കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കെടിഎമ്മിലെ മുഖ്യ ആകര്‍ഷണം...

കലാസംസ്‌കാരത്തിന്റെ നാടായി കേരളത്തെ അടയാളപ്പെടുത്തുന്ന ടൂറിസം പവലിയന്‍ കേരള ട്രാവല്‍ മാര്‍ട്ടിലെ (കെടിഎം-2026) പ്രധാന ആകര്‍ഷണമാകുന്നു. 'ദി മാജിക്കല്‍ എവരിബഡി' എന്ന പ്രമേയത്തില്‍ കേരളത്തിന്റെ സമ്പന്നമായ കലാ പാരമ്പര്യത്തെയും സംസ്‌കാരത്തെയും തെയ്യക്കോലത്തിലൂടെ ചിത്രീകരിക്കുന്നതാണ് കെടിഎം എക്‌സ്‌പോയിലെ കേരള ടൂറിസം പവലിയന്‍. കെടിഎമ്മിലെത്തുന്ന വിദേശ, ഇതര സംസ്ഥാന ബയേഴ്‌സിനെയും ആഭ്യന്തര പ്രതിനിധികളെയും ഒരുപോലെ ആകര്‍ഷിക്കുന്നതാണിത്. എക്‌സ്‌പോ ഉദ്ഘാടനത്തിനെത്തിയ ടൂറിസം മന്ത്രി പി.സി വിഷ്ണുനാഥ് പവലിയന്‍ സന്ദര്‍ശിക്കുകയും നിര്‍മ്മാണത്തെ അഭിനന്ദിക്കുകയും ചെയ്തു. കേരള ടൂറിസത്തിന്റെ ഉല്‍പന്നങ്ങളില്‍ സാംസ്‌കാരിക ടൂറിസത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പവലിയന്‍ തയ്യാറാക്കിയിട്ടുള്ളത്. 'ദി മാജിക്കല്‍ എവരിബഡി' എന്ന ആശയത്തിലുള്ള പവലിയനിലൂടെ സംസ്ഥാനത്തെ തനത് കലകളും സാംസ്‌കാരികമായ സവിശേഷതകളും നേരിട്ടറിയാന്‍ വിനോദസഞ്ചാരികളെ ക്ഷണിക്കുന്നു.
കേരളീയ കലാരൂപങ്ങളും സംസ്‌കാരവും അറിയാന്‍ താല്‍പര്യപ്പെടുന്ന വിദേശ, ആഭ്യന്തര സഞ്ചാരികള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുന്നതായിരിക്കുമെന്നും ഈ പവലിയനെന്ന് ടൂറിസം വകുപ്പ് വിലയിരുത്തുന്നു. കേരളീയ കലകള്‍ ആസ്വദിക്കാന്‍ സഞ്ചാരികളെ ക്ഷണിക്കുന്നതിലൂടെ അനുഭവവേദ്യ ടൂറിസത്തിന് സംസ്ഥാനം നല്‍കുന്ന പ്രാധാന്യത്തിനും അടിവരയിടുന്നു. വടക്കന്‍ മലബാറിലെ അനുഷ്ഠാന കലാരൂപമായ തെയ്യത്തിന്റെ ചിത്രീകകരണം മലബാര്‍ മേഖലയിലെ ടൂറിസം പ്രോത്സാഹനവും ലക്ഷ്യമിടുന്നു.
40 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് പവലിയന്‍ ഒരുക്കിയിട്ടുള്ളത്. കണ്ടനാര്‍ കേളന്‍ എന്ന തെയ്യക്കോലത്തിന്റെ പൂര്‍ണകായ രൂപമാണ് തയ്യാറാക്കിയിട്ടുള്ളത്. 11 അടി ഉയരത്തിലും 6 അടി വീതിയിലുമാണിത്. പ്രധാനമായും കാസര്‍കോട്, പയ്യന്നൂര്‍, തളിപ്പറമ്പ് ഭാഗങ്ങളില്‍ കെട്ടിയാടുന്നതാണ് കണ്ടനാര്‍ കേളന്‍ തെയ്യം. അഗ്‌നിപ്രവേശനമാണ് ഇതിലെ പ്രധാന ചടങ്ങുകളിലൊന്ന്. ഇതിനെ പ്രതിനിധീകരിക്കുന്നതിനായി തെയ്യത്തിനു സമീപം കൃത്രിമ കനല്‍ക്കൂനയും തയ്യാറാക്കിട്ടുണ്ട്. രാത്രിയില്‍ നടക്കുന്ന ചടങ്ങുകളെ സൂചിപ്പിക്കാന്‍ തെയ്യക്കോലത്തിനു ചുറ്റും കുത്തിനിര്‍ത്തിയ നാലു തീപ്പന്തങ്ങളും കാണാം. കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ അഗ്നിപ്രവേശ ചടങ്ങിന്റെ കൂറ്റന്‍ ചിത്രമാണ് പവലിയന്റെ പശ്ചാത്തലത്തിലുള്ളത്. തെയ്യത്തിന്റെ ആചാരപ്പെരുമയും സവിശേഷതകളും വിശദമാക്കുന്ന വീഡിയോ പ്രദര്‍ശനവും സജ്ജമാക്കിയിട്ടുണ്ട്.
രാജ്യത്തെ മുന്‍നിര ടൂറിസം-വാണിജ്യ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ പതിമൂന്നാം പതിപ്പിന്റെ ഭാഗമായി കൊച്ചി വെല്ലിംഗ്ടണ്‍ ഐലന്റിലെ സാഗര, സാമുദ്രിക കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്‌സ്‌പോ സംഘടിപ്പിച്ചിട്ടുള്ളത്. ടൂറിസം സംരംഭകരുടെ 383 സെല്ലര്‍ സ്റ്റാളുകളും കേരളം, തമിഴ്‌നാട്, ഇന്ത്യ ടൂറിസം തുടങ്ങി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ 25 സ്റ്റാളുകളും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 27 വരെയാണ് കെടിഎം നടക്കുന്നത്.
https://www.facebook.com/Malayalivartha























