ആഭ്യന്തരത്തിന് മതില്‍ തീര്‍ത്തത് ആന്റണി

ആഭ്യന്തരം കൈവിടാതിരിക്കാന്‍ തിരുവഞ്ചൂരിനെ സഹായിച്ചത് എ.കെ.ആന്റണി. ഉമ്മന്‍ ചാണ്ടിക്കും രമേശിനും ഒപ്പമില്ലാത്ത തിരുവഞ്ചൂര്‍ ആന്റണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കേരളത്തിലെ നേതാവാണ്. എ.കെ ആന്റണിയുടെ കേരളകാര്യങ്ങള്‍ നോക്കിനടത്തുന്നതും തിരുവഞ്ചൂരിന്റെ പേഴ്‌സണല്‍ സ്റ്റാഫാണ്.
ആന്റണി മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയായിരുന്ന പി.ആര്‍ ശശികുമാരന്‍ നായര്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തിരുവഞ്ചൂരിന്റെ സ്റ്റാഫിലാണുള്ളത്. ശശികുമാരന്‍ നായര്‍ തിരുവഞ്ചൂരിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ്. ആന്റണിയുടെ മലയാളത്തിലുള്ള പ്രസംഗങ്ങള്‍ തയ്യാറാക്കുന്ന ഉത്തരവാദിത്വം ശശികുമാരന്‍ നായര്‍ക്കാണ്. ആന്റണിയുടെ അടുപ്പക്കാര്‍ തിരുവഞ്ചൂരിന്റെ സ്റ്റാഫില്‍ വേറേയുമുണ്ട്.
ഉമ്മന്‍ചാണ്ടിയുടെ ആദ്യമന്ത്രിസഭയില്‍ തിരുവഞ്ചൂര്‍ മന്ത്രിയായതും ആന്റണിയുടെ നോമിനിയായിട്ടാണ്. ആന്റണി കേരളത്തില്‍ വിശ്വസിക്കുന്ന ചുരുക്കം ചില നേതാക്കളിലൊരാളാണ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. തന്റെ വകുപ്പില്‍ രമേശ് നോട്ടമിട്ടിരിക്കുന്നു എന്ന വിവരമറിഞ്ഞയുടനെ തിരുവഞ്ചൂര്‍ ആന്റണിയെ ബന്ധപ്പെട്ടു. ആന്റണിയറിയാതെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ഇലയനങ്ങില്ല.
പുന:സംഘടനാ കാര്യം ചര്‍ച്ചചെയ്യാന്‍ തന്റെ വസതിയിലെത്തിയ ഉമ്മന്‍ചാണ്ടിയോടും രമേശിനോടും ആഭ്യന്തരത്തില്‍ നോട്ടമിടേണ്ടെന്ന് ആന്റണി പറഞ്ഞിരുന്നു. കേരളം കണ്ട ഏറ്റവും നല്ല ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂരെന്ന് ആന്റണി സോണിയാഗാന്ധിയേയും ധരിപ്പിച്ചു. ടി.പി.ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെയുള്ള ആന്വേഷണങ്ങളില്‍ തിരുവഞ്ചൂര്‍ പ്രകടിപ്പിച്ച നിഷ്‌പക്ഷതയക്ക് പാര്‍ട്ടി ഭേദമെന്യേ അംഗീകാരം കിട്ടിയതായും ആന്റണി ഹൈക്കമാന്റിനെ ധരിപ്പിച്ചു.
തിരുവഞ്ചൂരിനെ തൊട്ടാല്‍ ആന്റണി പിണങ്ങുമെന്നും ചാണ്ടിയും രമേശും മനസിലാക്കിയപ്പോള്‍ അവര്‍ ആഗ്രഹം മനസിലൊതുക്കി. ജോപ്പന്റെ അറസ്റ്റോടെ തിരുവഞ്ചൂരും ഉമ്മന്‍ചാണ്ടിയും മാനസികമായി അകന്നിരുന്നു. ആഭ്യന്തരമന്ത്രാലയം വിട്ടുനല്‍കാന്‍ വിമുഖത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് രമേശുമായും അകന്നു. ചുരുക്കത്തില്‍ ഒറ്റയാള്‍ പോരാട്ടം നയിക്കുകയാണ് തിരുവഞ്ചൂര്‍.
https://www.facebook.com/Malayalivartha