സുന്ദരമായ മുടിക്ക്

അശാസ്‌ത്രീയമായ പരിചരണം, രാസപദാര്‍ഥങ്ങളുടെ ഉപയോഗം, പോഷകക്കുറവ്. മുടിപൊഴിച്ചിലിനും മുടിയുടെ സൗന്ദര്യം നഷ്‌ടപ്പെടുന്നതിനും കാരണങ്ങളേറെ. പാര്‍ശ്വഫലങ്ങളെ പേടിക്കാതെ മുടിയഴക് സ്വന്തമാക്കാന്‍ ഇതാ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന സൗന്ദര്യക്കൂട്ടുകള്‍.
മുടിപൊഴിച്ചിലിനു ഹെയര്‍ പായ്‌ക്ക്
ഒരു സ്‌പൂണ്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വയ്‌ക്കുക. പിറ്റേദിവസം ഈ ഉലുവ അരച്ചെടുക്കണം. ആദ്യം ശിരോചര്‍മം നന്നായി മസാജ് ചെയ്യുക. ഇതിനുശേഷം ഉലുവ അരച്ചതില്‍ ഒരു മുട്ട, രണ്ട് ചെറിയ സ്‌പൂണ്‍ നെല്ലിക്കാപ്പൊടി, ഒരു സ്‌പൂണ്‍ ചെമ്പരത്തി താളിപ്പൊടി (പകരം അഞ്ച് ഇതളുള്ള ചെമ്പരത്തി അരച്ചതായാല്‍ ഉത്തമം) എന്നിവ ചേര്‍ത്തു മിശ്രിതമാക്കി തലയില്‍ തേയ്‌ക്കുക. സ്‌റ്റീം കൊടുത്ത ശേഷം നന്നായി മസാജ് ചെയ്യുക. ഇനി ഒരു ഷവര്‍ ക്യാപ്പോ ടവ്വലോ കൊണ്ടു തല പൊതിയുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഏതെങ്കിലും മൈല്‍ഡ് ഷാംപൂ കൊണ്ടു കഴുകി വൃത്തിയാക്കണം. നീരിറക്കമുണ്ടാകുന്നവര്‍ അര മണിക്കൂറിനു ശേഷം കഴുകിക്കളയണം.
പോഷകങ്ങളടങ്ങിയ പായ്‌ക്ക്
ഒരു പാത്രം ചൂടാക്കി അതില്‍ വെളിച്ചെണ്ണ എടുക്കുക. മുടി ചെറിയ ഭാഗങ്ങളായി വകഞ്ഞെടുത്ത് ഓരോ ഭാഗത്തെയും ശിരോചര്‍മത്തില്‍ ഇളംചൂടുള്ള ഈ എണ്ണ പുരട്ടുക. അരക്കപ്പ് തേങ്ങാപ്പാലില്‍ ഒരു നാരങ്ങയുടെ നീരും ഒരു മുട്ടയുടെ വെള്ളയും ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ നന്നായി തേച്ചു പിടിപ്പിക്കണം. ഇതു ചെമ്പരത്തിത്താളിയോ ചീവയ്‌ക്കാപ്പൊടിയോ ഉപയോഗിച്ചു വേണം കഴുകിക്കളയേണ്ടത്. ഈ പായ്‌ക്ക് ഇടുന്ന ദിവസം ഷാംപൂ ഉപയോഗിക്കരുത്. പായ്‌ക്കില്‍ അടങ്ങിയ പോഷകങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സാവകാശം നല്‍കുന്നതിനു വേണ്ടിയാണിത്.
* ഒരു ടീസ്‌പൂണ്‍ മുട്ടയുടെ വെള്ളത്തില്‍ ഒരു ടീസ്‌പൂണ്‍ നാരങ്ങാനീര് ചേര്‍ത്തു ശിരോചര്‍മത്തിലും മുടിയിലും നന്നായി തേച്ചു പിടിപ്പിയ്‌ക്കുക. അരമണിക്കൂര്‍ കഴിഞ്ഞു നെല്ലിക്കയടങ്ങിയ ഷാംപൂവോ താളിപ്പൊടിയോ ഉപയോഗിച്ചു കഴുകിക്കളയുക.
* രണ്ടു മുട്ടയുടെ മഞ്ഞ, ഒരു ചെറിയ സ്‌പൂണ്‍ വെളിച്ചെണ്ണ ഇവ ചേര്‍ത്തു തലയില്‍ പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞു താളിപ്പൊടിയോ ഷാംപൂവോ ഉപയോഗിച്ചു കഴുകി വൃത്തിയാക്കണം.
മുടിക്കായ അകറ്റാം
മുടിയിലെ കായ അകറ്റുന്നതിനു പരിഹാരമുണ്ടോ?
പത്ത് അല്ലി വെളുത്തുള്ളി അരച്ചതില്‍ മൂന്നു സ്‌പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്തു കുറച്ചു നേരം വെയിലത്തു വയ്‌ക്കുക. ഈ എണ്ണ വെയിലേറ്റു ചൂടായ ശേഷം ശിരോചര്‍മത്തിലും തലമുടിയിലും നന്നായി തേച്ചു പിടിപ്പിക്കുക. അരമണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക. നനഞ്ഞ മുടി കെട്ടിവയ്‌ക്കുന്നതാണു മുടിക്കായ ഉണ്ടാകാനുള്ള കാരണം. ഇത് ഒഴിവാക്കുക. സ്വാഭാവികമായി മുടി ഉണങ്ങിയ ശേഷം കെട്ടിവയ്‌ക്കുന്നതാണു നല്ലത്.
https://www.facebook.com/Malayalivartha