുക്കുക. ഇതില്‍ ഒരു കഷണം സാലഡ് വെള്ളരി, ഒരു കഷണം തക്കാളി എന്നിവ ചേര്‍ത്തു മിക്‌സിയില്‍ അടിച്ചെടുക്കണം. ഇതില്‍ നാരങ്ങാനീര്, ഓറഞ്ച് നീര്, തേന്‍ എന്നിവ ചേര്‍ക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടി ഇരുപതു മിനിറ്റിനു ശേഷം കഴുകിക്കളയുക.
* മുടിയുടെ കാര്യത്തില്‍ വേനല്‍ക്കാലത്തു പ്രത്യേക ശ്രദ്ധ വേണം. വിയര്‍പ്പും പൊടിയും അടിഞ്ഞു മുടിയില്‍ താരനും മുടി കൊഴിച്ചിലും ഉണ്ടാവാന്‍ സാധ്യതയുണ്ട്. ആഴ്‌ചയിലൊരിക്കല്‍ ഇളം ചൂടുള്ള എണ്ണ തേച്ച ശേഷം ഒരു ഹെയര്‍പായ്‌ക്ക് ഇടുന്നതു മുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സൗന്ദര്യം വര്‍ധിപ്പിക്കാനും ഉത്തമമാണ്. ഒരു വലിയ സ്‌പൂണ്‍ ഉലുവ അരച്ചതില്‍ ഒരു കോഴിമുട്ട, അരക്കപ്പ് തൈര് എന്നിവ ചേര്‍ത്തു മിശ്രിതമാക്കി തലയിലും മുടിയിലും പുരട്ടുക. അര മണിക്കൂര്‍ കഴിഞ്ഞു താളിയോ പയറ് പൊടിയോ ഉപയോഗിച്ചു കഴുകിക്കളയാം. ആഴ്‌ചയിലൊരിക്കല്‍ ഇതു ചെയ്യണം.
* അറ്റം പിളര്‍ന്നതു തടയാന്‍ രണ്ട് മാസത്തിലൊരിക്കല്‍ മുടിയുടെ അറ്റം വെട്ടണം. എല്ലാ ദിവസവും മുടി ചീകുന്നതു നല്ലതാണ്. ഇതു തലയോട്ടിയിലെ രക്‌തയോട്ടം വര്‍ധിക്കാന്‍ സഹായിക്കും. ഹാന്‍ഡ് മെയ്‌ഡ് ചീപ്പ് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. അകലമുള്ള പല്ലുള്ള ചീപ്പ് ഉപയോഗിച്ചു വേണം മുടി ചീവേണ്ടത്.
* ഒരു മുട്ടയില്‍ ഒന്നോ രണ്ടോ ചെറിയ സ്‌പൂണ്‍ ഒലീവെണ്ണ ചേര്‍ത്തു ശിരോചര്‍മത്തിലും മുടിയിലും ആഴ്‌ചയിലൊരിക്കല്‍ തേച്ചു പിടിപ്പിക്കുക. ഇരുപതു മിനിറ്റ് കഴിഞ്ഞു താളിപ്പൊടിയോ പയറുപൊടിയോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കുക. ഇതു മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
സണ്‍സ്‌ക്രീന്‍ പുരട്ടുമ്പോള്‍
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
പുറത്തിറങ്ങുന്നതിന് ഇരുപതു മിനിറ്റ് മുമ്പുവേണം സണ്‍സ്‌ക്രീന്‍ ലോഷനോ ക്രീമോ പുരട്ടേണ്ടത്. ഒരു മുത്തിന്റെ വലുപ്പത്തില്‍ സണ്‍സ്‌ക്രീന്‍ എടുത്താല്‍ മതിയാകും. മുഖത്ത് ചെറിയ ഡോട്ടുകളായി ഇട്ട ശേഷം വിരല്‍ കൊണ്ടു പരത്തി ചെറുതായി അടിച്ചു മുഖത്ത് ഉറപ്പിക്കണം. എണ്ണമയമുള്ള ചര്‍മക്കാര്‍ ജെല്‍ രൂപത്തിലുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതാണു നല്ലത്.
https://www.facebook.com/Malayalivartha