വേറിട്ട ഗെറ്റപ്പിലുള്ള മോഹന്‍ലാല്‍; എന്തോ വലുത് വരുന്നുണ്ടെന്ന് ലാല്‍ ഫാന്‍സ്

ഞെട്ടിക്കാന്‍ ഉറപ്പിച്ച് വീണ്ടും ലാല്‍. വേറിട്ട ഗെറ്റപ്പിലുള്ള മോഹന്‍ലാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. തല മൊട്ടയടിച്ച് കനത്ത മീശയും കത്തുന്ന നോട്ടവുമായി നേവിയുടെ അടയാളമുള്ള ഷര്‍ട്ട് ധരിച്ച് കയ്യില്‍ ലിക്കര്‍ ഫഌസ്‌കും ചുരുട്ടുമായി നില്‍ക്കുന്ന ചിത്രം ഫോട്ടോയല്ല, വരച്ചെടുത്തതാണ്. പശ്ചാത്തലത്തില്‍ ഒരു കടല്‍ക്കഴുകനുമുണ്ട്. മോഹന്‍ലാലിന്റെ ബ്ലോഗായ ദ് കംപ്ലീറ്റ് ആക്ടറിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ 'സംതിങ് ബിഗ് ഈസ് കമിങ്' എന്ന കമന്റോടെ വന്ന ചിത്രം മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന്റെ പേജിലും ഷെയര്‍ ചെയ്തതോടെയാണ് ആരാധകര്‍ അത് ഏറ്റെടുത്തുതുടങ്ങിയത്. ജനതാ ഗാരേജില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ച തെലുങ്കു സൂപ്പര്‍താരം ജൂനിയര്‍ എന്‍ടിആറിന്റെ ഫാന്‍സ് പേജിലും ചിത്രം ഷെയര്‍ ചെയ്തിട്ടുണ്ട്.
പച്ച ഷെയ്ഡിലുള്ള ചിത്രത്തെപ്പറ്റി സോഷ്യല്‍ മീഡിയയില്‍ ഊഹങ്ങള്‍ പരക്കുന്നുണ്ട്. ആലോചനയിലുള്ള ഏതോ മോഹന്‍ലാല്‍ ചിത്രത്തിന്റെ കഥാപാത്രത്തിന്റെ സ്‌കെച്ചാണ് എന്ന മട്ടിലാണ് ആരാധകരുടെ ചര്‍ച്ചകള്‍. ഷൂട്ടിങ് നടക്കുന്ന മേജര്‍ രവി ചിത്രം 1971: ബിയോണ്ട് ദ് ബോര്‍ഡേഴ്‌സിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പുകളിലൊന്നാണ് ഇതെന്നും വടക്കന്‍ സെല്‍ഫിയുടെ സംവിധായകന്‍ പ്രജിത്തിന്റെ ബെന്‍സ് വാസു എന്ന ചിത്രത്തിലെ കഥാപാത്രമാണിതെന്നും രാജാവിന്റെ മകന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ ഗെറ്റപ്പാണെന്നുമൊക്കെ അഭ്യൂഹങ്ങളുണ്ട്. ഇവയൊന്നുമല്ല, ഏതോ പുതിയ ചിത്രമാണെന്നും ചില ആരാധകര്‍ പറയുന്നു.
മലയാളത്തിലെ ആദ്യ നൂറുകോടി ക്ലബ് ചിത്രം പുലിമുരുകനു ശേഷം ലാല്‍ ആരാധകര്‍ വന്‍ പ്രതീക്ഷയോടെയാണ് അടുത്ത ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നത്. ജിബു ജേക്കബിന്റെ ചിത്രം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള മോഹന്‍ലാല്‍ സിനിമ. മേജര്‍ രവിയുടെ ചിത്രം 1971: ബിയോണ്ട് ദ് ബോര്‍ഡേഴ്‌സ് ഷൂട്ടിങ് പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha





















