ഫഹദ് ഫാസിലിനും വിജയ് സേതുപതിക്കുമൊപ്പമുള്ള അവസരം നഷ്ടമാക്കി; സൂപ്പര്‍ ഡീലക്‌സ് കണ്ട ശേഷം കുറ്റബോധം: വേദനയോടെ അനുരാഗ് കശ്യപ്

വിജയ് സേതുപതിയും ഫഹദ് ഫാസിലും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണ് 'സൂപ്പര്‍ ഡീലക്‌സി'ല്‍. വിജയ് സേതുപതി ശില്പ എന്ന ട്രാന്‍സ് വുമണ്‍ കഥാപാത്രമായി എത്തുന്ന ചിത്രം, അനൗണ്‍സ് ചെയ്ത അന്നുമുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ചിത്രത്തെ കുറിച്ചുള്ള ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപിന്റെ പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്ത് 'സൂപ്പര്‍ ഡീലക്‌സി'ന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതില്‍ ഖേദമുണ്ടെന്ന് തുറന്നു പറയുകയാണ് അനുരാഗ് കശ്യപ്.
ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടി ഒരുക്കിയ ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിംഗ് കണ്ടതിനു ശേഷമായിരുന്നു അനുരാഗിന്റെ പ്രതികരണം. പ്രത്യേക സ്‌ക്രീനിംഗിന് അനുരാഗിനെയും കുമാരരാജ ക്ഷണിച്ചിരുന്നു. ആന്തോളജി സിനിമ വിഭാഗത്തില്‍ വരുന്ന 'സൂപ്പര്‍ ഡീലക്‌സി'ലെ ഒരു കഥ എഴുതാനായി കുമാരരാജ അനുരാഗിനെ സമീപിച്ചിരുന്നുവെങ്കിലും ചിത്രത്തിന്റെ ഭാഗമാകാന്‍ അനുരാഗിനു കഴിഞ്ഞിരുന്നില്ല. മിഷ്‌കിന്‍, നീലന്‍ കെ ശേഖര്‍, നളന്‍ കുമാരസ്വാമി, കുമാരരാജ എന്നിവരാണ് 'സൂപ്പര്‍ ഡീലക്സ്സി'ന്റെ കഥകള്‍ എഴുതിയിരിക്കുന്നത്.
ട്വിറ്ററിലൂടെയാണ് അനുരാഗ് ചിത്രത്തെ കുറിച്ചുള്ള പ്രതികരണം ആരാധകരുമായി പങ്കുവെച്ചത്. 'കുമാരരാജയുടെ സൂപ്പര്‍ ഡീലക്‌സ് കണ്ടു. അത്ഭുതപ്പെടുത്തുന്ന ചിത്രം, ആഘോഷിക്കാന്‍ ഒരുപാടുണ്ട്. സിനിമ കണ്ടു കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ ഭാഗമാകാനുള്ള അവസരം നഷ്ടപ്പെടുത്തിയതില്‍ എനിക്ക് ഖേദം തോന്നി. കുമാരരാജ നിര്‍ഭയനായ സംവിധായകനാണ്, തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ അനുരാഗ് കശ്യപ് കുറിക്കുന്നു.
https://www.facebook.com/Malayalivartha
























