സരിതാ വിവാദം കൊഴുക്കുന്നു; സാധനവിലയും

ഓണത്തിനും റംസാനും ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിപണിയില്‍ സാധനവില കുതിക്കുന്നു. വിവാദങ്ങളില്‍ മുങ്ങിനില്‍ക്കുന്ന സര്‍ക്കാരിന് ഫലപ്രദമായി വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല. തമിഴ്‌നാട്ടിലെ ഒരു കിലോ ഉള്ളിക്ക് 24രൂപ വിലയുള്ളപ്പോള്‍ കേരളത്തില്‍ 44 രൂപയുണ്ട്. സവാളക്ക് കഴിഞ്ഞയാഴ്‌ച 25 രൂപയായിരുന്നു. ഇന്നലത്തെ വില 36. വെള്ളരിയ്‌ക്കും മത്തനും ഏത്തക്കായ്‌ക്കും വില ഇരട്ടിയായി.
പണ്ട് സാധനവില കൂടുമ്പോള്‍ ജില്ലാഭരണകൂടം ഇടപെട്ടിരുന്നു. വിലനിയന്ത്രണ സ്‌ക്വാഡുകള്‍ രംഗത്തിറങ്ങുകയും സാധനവില നിയന്ത്രിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സരിതയിലും സോളാറിലും മുങ്ങിനില്‍ക്കുന്ന കേരളസര്‍ക്കാരിന് വിപണിയില്‍ ഇടപെടാന്‍ കഴിയുന്നില്ല.
റംസാന്‍-ഓണചന്തകള്‍ സജീവമാക്കാനുള്ള സമയം അതിക്രമിച്ചെങ്കിലും യാതൊരു നടപടികളും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടായിട്ടില്ല. സിവില്‍ സപ്ലൈസ് ഭരിക്കുന്നത് ഘടകകക്ഷി മന്ത്രിയാണ്. കോണ്‍ഗ്രസ് മന്ത്രിയായിരുന്നെങ്കില്‍ വിവാദങ്ങളില്‍ കുടുങ്ങിയതാണെന്ന് പറയാമായിരുന്നു.
പഴങ്ങളുടെ വില ഇരട്ടിയിലേറെയായിരിക്കുന്നു. ഏത്തന് 52 ഉം,പൂവന് 64 ഉം,രസകദളിക്ക് 65 രൂപയുമാണ് വില. ഇരുപത്തി നാലുമണിക്കൂറും ടി.വിയില്‍ സരിതയെ കണ്ടാല്‍ വയറുനിറയില്ലെന്നാണ് പാവം നാട്ടുകാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha