സരിതയുടെ വെളിപ്പെടുത്തലില്‍ പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്താന്‍ ശ്രമം

സോളാര്‍ തട്ടിപ്പ് കേസില്‍ മന്ത്രിമാരെ രക്ഷിക്കുന്നതിനൊപ്പം ചീഫ് വിപ്പ് പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്താനും എ ഗ്രൂപ്പ് എം.എല്‍.എ ശ്രമിച്ചു. മലപ്പുറത്തുള്ള ഒരു വ്യവസായി വഴിയാണ് ഇതിനുള്ള നീക്കങ്ങള്‍ നടത്തിയത്. സരിത കോടതിയില്‍ എഴുതി നല്‍കുന്ന കാര്യങ്ങളുടെ കൂടെ പി.സി ജോര്‍ജിന്റെ പേരും ഉള്‍പ്പെടുത്തണമെന്നാണ് എം.എല്‍.എ ആവശ്യപ്പെട്ടത്. എന്നാല്‍ പണം കൊടുത്ത് സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നെന്ന് ഒരു ചാനല്‍ ഇന്നലെ വാര്‍ത്ത പുറത്ത് കൊണ്ടുവന്നതോടെ പദ്ധതി പാളിപ്പോയി.
സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ പരസ്യമായി ആക്രമണങ്ങള്‍ നടത്തുന്ന പി.സി ജോര്‍ജിനെ ഉള്‍പ്പെടുത്തിയാല്‍ മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ ആ വഴിക്ക് പോകും, മുന്നണിക്ക് ഭാരമായ ജോര്‍ജിനെ ഒഴിവാക്കുകയും ചെയ്യാം അതായിരുന്നു ലക്ഷ്യം. എ ഗ്രൂപ്പ് പാളയത്തില്‍ നിന്ന് ഐ ഗ്രൂപ്പുകാരുമായി അടുത്തതോടെയാണ് ജോര്‍ജിനെതിരെ മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവര്‍ രംഗത്തെത്തിയത്. മന്ത്രിസഭയിലെയും കോണ്‍ഗ്രസിലെയും ആര്‍ക്കൊക്കെ സരിതയുമായി ബന്ധം ഉണ്ടായിരുന്നെന്ന് ജോര്‍ജിന് വ്യക്തമായി അറിയാം. അതിന്റെ തെളിവുകളും അദ്ദേഹത്തിന്റെ പക്കലുണ്ട്.
എം.എല്‍.എയുടെ നീക്കം മനസിലാക്കിയ ജോര്‍ജ് പ്രതിപക്ഷത്തുള്ള ചിലര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും വിവരങ്ങള്‍ നല്‍കി. തുടര്‍ന്നാണ് സരിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നത്. ഇതോടെ കോണ്‍ഗ്രസും മന്ത്രിമാരും വെട്ടിലായി. ഇന്നലെ പത്തനംതിട്ടയിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതേക്കുറിച്ച് പ്രതികരിച്ചില്ല. കേസിന്റെ തുടക്കം മുതല്‍ പി.സി ജോര്‍ജിന്റെ ശരിവയ്‌ക്കുന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്. അതിനാല്‍ ജോര്‍ജിനെ എങ്ങനെയും തകര്‍ക്കാന്‍ എ ഗ്രൂപ്പിലെ ഉന്നതര്‍ രഹസ്യയോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha