പാര്‍ട്ടിയിലെ പിണക്കം സഭയിലും; ശ്രേയാംസും മോഹനനും നേര്‍ക്കുനേര്‍

ശ്രേയാംസ്‌കുമാറും കെപി മോഹനനും തമ്മില്‍ തെറ്റി. കഴിഞ്ഞ ദിവസം നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയായ കെ .പി. മോഹനന്റെ വകുപ്പിനെതിരെ ശ്രേയാംസ്‌കുമാര്‍ ആഞ്ഞടിച്ചു. എം. വീരേന്ദ്രകുമാറിന്റെ മകനായതു കൊണ്ട് തന്നെ ശ്രേയാംസ് പറഞ്ഞതെല്ലാം പാര്‍ട്ടി പ്രസിഡന്റിന്റെ അഭിപ്രായമാണെന്ന് പറയേണ്ടിയിരിക്കുന്നു. കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥതല അഴിമതിയാണെന്നാണ് ശ്രേയാംസ്‌കുമാര്‍ പറഞ്ഞതെങ്കിലും അത് മോഹനന് നേരെയുള്ള വിരല്‍ ചൂണ്ടലാണ്.
കൃഷി ഉപകരണങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി കര്‍ഷകര്‍ക്ക് കിട്ടുന്നില്ലെന്നാണ് ശ്രേയാംസ്‌കുമാറിന്റെ ആരോപണം. കേരളത്തില്‍ ഏഴു ലക്ഷം വിലയുളള ഉപകരണങ്ങള്‍ തമിഴ്‌നാട്ടില്‍ നിന്നും നാലു ലക്ഷത്തിന് വാങ്ങി വിതരണം ചെയ്ത് കര്‍ഷകരെ സര്‍ക്കാര്‍ പറ്റിക്കുകയാണെന്നാണ് പരാതി. വയനാട്ടിലെ കര്‍ഷകര്‍ തമിഴ്‌നാട്ടില്‍ പോയി ഉപകരണങ്ങള്‍ വാങ്ങിയപ്പോള്‍ ഉദ്യോഗസ്ഥര്‍ സബ്‌സിഡി നല്‍കുന്നില്ല. ഇത് ഉദ്യോഗസ്ഥതല തട്ടിപ്പാണെന്നാണ് ശ്രേയാംസ് കുമാറിന്റെ ആക്ഷേപം.
സ്വന്തം മന്ത്രിക്കെതിരെ ആക്ഷേപം ഉണ്ടെങ്കില്‍ അത് പാര്‍ട്ടി നേതാവിന്, സര്‍വോപരി പാര്‍ട്ടി പ്രസിഡന്റിന്റെ മകന്, മന്ത്രിയെ ഫോണില്‍ വിളിച്ച് അറിയിക്കാം. അപ്പോള്‍ തന്നെ പരാതിക്ക് പരിഹാരവും കാണും എന്നാല്‍ അതിനു നില്‍ക്കാതെ മന്ത്രിയെ നിയമസഭയില്‍ തന്നെ ചുറ്റിക്കറക്കണമെങ്കില്‍ അതിനു പിന്നിലെ ലക്ഷ്യം വ്യക്തമാണ്.
ശ്രേയാംസ് കുമാറിനെ മന്ത്രിയാക്കാനായിരുന്നു വീരന്റെ ആഗ്രഹം. കമ്മ്യൂണിസ്റ്റ് കോട്ട മോഹനന് നല്‍കിയത് തന്നെ അദ്ദേഹം ജയിക്കാതിരിക്കാനാണ്. എന്നാല്‍ ജയിച്ചു കയറിയ മോഹനന്‍ മന്ത്രിയാകണമെന്നും വാശി പിടിച്ചു. അങ്ങനെ വീരന് നിശബ്ദനാകേണ്ടി വന്നു.
മോഹനന് നേരെ 2011 ല്‍ തന്നെ വീരനും മകനും അജണ്ട തയ്യാറാക്കിയിരുന്നു, വീരന്റെ മകന്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ രണ്ടരകൊല്ലം മന്ത്രിയാകാന്‍ ആഗ്രഹിച്ചെങ്കിലും മോഹനന്‍ മാറി കൊടുത്തില്ല. അതിനിടെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ വീരേന്ദ്രകുമാര്‍ മറുകണ്ടം ചാടി ഇടതു പക്ഷത്തെത്തുമെന്നും അഭ്യൂഹമുണ്ട്. ഇത് മകനെ മന്ത്രിയാക്കാന്‍ വേണ്ടിയാണ്. വയനാട്ടിലെ ആദിവാസികളുടെ ഭൂമി കൈവശം വച്ചിരിക്കുന്നു എന്ന ആരോപണം ഒഴിച്ചു നിര്‍ത്തിയാല്‍ ശ്രേയാംസ്‌കുമാറിനെതിരെ മറ്റ് ആരോപണങ്ങള്‍ ഒന്നും തന്നെയില്ല. മാതൃഭൂമി ചാനലിന്റെ ഉടമസ്ഥനുമാണ് അദ്ദേഹം. അതേസമയം ബജറ്റ് ചര്‍ച്ചയ്ക്കിടയിലുണ്ടായ സംഭവവികാസങ്ങളില്‍ വി.ഡി. സതീശനും വി.ടി. ബലറാമിനുമൊപ്പം ശ്രേയാംസും സഭയില്‍ നിശബ്ദനായി മാറിയിരിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha