ബസ് ചാർജും വിദ്യാർഥികളുടെ കൺസഷനും വർധിപ്പിക്കില്ല; ബസുടമകളുടെ ആവശ്യം തള്ളി ഗതാഗത മന്ത്രി സി.പി. ജോൺ, മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ഉറപ്പ്

ബസ് യാത്രക്കാർക്കും വിദ്യാർഥികൾക്കും ആശ്വാസം. സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർഥികളുടെ കൺസഷൻ നിരക്കും വർധിപ്പിക്കില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ വ്യക്തമാക്കി. നിരക്ക് വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യം തള്ളിയ മന്ത്രി, ഇതൊഴികെയുള്ള ബസുടമകളുടെ മറ്റ് ആവശ്യങ്ങൾ പരിഗണിക്കാൻ സർക്കാർ തയ്യാറാണെന്നും അറിയിച്ചു.
ബസുടമകൾക്കിടയിൽ തന്നെ നിരക്ക് വർധനവിനോട് എതിർപ്പുള്ളവരുണ്ടെന്നാണ് മന്ത്രിയുടെ പ്രതികരണം. ചാർജ് വർധിപ്പിച്ചാൽ യാത്രക്കാർ കുറയുമെന്ന ആശങ്കയും ഇവർക്കുണ്ട്. നിലവിൽ സ്വകാര്യ വാഹനങ്ങളിലേക്ക് കൂടുതൽ ആളുകൾ മാറുന്ന സാഹചര്യത്തിൽ നിരക്ക് കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ഒരുകാലത്ത് സംസ്ഥാനത്ത് മുപ്പതിനായിരത്തോളം ബസുകൾ ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത് എട്ടായിരമായി കുറഞ്ഞെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, ഓട്ടോ-ടാക്സി നിരക്ക് വർധിപ്പിക്കണമെന്നാണ് സർക്കാരിന്റെ അഭിപ്രായമെന്നും സി.പി. ജോൺ പറഞ്ഞു. 2022-ലാണ് അവസാനമായി ഓട്ടോ-ടാക്സി നിരക്കുകൾ നിശ്ചയിച്ചത്. കൗമാരക്കാർ ഉൾപ്പെടുന്ന വാഹനാപകടങ്ങളിൽ രക്ഷിതാക്കൾക്കും ഉത്തരവാദിത്തമുണ്ടെന്നും അപകടമുണ്ടായാൽ അറിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
https://www.facebook.com/Malayalivartha


























