വേണം ഏവര്‍ക്കും ശ്രവണ സഹായി? ശബ്ദ മലിനീകരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിപ്പിക്കുന്നു; ചിലപ്പോള്‍ അബോര്‍ഷനും കാരണമാകും

ശബ്ദ കോലാഹലങ്ങളാല്‍ മുഖരിതമായ നമ്മുടെ നാട്ടില്‍ കേള്‍വി നഷ്ടപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നര്‍മ്മ കൈരളി ടീം അവതരിപ്പിച്ചു വരുന്ന ലഘു നാടകമാണ് \'നോയിസ് പ്ലീസ്\'. എല്ലാവര്‍ക്കും ശ്രവണ സഹായിയല്ല വേണ്ടത് പകരം എല്ലാവരും കരുതിയിരിക്കണം എന്ന സന്ദേശമാണ് ഈ നാടകത്തിലൂടെ ഇവര്‍ പ്രചരിപ്പിക്കുന്നത്.
ഇന്ന് നമ്മള്‍ ഏറ്റവും കൂടുതല്‍ വിസ്മരിക്കപ്പെട്ട പൊതുജനാരോഗ്യ വിപത്താണ് ശബ്ദ മലിനീകരണം. മനുഷ്യരില്‍ മാത്രമല്ല മറ്റു ജീവികളിലും എന്തിന് അചേതനങ്ങളായ വസ്തുക്കളില്‍ പോലും ശബ്ദമലിനീകരണം സൃഷ്ടിക്കുന്ന ഭവിഷ്യത്തുകള്‍ വളരെ ഗുരുതരമാണ്. ഉയര്‍ന്ന തീവ്രതയുള്ള ശബ്ദം കേട്ടാല്‍ താത്കാലികമോ സ്ഥിരമോ ആയ കേഴ്‌വിക്കുറവിനും കാരണമാകും. ശബ്ദ മലിനീകരണം ശാരീരികവും മാനസികവുമായ മറ്റനേകം ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്നു.
ഉച്ചത്തിലുള്ള ശബ്ദം അരോചകമാകുമെന്ന് മാത്രമല്ല ബ്ലഡ് പ്രഷര്‍, ഷുഗര്‍ എന്നിവയും വര്‍ധിപ്പിക്കുന്നു. കഠിനമായ ശബ്ദങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച മുരടിപ്പിക്കുകയും ചിലപ്പോള്‍ അത് അബോര്‍ഷനു പോലും കാരണമായേക്കും.
ഈയൊരു പരിതസ്ഥിതിയിലാണ് സുരക്ഷിത ശബ്ദത്തിനായുള്ള ദേശീയ സംരഭത്തിന്റെ ഭാഗമായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സേഫ് സൗണ്ടുമായി സഹകരിച്ച് നര്‍മ്മകൈരളി \'നോയിസ് പ്ലീസ്\' എന്ന നാടകം അവതരിപ്പിച്ച് വരുന്നത്. ആറോളം വേദികളില്‍ നിറഞ്ഞ കൈയ്യടിയോടെ ഈ നാടകം ഇതുവരെ അവതരിപ്പിച്ചു കഴിഞ്ഞു.
സാധാരണ സംസാരിക്കുമ്പോള്‍ കേള്‍ക്കുന്ന ശബ്ദത്തിന്റെ തീവ്രത 30 മുതല്‍ 40 ഡെസിബിലാണ്. കാറുകളുടെ സാധാരണ ഹോണിന്റെ ശബ്ദം 70 ഡെസിബിലാകുമ്പോള്‍ എയര്‍ ഹോണിന്റേത് 90 മുതല്‍ നൂറുവരേയാണ്. 100ന് മുകളില്‍ തീവ്രതയുള്ള ശബ്ദം അരോചകമാണ്. വെടിപൊട്ടുന്ന ശബ്ദം 130 ഡെസിബെല്‍ ആണ്.
ഇങ്ങനെ നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം കേള്‍ക്കുന്ന വൈവിധ്യങ്ങളായ ശബ്ദങ്ങളില്‍ നിയന്ത്രിതമായിട്ടുള്ളതേത്, ദോഷകരമായിട്ടുള്ളതേത് എന്ന തിരിച്ചറിവും ദോഷകരമായിട്ടുള്ള ശബ്ദങ്ങളെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയും ഈ നാടകം ഓര്‍മ്മിപ്പിക്കുന്നു.
ശബ്ദം അളക്കുന്ന ഡെസിബെല്‍ മീറ്ററാണ് ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രം. ഓരോ ശബ്ദത്തിനനുസരിച്ചും ഇതിന്റെ മീറ്റര്‍ ചലിക്കുന്നു. അവസാനം പൂഴിക്കുന്നാശാന്റെ കര്‍ണകഠോരമായ വെടിക്കെട്ടാകുമ്പോള്‍ അചേതനമായ ഡെസിബെല്‍ മീറ്ററിനു പോലും താങ്ങാനാകുന്നില്ല. ഉടന്‍ ഡെസിബെല്‍ മീറ്റര്‍ ഒരമാനുഷിക ശക്തിയായി മാറുകയും മനുഷ്യ കുലത്തിന്റെ നന്മയ്ക്കായി ചില മുന്നറിയിപ്പുകള്‍ നല്‍കുകയും ചെയ്യുന്നു. അവസാനം കഥാപാത്രങ്ങള്‍ക്ക് കേഴ്‌വി നഷ്ടമായി എല്ലാവരും ശ്രവണ സഹായിയെ ആശ്രയിക്കുമ്പോള്‍ എല്ലാവര്‍ക്കും ശ്രവണ സഹായിയല്ല വേണ്ടത് പകരം എല്ലാവരും ശ്രദ്ധിക്കണം എന്ന സന്ദേശത്തോടെ നാടകം അവസാനിക്കുന്നു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. തോമസ് മാത്യുവാണ് നാടകത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. ഡോ. തോമസ് മാത്യു, അഡ്വ. രാജാനന്ദ്, ഡോ. സജീഷ് ജി, പ്രദീപ് അയിരൂപ്പാറ, ദിലീപ് കുമാര്‍ ദേവ് എന്നിവരാണ് അഭിനേതാക്കള്‍. ശശി പൂജപ്പുരയാണ് മേക്കപ്പും വസ്ത്രാലങ്കാരവും. ശബ്ദ മിശ്രണം വിനു ജെ. നായര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha