തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും...കത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യം....സംസ്ഥാന ആരോഗ്യ മന്ത്രി ആവശ്യം തള്ളിയെങ്കിലും കേന്ദ്ര സർക്കാർ പൂർണമായി വിശ്വസിക്കുന്നില്ല.... ശിരോവസ്ത്രത്തിന് പിന്നിൽ കേരളത്തിൻ്റെ പിന്തുണയുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്....

റേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 7 വിദ്യാര്‍ഥികൾ നൽകിയ കത്തിനെ കുറിച്ച് കേന്ദ്ര സർക്കാർ പ്രാഥമികാന്വേഷണം തുടങ്ങിയതായി റിപ്പോർട്ട്.കത്തിന് പിന്നിലെ വ്യക്തിയെ കണ്ടെത്തുകയാണ് കേന്ദ്ര ഏജൻസികളുടെ പ്രധാന ലക്ഷ്യം. ഇത്തരം ഒരാവശ്യത്തിന് പിന്നിൽ ചില മെഡിക്കൽ വിദ്യാർത്ഥികൾ മാത്രമാണെന്ന് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നില്ല. ഇക്കാര്യം കേന്ദ്ര സർക്കാർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.സംസ്ഥാന ആരോഗ്യ മന്ത്രി ആവശ്യം തള്ളിയെങ്കിലും കേന്ദ്ര സർക്കാർ പൂർണമായി വിശ്വസിക്കുന്നില്ല. ശിരോവസ്ത്രത്തിന് പിന്നിൽ കേരളത്തിൻ്റെ പിന്തുണയുണ്ടോ എന്നും കേന്ദ്രം പരിശോധിക്കുന്നുണ്ട്.
മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്ത് പുറത്തായതിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതിയുമായി വിദ്യാര്‍ത്ഥി യൂണിയൻ എത്തിയതും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. കത്ത് അലക്ഷ്യമായി കൈകാര്യം ചെയ്തെന്നാണ് പരാതി. കത്ത് പുറത്ത് പോയതും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ ഇടയായതും അന്വേഷിക്കണം. ഇതിന് പിന്നിൽ ആരെന്ന് കണ്ടെത്തണമെന്നും വിദ്യാര്‍ഥി യൂണിയൻ പരാതിയിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസമാണ് ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന് ആശ്യപ്പെട്ട് ഒരു കൂട്ടം എംബിബി എസ് വിദ്യാർത്ഥികൾ നൽകിയ കത്ത് പുറത്ത് വന്നത്. 2020 എംബിബിഎസ് ബാച്ചിലെ വിദ്യാർഥിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ലിനറ്റ് ജെ.മോറിസിന് കത്ത് നൽകിയത്. കത്തിൽ 2018, 2021, 2022 ബാച്ചിലെ 7 വിദ്യാർഥിനികളുടെ ഒപ്പുകളുണ്ട്.
എന്നാൽ ഓപ്പറേഷൻ തീയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബി എസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി. തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സ്ക്രബ് ജാക്കറ്റുകളാണ് ഡോക്ടര്‍മാര്‍ ഓപ്പറേഷൻ തിയറ്ററുകളിൽ ധരിക്കുന്നത്. രോഗിയെ പരിചരിക്കുമ്പോൾ കൈകൾ ഇടക്കിടെ വൃത്തിയാക്കാനുള്ള സൗകര്യം കൂടി കണക്കിലെടുത്താണ് മുട്ടിന് മുകളിൽ കയ്യിറക്കമുള്ള ജാക്കറ്റുകളുടെ രൂപകൽപ്പന. ഇത് മാറ്റി കയ്യിറക്കമുള്ള സ്ക്രബ് ജാക്കറ്റുകൾ വേണമെന്നും ശിരസുമൂടുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നുമാണ് ഏഴ് എംബിബിഎസ് വിദ്യാര്‍ത്ഥിനികൾ ഒപ്പിട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തിൽ ആവശ്യപ്പെടുന്നത്. അന്താരാഷ്ട്ര മാനദണ്ഡ പ്രകാരം ഓപ്പറേഷൻ തിയറ്ററിൽ രോഗിയുടെ സുരക്ഷ മുൻനിര്‍ത്തി ഉപയോഗിക്കുന്ന സ്ക്രബ് ജാക്കറ്റുകൾ ഒറ്റയടിക്ക് മാറ്റാൻ കഴിയില്ലെന്ന നിലപാട് പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. അണുബാധ ഒഴിവാക്കേണ്ട സാഹചര്യവും രോഗിയുടെ സുരക്ഷയും കൂടി കണക്കിലെടുത്ത് വിദഗ്ധ സമിതി അഭിപ്രായം വൈകാതെ അറിയിക്കാമെന്നാണ് വിദ്യാര്‍ത്ഥികൾക്ക് നൽകിയ മറുപടി.
മെഡിക്കൽ കോളേജാശുപത്രിയിലെ വിവിധ വകുപ്പ് മേധാവികൾ യോഗം ചേരും. ഒപ്പം മെഡിക്കൽ മേഖലയിലെ വിദഗ്ധരുമായി ആലോചിച്ചാകും അന്തിമ നിലപാട് സ്വീകരിക്കുക. മതാചാരത്തെ ഓപ്പറേഷൻ തിയറ്റര്‍ പ്രോട്ടോകോളുമായി കൂട്ടിക്കുഴയ്ക്കുന്നതിലുള്ള വിയോജിപ്പ് ആരോഗ്യ വിദഗ്ധരും അറിയിച്ചിട്ടുണ്ട്. ജൂണ്‍ 26നാണ് വിവിധ ബാച്ചുകളിലെ വിദ്യാര്‍ഥികളുടെ ഒപ്പുകളടങ്ങിയ കത്ത് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന് ലഭിച്ചത്. ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല, മതവിശ്വാസമനുസരിച്ച് മുസ്ലീം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങള്‍ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്, ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നായിരുന്നു വിദ്യാര്‍ഥിനികളുടെ ആവശ്യം. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഐഎംഎ നിലപാട് വ്യക്തമാക്കിയത്.
ഓപ്പറേഷൻ തീയറ്ററിനുള്ളിൽ ചെയ്യേണ്ടുന്ന കാര്യങ്ങളിൽ കൃത്യമായ ധാരണകളുണ്ട്. കൈമുട്ട് മുതൽ താഴേക്ക് ഇടക്കിടെ കൈ കഴുകേണ്ട സാഹചര്യം ഓപ്പറേഷൻ റൂമുകളിൽ സാധാരണമാണ്. ഇക്കാര്യം വിദ്യാര്‍ഥികളോട് പറഞ്ഞിട്ടുണ്ട്. അത് അവര്‍ക്ക് മനസിലായിട്ടുമുണ്ട്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട ധാരണകളാണ് തങ്ങളും പിന്തുടരുന്നത്. കത്തിന്‍റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ ആവശ്യം ഒരു കമ്മിറ്റി വിളിച്ച് കൂട്ടി പരിശോധിക്കാനാണ് തീരുമാനം. ഇക്കാര്യം വിദ്യാർഥികളെ അറിയിച്ചിട്ടുണ്ട് എന്നും പ്രിൻസിപ്പിൽ വ്യക്തമാക്കി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലിം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. എന്നാല്‍ ലോകത്തിന്‍റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും ഞങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയില്‍ ഈ പ്രശ്നം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള സമുദായത്തിൻ്റെ കടന്നുകയറ്റം ഞെട്ടലോടെയാണ് കേന്ദ്ര സർക്കാർ മനസിലാക്കിയത്. ഇത്തരത്തിലുള്ള പ്രവണതകൾ കേരളത്തിലാണ് പതിവെന്നും കേന്ദ്ര സർക്കാർ കരുതുന്നു. കേരളം ഒരു ഹോട്ട് സ്പോട്ട് ആണെന്ന വെളിപ്പെടുത്തൽ കേന്ദ്ര സർക്കാർ പലവട്ടം നടത്തിയിട്ടുണ്ട്. തീവണ്ടി കത്തിക്കുന്നത് ഉൾപെടെയുള്ള കേസുകൾ കേരളത്തിൽ തുടർക്കഥയാവുന്ന സാഹചര്യത്തിലാണ് ശിരോവസ്ത്ര വിവാദം കേന്ദ്രം അന്വേഷിക്കുന്നത്. കേരള സർക്കാർ ഇക്കാര്യത്തിൽ ഡബിൾ പ്ലേ നടത്താൻ സാധ്യതയുണ്ടെന്നും കേന്ദ്രം കരുതുന്നു. കാരണം പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കേരള സർക്കാർ പരിശീലനം നൽകിയിരുന്നത് വാർത്തയായി മാറിയിരുന്നു.. സർക്കാർ അറിയാതെയാണ് പരിശീലനം നൽകിയതെന്ന് തെറ്റിദ്ധരിക്കരുത്. സർക്കാരിൻ്റെ അറിവും സമ്മതത്തോടെയുമായിരുന്നു സംഭവം.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നൽകിയത്. അഗ്നിശമനാസേന ഇത്തരത്തിൽ ആർക്കും പരിശീലനം നൽകാറില്ല. അങ്ങനെ പരിശിലനം നൽകണമെങ്കിൽ സർക്കാർ അറിഞ്ഞിരിക്കണം. ആദ്യന്തര വകുപ്പിന് കീഴിലാണ് അഗ്നിശമനാ വിഭാഗം പ്രവർത്തിക്കുന്നത്. റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തിയതും പരിശീലനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം. പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാൽ അതിനും ഫയർ ഫോഴ്സ് മേധാവിയുടെ അനുവാദം വേണം.
പോപ്പുലർ ഫ്രണ്ടിന് പരീശീലനം നൽകുന്നതിന് സർക്കാർ അനുമതി വാങ്ങിയിരുന്നു എന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പരിശീലനം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ല. അപ്പോൾ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരിക്കും പരിശീലകർ എത്തിയിരിക്കുക. അത് ആരുടെ ശുപാർശ എന്നാണ് അറിയേണ്ടത്. ഏതായാലും താൻ അറിഞ്ഞില്ലെന്നാണ് അന്ന് ഡി ജി പി യായിരുന്ന ബി സന്ധ്യ പറഞ്ഞത്. അത് വാസ്തവമല്ലായിരുന്നു. ആദ്യന്തര വകുപ്പിൻെറ നിർദ്ദേശാനുസരണമായിരുന്നു പരിശീലനം.രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ അന്വേഷണ റിപ്പോർട്ട് സർക്കാർ തന്നെ മുക്കി.ഇപ്പോൾ ഇത് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇത്തരത്തിൽ കേരള സർക്കാരിലെ വിവിധ സ്ഥപനങ്ങളിൽ പി.എഫ്.ഐ പിടിമുറുക്കിയെന്നാണ് റിപ്പോർട്ട്. മെഡിക്കൽ കോളേജിൽ ശിരോവസ്ത്ര വിവാദം ഉണ്ടായപ്പോൾ കേന്ദ്ര സർക്കാരിന് സംശയം തോന്നിയത് പഴയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കത്ത് രാജ്യത്ത് കത്തി പടരാതിരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. വർഗീയത വളർത്തി കലാലയങ്ങളെ കലാപ കലുഷിതമാക്കാൻ കേന്ദ്രം ആഗ്രഹിക്കുന്നില്ല. കേരളത്തിൻെറ പ്രത്യേക കാലാവസ്ഥയിൽ ഇത്തരം കനലുകൾ പടർന്നു കത്താൻ സാധ്യതയുണ്ടെന്നും കേന്ദ്ര സർക്കാർ കരുതുന്നു.
https://www.facebook.com/Malayalivartha

























