എട്ടാം ഭൂഖണ്ഡത്തെ തേടി ശാസ്ത്രജ്ഞർ യാത്ര തുടങ്ങി

എട്ടാം ഭൂഖണ്ഡത്തെ തേടി ശാസ്ത്രജ്ഞർ യാത്ര തുടങ്ങി
ഏഷ്യ, യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, അന്റാർട്ടിക്ക, ഓസ്ട്രേലിയ എന്നിങ്ങനെ നിലവിൽ ഏഴ് ഭൂഖണ്ഡങ്ങളാണുള്ളതെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നത്. എന്നാൽ എട്ടാമതൊരു ഭൂഖണ്ഡം കൂടി നമുക്കൊപ്പമുണ്ടെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു ശാസ്ത്രജ്ഞന്മാർ.
കടലിനടിയിൽ മറഞ്ഞുപോയ ഈ എട്ടാമനെ തേടി ഇക്കഴിഞ്ഞ ജൂലൈ 27ന് ആരംഭിച്ച കപ്പൽ പര്യവേക്ഷണം വിജയിച്ചാൽ ഒരു ഭൂഖണ്ഡത്തിന്റെ പേരു കൂടി ആ പട്ടികയിലേക്ക് കടന്നുകൂടും–സീലാൻഡിയ(Zealandia). സമുദ്രത്തിനടിയിൽ മറഞ്ഞിരിക്കുന്ന ആ എട്ടാം ഭൂഖണ്ഡത്തിന്റെ രഹസ്യം തേടി ജോയ്ഡീസ് റെസലൂഷൻ എന്ന പര്യവേക്ഷണക്കപ്പലാണ് ഓസ്ട്രേലിയൻ തീരത്തു നിന്ന് യാത്രയായിരിക്കുന്നത്. ഒപ്പം ഇന്റർനാഷനൽ ഓഷ്യൻ ഡിസ്കവറി പ്രോഗ്രാമിൽ പ്രവർത്തിക്കുന്ന അൻപതിലേറെ ഗവേഷകരും അധ്യാപകരും ശാസ്ത്രജ്ഞരുമുണ്ട്.

തെക്കൻ പസഫിക് സമുദ്രത്തിൽ ന്യൂസീലൻഡ്, ന്യൂ കലെഡോണിയ, ഓസ്ട്രേലിയയുടെ രണ്ട് ദ്വീപുകൾ, ലോർഡ് ഹവ് ദ്വീപ്, നോർഫോക് ദ്വീപ് എന്നിവ ഉൾപ്പെട്ടതാണ് ഈ ഭൂഖണ്ഡമെന്നാണ് കരുതുന്നത്. നിലവിൽ ലോകത്തിലെ ഏറ്റവും ചെറിയ ഭൂഖണ്ഡമായ ഓസ്ട്രേലിയയേക്കാളും ചെറുതായിരിക്കും സീലാൻഡിയ. 19 ലക്ഷം ചതുരശ്ര മൈൽ പ്രദേശത്തു പരന്നു കിടക്കുന്ന സീലാൻഡിയയുടെ 94 ശതമാനവും പക്ഷേ പസഫിക് സമുദ്രത്തിന്നടിയിലാണ്. അതിനാൽത്തന്നെയാണ് കടലിന്റെ അടിത്തട്ട് തുരന്ന് പാറകളുടെയും മറ്റും സാംപിളുകൾ ശേഖരിക്കുന്നതിനു കഴിവുള്ള ജോയ്ഡീസ് റെസലൂഷൻ എന്ന കപ്പൽ ഈ യാത്രക്കായി തെരഞ്ഞെടുത്തത്.

1995ൽ ആമേരിക്കൻ ജിയോഫിസിസ്റ്റ് ആയ ബ്രൂസ് ലയിൻഡൈക് ആണ് ഈ കാണാഭൂഖണ്ഡത്തിന് സീലാൻഡിയ എന്ന് പേരിട്ടത്. സമുദ്രത്തിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന തരം പാറയുടെ സ്വഭാവവും പസഫിക് സമുദ്രത്തിന്റെ അടിത്തട്ടിലെ കൃത്യതയാർന്ന ഭൂപടങ്ങളും സാറ്റലൈറ്റ് ചിത്രങ്ങളും ഒരു ഭൂഖണ്ഡത്തിനുണ്ടായിരിക്കേണ്ട നാല് സവിശേഷതകളിൽ മൂന്നും സീലാൻഡിയക്ക് ഉണ്ടെന്ന് തെളിയിക്കുന്നവയാണ്.
ഭൂഖണ്ഡപദവി ആവശ്യപ്പെട്ടുള്ള ‘സീലാൻഡിയ: എർത്ത്സ് ഹിഡൻ കോണ്ടിനന്റ്’ എന്ന പഠനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് അമേരിക്കയുടെ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

ആറു മുതൽ 8.5 കോടി വർഷങ്ങൾക്കു മുൻപാണ് ഓസ്ട്രേലിയ ഭൂഖണ്ഡത്തിൽ നിന്ന് വേർപെട്ട് സീലാൻഡിയ കടലിന്നടിയിലായതെന്നാണ് കരുതുന്നത്. ഇക്കാര്യം തീർച്ചപ്പെടുത്തുന്നതിനുള്ള ഫോസിൽ ശേഖരണമാണ് ഡ്രില്ലിങ് കൊണ്ട് ഉദ്ദേശിക്കുന്നത്. ടാസ്മാൻ കടലിലെ ആറിടത്തായി 1000 മുതൽ 2600 അടി വരെ ആഴത്തിലേക്ക് ഡ്രില്ലിങ് നടത്തും. അഞ്ചു കോടി വർഷങ്ങൾക്കു മുൻപ് ഭൂമിയിലെ ടെക്ടോണിക് ഫലകങ്ങളിലുണ്ടായ വ്യതിചലനത്തെപ്പറ്റി അറിയാനും പഠനം സഹായിക്കും.
ഒരു വമ്പൻ കരഭാഗത്താൽ ഓസ്ട്രേലിയയും ന്യൂസീലൻഡും പരസ്പരം ബന്ധിക്കപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. പിന്നീടാണ് ഓസ്ട്രേലിയക്കും ന്യൂസീലൻഡിനും ഇടയിലെ ഭാഗം ഞെരുങ്ങി അമരാൻ തുടങ്ങിയത്. ഭൗമഫലകങ്ങളുടെ വശങ്ങളിലേയ്ക്കോ താഴോട്ടോ ഉള്ള ഈ ചലനം എന്നു മുതലാണ് ആരംഭിച്ചതെന്ന് മനസിലാക്കാനുള്ള ലോകത്തിലെ ഏറ്റവും കൃത്യമായ പ്രദേശം എന്നാണ് നിലവിലെ ഡ്രില്ലിങ് കേന്ദ്രങ്ങളെ ഗവേഷകർ വിശേഷിപ്പിക്കുന്നത്. ടെക്ടോണിക് ചലനങ്ങൾക്ക് കാരണമാകുന്നത് എന്താണെന്നും ഇതുവഴി മനസിലാക്കാനാകും.

ഓസ്ട്രേലിയയിൽ നിന്നു വിട്ടുമാറി സീലാൻഡിയയുടെ യാത്ര ആരംഭിക്കുന്നത് 7.5 കോടി വർഷങ്ങൾക്കു മുൻപാണ്. എന്നാൽ 5.3 കോടി വർഷം മുന്‍പ് ആ യാത്ര നിലയ്ക്കുകയായിരുന്നു. അന്ന് സീലാൻഡിയ വെള്ളത്തിനടിയിലായതോടെയാണ് പസഫിക് ഫലകം താഴേക്കിറങ്ങുകയും സമുദ്രനിരപ്പിന് മുകളിലേക്ക് ന്യൂസീലൻഡും ‘പസഫിക് റിങ് ഓഫ് ഫയറും’ കയറി വരുന്നതും. പസഫിക് സമുദ്രത്തിൽ സജീവ അഗ്നിപർവതങ്ങളുടെ സാന്നിധ്യത്താലും തുടർ ഭൂകമ്പങ്ങളാലും കുപ്രസിദ്ധിയാർജിച്ച പ്രദേശമാണ് ‘റിങ് ഓഫ് ഫയർ’. ഈ ഭാഗം ഉയർന്നു വന്ന അതേ സമയത്തു തന്നെയാണ് ആഗോളതലത്തിൽ ടെക്ടോണിക് ഫലകങ്ങളുടെ വിന്യാസത്തിൽ മാറ്റങ്ങളും ആരംഭിക്കുന്നത്. ഇതിന്റെ രഹസ്യങ്ങളിലേക്കും ഈ പര്യവേക്ഷണം വെളിച്ചം വീശും.
ജൂലൈ 27ന് ആരംഭിച്ച യാത്ര സെപ്റ്റംബർ 26ന് അവസാനിക്കുമ്പോൾ ഒരുപക്ഷെ നമുക്ക് കിട്ടുന്നത് എട്ടാം ഭൂഖണ്ഡത്തെക്കുറിച്ചുള്ള അറിവുകളായിരിക്കും. ഒപ്പം അഞ്ചു കോടി വർഷം മുൻപത്തെ കാലാവസ്ഥ, സമുദ്രത്തിന്റെ അടിത്തട്ടിലെ അവസ്ഥ, അടിയൊഴുക്കുകളുടെ ഗതി, അടിത്തട്ടിലെ ജീവജാലങ്ങൾ, ടെക്ടോണിക് ഫലങ്ങൾ, ഭൂകമ്പത്തിന്റെ ഉദ്ഭവ കേന്ദ്രങ്ങൾ, ദ്വീപുകളുടെ വിന്യാസം തുടങ്ങിയവയെ കുറിച്ചും കൂടുതൽ വ്യക്തതയാർന്ന പുതുവിവരങ്ങളും
https://www.facebook.com/Malayalivartha


























