കോരന് കഞ്ഞി കുമ്പിളില്‍...കര്‍ഷകതൊഴിലാളിക്ക് വോട്ടുബാങ്കില്ലല്ലോ, പെന്‍ഷന്‍ മുടങ്ങിയിട്ട് ഒരു കൊല്ലം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പരിഷ്‌ക്കരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ ആരംഭിച്ചിരിക്കെ സംസ്ഥാനത്തെ നാമമാത്രം ചെറുകിട കര്‍ഷകരുടെ പെന്‍ഷന്‍ മുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. 2014 ആഗസ്റ്റിലാണ് കര്‍ഷകര്‍ക്ക് ഒടുവില്‍ പെന്‍ഷന്‍ വിതരണം ചെയ്തത്. പ്രതിമാസം 500 രൂപ മാത്രമാണ് പെന്‍ഷന്‍. പ്രതികൂല കാലാവസ്ഥയും മറ്റും കാരണം ഉല്പന്നങ്ങള്‍ക്ക് ന്യായ വില പോലും ലഭിക്കാതെ കഷ്ടപ്പെടുന്ന കര്‍ഷകരെ സംബന്ധിച്ചടത്തോളം പെന്‍ഷന്‍ മുടങ്ങിയത് വലിയ പ്രതിസന്ധിയായി.
സര്‍ക്കാര്‍ പണം നല്‍കാത്തതു കാരണമാണ് പെന്‍ഷന്‍ മുടങ്ങിയതെന്നാണ് കൃഷി വകുപ്പിന്റെ വിശദീകരണം. 60 വയസ്സു പൂര്‍ത്തിയായ ജോലി ചെയ്യാനാവാത്ത കര്‍ഷകരെയാണ് പെന്‍ഷന്‍ പരിഗണിക്കുന്നത്. കര്‍ഷക പെന്‍ഷന്‍ മുടങ്ങിയെങ്കിലും കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കാനുള്ള അപേക്ഷ സര്‍ക്കാര്‍ മുടക്കമില്ലാതെ സ്വീകരിക്കുന്നുണ്ട്. പെന്‍ഷന്‍ കുടിശ്ശിക കൃത്യമായി നല്‍കാതെ പുതിയ അപേക്ഷകള്‍ സ്വീകരിക്കരുതെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ ചെവിക്കൊള്ളുന്നു പോലുമില്ല.
കര്‍ഷകതൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് വിവാഹധനസഹായമായി നല്‍കുന്ന തുക അഞ്ചുവര്‍ഷമായി മുടങ്ങിയിരിക്കുന്നു. വിവരം അന്വേഷിച്ച് ചെല്ലുന്ന കര്‍ഷകരോട് മര്യാദയ്ക്ക് മറുപടി പറയാന്‍ പോലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ലെന്നാണ് ആരോപണം. 2010 ജൂണ്‍ വരെയുള്ള ധനസഹായം മാത്രമാണ് ഇതുവരെ വിതരണം ചെയ്തിട്ടുള്ളത്. ഇതിനു ശേഷമുള്ളതൊന്നും വിതരണം ചെയ്യാതെ കിടക്കുകയാണ്. ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് ധനസഹായത്തിന്റെ അപേക്ഷകളും സര്‍ക്കാര്‍ പരിഗണിക്കാത്തത്. രണ്ടായിരം രൂപ മാത്രമാണ് പാവപ്പെട്ട കര്‍ഷകതൊഴിലാളികളുടെ പെണ്‍മക്കള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന വിവാഹധനസഹായം.
അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഡിഎ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു കുറവും വരുത്തിയിട്ടില്ല. കേന്ദ്രം പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ കേരളം ഡിഎ നല്‍കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തൊട്ടാല്‍ വിവരമറിയും എന്നതാണ് കാരണം. പാവപ്പെട്ട കര്‍ഷക തൊഴിലാളി വോട്ടു ബാങ്ക് അല്ലാത്തതുകൊണ്ടായിരിക്കാം സര്‍ക്കാരിന്റെ നിസംഗത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha