പാമ്പു കടിയേല്‍ക്കരുതേ; കടിയേറ്റാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല

പാമ്പുകടിയേല്‍ക്കാതെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം പാമ്പു കടിയേറ്റാല്‍ നല്‍കാനുള്ള മരുന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമല്ല. പട്ടി കടിയേറ്റാല്‍ നല്‍കുന്ന മരുന്നുകള്‍ മാസങ്ങളായി കിട്ടാനില്ല. അതിനിടയിലാണ് പാമ്പുകടിക്കുള്ള മരുന്നും കിട്ടാതായത്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ആന്റിവെനം സ്റ്റോക്ക് പുതുതായി എത്തുന്നില്ല. എന്നാല്‍ ചില ആശുപത്രികളില്‍ ഇപ്പോള്‍ മരുന്ന് സ്റ്റോക്കുണ്ട്.
വിഷപാമ്പിന്റെ കടിയേല്‍ക്കുന്നവര്‍ക്ക് 20-25 വയല്‍ ആന്റിവെനമാണ് ആവശ്യം. വിഷം കുറഞ്ഞ പാമ്പാണെങ്കില്‍ എഴുവയല്‍ ആന്റിവെനം വേണം. ഒരു വയലിന് 800 മുതല്‍ 900 രൂപ വിലയുണ്ട്. മലബാറില്‍ ഒരാള്‍ക്ക് പാമ്പു കടിയേറ്റാല്‍ വിശ്വസനീയമായ ചികിത്സ ലഭിക്കുന്നത് പരിയാരം മെഡിക്കല്‍ കോളേജിലാണ്. അവിടെ ആന്റിവെനം സ്റ്റോക്ക് ഏതാണ്ട് തീര്‍ന്നമട്ടാണ്. പുതിയ സ്റ്റോക്ക് ചോദിച്ചെങ്കിലും ഇല്ലെന്നാണ് മറുപടി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനിലും ആന്റിവെനം കിട്ടാനില്ല.
പേ വിഷം ഏറ്റാല്‍ നല്‍കുന്ന ആന്റി റാബീസ് സിറം കിട്ടാതായിട്ട് മൂന്നാഴ്ചയായി. സര്‍ക്കാര്‍ മരുന്നു കടകളില്‍ സ്റ്റോക്ക് തീര്‍ന്നിട്ട് മാസങ്ങളായി. സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളിലും മരുന്ന് കിട്ടുന്നില്ല. കമ്പനി ഉത്പാദനം കുറച്ചതാണ് മരുന്നുക്ഷാമത്തിനുള്ള കാരണമെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്രയും കല്ലു വച്ച നുണകള്‍ എങ്ങനെ വിശ്വസിക്കുമെന്നാണ് ചോദ്യം.
സ്റ്റോക്ക് തീരുന്നത് അനുസരിച്ച് മരുന്നെത്തിക്കണമെന്നാണ് സര്‍ക്കാരും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനും തമ്മിലുള്ള ധാരണ. എന്നാല്‍ കോര്‍പ്പറേഷന്‍ നാഥനില്ലാ കളരിയായിട്ട് കാലമേറെയായി. മരുന്നുവില നിയന്ത്രണം വന്നതാണ് മരുന്നു ക്ഷാമത്തിന് കാരണമായി കമ്പനികള്‍ പറയുന്നത്. എന്തു തന്നെ നിയന്ത്രണം വന്നാലും അത് പാവപ്പെട്ട രോഗികളെ ബാധിക്കാതിരിക്കാനുള്ള ധാര്‍മ്മിക ബാധ്യത സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമുണ്ട്.
ഉഗ്ര വിഷമുള്ള പാമ്പുകളുടെ കടിയേല്‍ക്കുന്നവരെ മെഡിക്കല്‍ കോളേജിലെത്തിക്കുന്നതാണ് പതിവ്. എന്നാല്‍ ആ പതിവും അവസാനിക്കുന്നു. അതായത് പാമ്പു കടിയേറ്റാല്‍ മരണക്കിടക്ക ഒരുക്കിയിടണം. അവര്‍ സ്വസ്ഥമായി മരിച്ചോട്ടെ. നിസാമിനെ പോലുള്ള കൊടുംകുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങള്‍ മറന്നു പോകുന്നുവെന്നു വേണം കരുതാന്‍. ആരോഗ്യമന്ത്രിക്കാണെങ്കില്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും സമയമില്ലെന്നാണ് തിരുവനന്തപുരത്തുകാര്‍ പറയുന്നത്. മറ്റ് പല കാര്യങ്ങളിലുമാണത്രേ അദ്ദേഹത്തിന് ശ്രദ്ധ. കാരണം മന്ത്രിസഭയുടെ കാലാവധി കഴിയാന്‍ ഒന്നരക്കൊല്ലമേയുള്ളൂ. അതിനു മുമ്പ് സേഫാവണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha