ഉമ്മന്‍ചാണ്ടിയും മാറുന്നു

മുന്നും പിന്നും നോക്കാതെയുള്ള സ്വന്തം ശൈലി തിരുത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറാകുന്നു. സ്വന്തം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ഉമ്മന്‍ചാണ്ടിയെപോലെ ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ ഉടനെ വന്നു ചേരും. 24 മണിക്കൂറും തിരക്കിട്ടോടുന്ന മുഖ്യമന്ത്രി ഇനി ഓര്‍മ്മ മാത്രമായിരിക്കും. സഹപ്രവര്‍ത്തകരെ തിരുകി നിറയ്‌ക്കുന്ന കാര്‍ യാത്രയും ഓര്‍മയാവും. ആര്‍ക്കും എപ്പോഴും മുഖ്യമന്ത്രിക്ക് ഒപ്പം നിന്നു പടമെടുക്കാമെന്ന അവസ്ഥയ്‌ക്കും മാറ്റമുണ്ടാകും. മുഖ്യമന്ത്രിയായിരിക്കെ വി എസ് അച്യുതാനന്ദന്‍ പിന്തുടര്‍ന്ന ശൈലിയാണ് ഒരു മുഖ്യമന്ത്രിക്ക് അഭികാമ്യമെന്ന് അടുപ്പക്കാര്‍ ഉമ്മന്‍ചാണ്ടിയെ ഉപദേശിച്ചു കഴിഞ്ഞു.
സരിത-ബിജു വിവാദത്തില്‍ പെട്ട് വെള്ളത്തിലായതോടെയാണ് വില്ലനായ തന്റെ ശൈലിയാണെന്ന് ഉമ്മന്‍ചാണ്ടി മനസിലാക്കിയത്. യഥാര്‍ത്ഥത്തില്‍ ഉമ്മന്‍ചാണ്ടിയെയല്ല അദ്ദേഹത്തിന്റെ ജനകീയതയെയാണ് സ്റ്റാഫും തട്ടിപ്പുകാരും ചേര്‍ന്ന് മുതലെടുത്തത്. കൈയ്യില്‍ കിട്ടുന്ന അപേക്ഷകളിലൊക്കെ ഉത്തരവ് എഴുതുന്ന ശീലവും ഉമ്മന്‍ചാണ്ടി അവസാനിപ്പിക്കും. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അപേക്ഷകള്‍ പരിശോധിച്ച് ഉത്തരവ് എഴുതിയിരുന്നത് അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഷീലാതോമസാണ്. കരുണാകരനും അപേക്ഷകളില്‍ ഉത്തരവ് എഴുതുന്ന ശീലം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുടെ താല്‌പര്യപ്രകാരം എന്ന തലക്കെട്ടില്‍ സെക്രട്ടറിയാണ് ഉത്തരവുകള്‍ എഴുതിയിരുന്നത്. മകന്‍ അരുണ്‍കുമാറിന്റെ അനധികൃത നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വി. എസ്. നേരിട്ട് ഇടപെട്ടിരുന്നില്ല. മനപൂര്‍വ്വമല്ല, ഇത്തരം ഫയലുകള്‍ കണ്ടിരുന്നത് ഷീലാതോമസാണ്.
മറ്റ് മന്ത്രിമാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കുന്നതും ഉമ്മന്‍ചാണ്ടി നിര്‍ത്തും. ഓരോരുത്തരും ചെയ്യേണ്ട കാര്യങ്ങള്‍ അവരവര്‍ ചെയ്യാന്‍ എന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുക. ഘടകകക്ഷി മന്ത്രിമാരുടെ വകുപ്പില്‍ വരെ ഉമ്മന്‍ചാണ്ടി ഇടപെടുമായിരുന്നു. ഇത്തരം ഇടപെടലുകള്‍ നിര്‍ത്തും. ഫയലുകളില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ അര്‍ഹതയുള്ള വകുപ്പുകളുടെ കുറിപ്പുകള്‍ മറി കടന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമെടുക്കുന്ന ശൈലിയും അവസാനിപ്പിക്കും. ധന-നിയമ വകുപ്പുകളുടെ അഭിപ്രായം മറികടന്നാല്‍ അത് ഓഡിറ്റ് പാരയിലേക്കും വിജിലന്‍സ് അന്വേഷണത്തിലേക്കും വഴിതെളിക്കുമെന്ന് മുഖ്യമന്ത്രിക്ക് ഉപദേശം കിട്ടി.
ഇരുപത്തിനാലു മണിക്കൂറും കേരളവികസനം എന്ന പല്ലവി ആവര്‍ത്തിച്ചു നടന്നതിന്റെ ബുദ്ധിമുട്ടുകളാണ് താന്‍ അനുഭവിക്കുന്നതെന്ന് ഉമ്മന്‍ചാണ്ടിക്കറിയാം. യു. കെ. യിലെ ടീം സോളാര്‍ കണ്‍സള്‍ട്ടന്‍സിയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് ഡല്‍ഹിയിലായിരുന്ന ഉമ്മന്‍ചാണ്ടിക്ക് മുമ്പില്‍ ബിജുരാധാകൃഷ്‌ണന്‍ പ്രസന്റേഷന്‍ നടത്തിയിരുന്നു. മുഖ്യമന്ത്രി കണ്ണുമടച്ച് വിശ്വസിച്ചു. വികസനമെന്ന് പറഞ്ഞ് വരുന്നവരെ കണ്ണുമടച്ച് വിശ്വസിക്കരുതെന്ന പാഠമാണ് ഇതില്‍ നിന്നും ഉമ്മന്‍ചാണ്ടി പഠിച്ചത്. ശൈലിമാറ്റത്തിന് ഇതും കാരണമായിട്ടുണ്ട്.
ഇനി തട്ടിപ്പുകാര്‍ക്ക് മുഖ്യമന്ത്രിയെ കാണാനും പ്രസന്റേഷന്‍ നടത്താനും കഴിയില്ല.
https://www.facebook.com/Malayalivartha