കണ്ടെയ്‌നര്‍ സന്തോഷിനെതിരായ സിബിഐ നിലപാടിനു പിന്നില്‍ ഭാര്യയുടെ പരാതി

മാതൃഭൂമി ലേഖകന്‍ പി.ബി ഉണ്ണിത്താനെ വധിക്കാന്‍ നടത്തിയ ശ്രമത്തില്‍ പോലീസ് മാപ്പു സാക്ഷിയായി പ്രഖ്യാപിച്ച കുപ്രസിദ്ധ ഗുണ്ട കണ്ടെയ്‌നര്‍ സന്തോഷിനെതിരെ സിബിഐ നിലപാടെടുത്തതില്‍ ദുരൂഹത. ആദ്യം കണ്ടെയ്‌നര്‍ സന്തോഷിനുവേണ്ടി നിലകൊണ്ട സിബിഐ കളം മാറ്റി ചവിട്ടിയതിനു പിന്നില്‍ സന്തോഷിന്റെ ഭാര്യ കേരള മനുഷ്യാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയാണെന്ന് സൂചനയുണ്ട്. പ്രസ്തുത പരാതിയില്‍ ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ പ്രതിയാക്കപ്പെട്ട ഡിവൈഎസ്പി അബ്ദുള്‍ റഷീദിനെതിരെ ആരോപണമുണ്ട്. റഷീദിന്റെ ബന്ധുവും സിബിഐയില്‍ ഉദ്യോഗസ്ഥനുമായ വ്യക്തി കണ്ടെയ്‌നര്‍ സന്തോഷിനെ കൂടുതല്‍ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആരോപണം.
സന്തോഷിന്റെ പരാതിയില്‍ മാപ്പു സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് മനുഷ്യാവകാശകമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇല്ലെങ്കില്‍ തെളിവുകള്‍ അട്ടിമറിക്കപ്പെടുമെന്നും കമ്മീഷന്‍ ചൂണ്ടി കാണിച്ചു. അതിനു പിന്നാലെയാണ് സന്തോഷിനെതിരെ സിബിഐ രംഗത്തെത്തിയത്. സന്തോഷ് ഗുണ്ടയാണെന്നും അയാള്‍ക് ഗുണ്ടാബന്ധങ്ങളുണ്ടെന്നുമാണ് സിബിഐ പറയുന്നത്. തങ്ങള്‍ മാപ്പു സാക്ഷിയാക്കാന്‍ കാരണം സന്തോഷില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന ധാരണയിലായിരുന്നെന്നും സിബിഐ പറയുന്നു.
സന്തോഷിന്റെ പേരില്‍ പത്തോളം കേസുകളുണ്ടെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. സന്തോഷിനു സ്വന്തമായി ഗുണ്ടാ സംഘവുമുണ്ട്. പ്രതി ജാമ്യത്തിലിറങ്ങിയാല്‍ കേസിന്റെ ഗതിയെ ബാധിക്കും. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങളാണ് സിബിഐ ഉന്നയിച്ചിരിക്കുന്നത്. ചുരുക്കത്തില്‍ തങ്ങള്‍ മാപ്പു സാക്ഷിയാക്കിയ സന്തോഷ് തങ്ങളെ പറ്റിച്ചു എന്നാണ് സിബിഐയുടെ വാദം.
സന്തോഷിന്റെ ഭാര്യ ഷൈനിയാണ് കമ്മീഷനെ സമീപിച്ചത്. ഇതാണ് സിബിഐയെ പ്രകോപിപ്പിച്ചതെന്നറിയുന്നു. സന്തോഷിനും കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
ആര് പറയുന്നത് വിശ്വസിക്കണം എന്നതാണ് ചോദ്യം. സന്തോഷിന്റെ ഭാര്യ പറയുന്നതോ സിബിഐ പറയുന്നതോ? ഏതായാലും സന്തോഷിന് ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. സാധാരണഗതിയില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ടെന്നാണ് സിബിഐയുടെ പക്ഷം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha