പി.സി.ജോര്‍ജ്ജുമായി സിപിഎം ചര്‍ച്ച തുടങ്ങി; രാജി വച്ച് പുറത്തു വരാന്‍ നിര്‍ദ്ദേശം

കേരള കോണ്‍ഗ്രസ് എം എക വൈസ് പ്രസിഡന്റ് പി.സി. ജോര്‍ജ്ജുമായി സിപിഎമ്മിന്റെ രഹസ്യചര്‍ച്ചയും രാഷ്ട്രീയ നീക്കങ്ങളും. ജോര്‍ജ്ജുമായി അടുപ്പം പുലര്‍ത്തുന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്. പി.സി. ജോര്‍ജ്ജിലൂടെ കോടിയേരി ബാലകൃഷ്ണന്‍ ലക്ഷ്യമിടുന്നത് മുന്നണി വിപുലീകരണ തന്ത്രങ്ങളാണ്.
കെ.എം മാണിക്കെതിരെ പരസ്യമായി രംഗത്തിറങ്ങി പ്രതിച്ഛായ വര്‍ദ്ധിപ്പിച്ച ശേഷം ഇടതുമുന്നണിയിലെത്താനാണ് കോടിയേരി ജോര്‍ജ്ജിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അഴിമതി വിരുദ്ധ സമിതിയുടെ കണ്‍വീനറായ പി.സി. ജോര്‍ജ്ജിനെ ഇടതുമുന്നണിയിലെത്തിക്കാന്‍ ഏറെ നാളായി സിപിഎം ശ്രമം തുടരുകയാണ്.
കോടിയേരി പി.സി.ജോര്‍ജിന്റെ ആത്മമിത്രമാണ്. ഇടതുമുന്നണിയില്‍ ജോര്‍ജിന് ആകെ വിരോധം ഉണ്ടായിരുന്നത് പിണറായി വിജയനോട് മാത്രമാണ്. എന്നാല്‍ കാലാന്തരത്തില്‍ ഇതും അലിഞ്ഞില്ലാതായി. വിഎസ് അച്യുതാനന്ദനുമായി ജോര്‍ജിന് അടുത്ത ബന്ധമുണ്ട്. മാണിയുടെ പല നീക്കങ്ങളും വിഎസ് അറിഞ്ഞിരുന്നത് ജോര്‍ജ്ജിലൂടെയാണ്.
ജോര്‍ജ് പുറത്തുപോകണം എന്നുതന്നെയാണ് ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം. എന്നാല്‍ ജി. കാര്‍ത്തികേയന്‍ മരിച്ച സീറ്റില്‍ ആരു ജയിക്കുമെന്ന് ഉറപ്പില്ലാതിരിക്കുന്ന പശ്ചാത്തലത്തില്‍ പി.സി. ജോര്‍ജിനെ ഒഴിവാക്കുന്നത് ബൂദ്ധിയല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ വാദം. രമേശിന് ജോര്‍ജുമായി അടുത്ത ബന്ധമുണ്ടെന്ന് മാത്രമല്ല ബാര്‍ക്കോഴ കേസില്‍ കെഎം മാണിക്കെതിരെ കരുക്കള്‍ നീക്കിയതില്‍ ഐ ഗ്രൂപ്പ് നേതാക്കള്‍ പി.സി. ജോര്‍ജിനെ ഉപയോഗിച്ചിരുന്നു. ജോര്‍ജ് അറിഞ്ഞോ അറിയാതെയോ ഐ ഗ്രൂപ്പുകാരുടെ കെണിയില്‍ പെടുകയും ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha