നാനാദിക്കുകളിൽ നിന്നും ഉത്സവപ്രേമികൾ കൽപ്പാത്തിയിലേക്ക്.... കൽപ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് ദേവരഥ സംഗമം... എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് പ്രാദേശിക അവധി

കൽപ്പാത്തി രഥോത്സവത്തിന്റെ ആവേശം വാനോളം ഉയർത്തി ഇന്ന് (തിങ്കളാഴ്ച) ദേവരഥ സംഗമം. രഥോത്സവാഘോഷങ്ങളിൽ പങ്കെടുക്കാനായി നിരവധിപ്പേരാണ് കൽപ്പാത്തിയിലേക്ക് എത്തിച്ചേരുക.
കൽപ്പാത്തി വിശാലാക്ഷീസമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കൽപ്പാത്തി ലക്ഷ്മീനാരായണ പെരുമാൾക്ഷേത്രം, പുതിയ കൽപ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം, ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ആറ് രഥങ്ങളാണ് ദേവരഥ സംഗമത്തിൽ കാഴ്ചയാകുക.നാനാദിക്കുകളിൽ നിന്നും ഉത്സവപ്രേമികൾ ഇതിനോടകം കൽപ്പാത്തിയിലെത്തി.
നാടിന്റെ സാംസ്കാരിക പൈതൃകം ആസ്വദിക്കാനായി പതിവുപോലെ വിദേശികളുമുണ്ട്. ഉത്സവത്തിന് മാറ്റുകൂട്ടുന്ന തെരുവോരക്കച്ചവടവും പൊടിപൊടിക്കുന്നുണ്ട്. അതീവ സുരക്ഷയോടെയാണ് ഉത്സവം. വാഹനനിയന്ത്രണത്തിനുൾപ്പെടെ പൊലീസ് സന്നാഹം ശക്തമാണ്. 24 മണിക്കൂറും കൺട്രോൾറൂം പ്രവർത്തിക്കുകയും ചെയ്യുന്നു.
ദേവരഥ സംഗമത്തോടനുബന്ധിച്ച് പാലക്കാട് താലൂക്ക് പരിധിയിലുള്ള എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്്(തിങ്കളാഴ്ച) ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. രഥോത്സവത്തിന്റെ പ്രധാന ദിവസങ്ങളിലെ ജനത്തിരക്കും ആഘോഷങ്ങളും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമായിരിക്കില്ലെന്നും അധികൃതർ.
"
https://www.facebook.com/Malayalivartha

























