ഇതൊരു വര്‍ഗീയമാക്കല്ലേ മക്കളേ... തല്ലിക്കൊന്നതിന്റെ പരമാര്‍ത്ഥം ഹൃദയവേദനയോടെ സുമയ്യ ടീച്ചര്‍ വിവരിക്കുന്നു

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകമാണ് തിരുവനന്തപുരം വക്കത്ത് നടന്നത്. എട്ടും പൊട്ടും തിരിയാത്ത ഡിഗ്രിക്കാരനായ ഷബീറിനെ ഏതാണ്ട് അതേ പ്രായത്തിലുള്ളവര്‍ പട്ടിയെ തല്ലുന്നതുപോലെയാണ് തല്ലിക്കൊന്നത്. ഈ സംഭവങ്ങളറിഞ്ഞ് സംഭവം വര്‍ഗീയമാക്കി മാറ്റാന്‍ ചില തത്പര കക്ഷികള്‍ ശ്രമിച്ചപ്പോഴാണ് സാമൂഹിക പ്രവര്‍ത്തക കൂടിയായ സുമയ്യ അബ്ദുള്‍സലാം നാവായിക്കുളത്ത് നിന്നും വക്കത്തേയ്‌ക്കെത്തുന്നത്. അനേകം ആളുകളെ അറിവിന്റെ ലോകത്ത് വലിയ ആളാക്കിയ മുന്‍ വൈസ് പ്രിന്‍സിപ്പാള്‍ കൂടിയായ സുമയ്യടീച്ചര്‍ സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ചു. അവര്‍ മലയാളി വാര്‍ത്തയോട് അവരുടെ ഹൃദയ വേദന പങ്കുവച്ചു.
ആദ്യം ഷബിറിന്റെ കഥ
ഷബീറിന്റെ ഉമ്മയായ നസീമ ബീവി വളരെ കഷ്ടപ്പെട്ടാണ് ജീവിതം കരയ്ക്കടുപ്പിച്ചിരുന്നത്. ആദ്യ വിവാഹത്തില്‍ മക്കളില്ലാത്തതിനാല്‍ ഒരു കുഞ്ഞിനെ ദത്തെടുത്തു വളര്‍ത്തി. അയാള്‍ ഇപ്പോള്‍ വലുതായി ഗള്‍ഫിലാണ്. രണ്ടാം വിവാഹം കഴിച്ചത് കിളി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ട സക്കീര്‍ ഹുസൈനെയാണ്. ആ ബന്ധത്തില്‍ മൂന്നു മക്കള്‍ ജനിച്ചു. ഷബിര്‍ (23), ഷമീര്‍ (21), ഷജീര്‍ (18). കുറച്ചു നാളത്തെ ദമ്പത്യത്തിനു ശേഷം അയാള്‍ നസീമയെ ഉപേക്ഷിച്ചു. തുടര്‍ന്ന് ചുമടെടുത്തും തൊഴിലുറപ്പിനു പോയും മക്കളെ വളര്‍ത്തിയെടുത്തു. കൊല്ലപ്പെട്ട ഷബീറും ഷജീറും അനാഥാലയത്തില്‍ നിന്നാണ് വളര്‍ന്നത്.
എന്നാല്‍ ഷബീര്‍ നന്നായി പഠിച്ചു. ഡിഗ്രി പഠനത്തോടൊപ്പം അനുജന്മാരുടെ പഠിത്തം കൊണ്ടു പോകാനായി മോസ്തിരിപ്പണിക്കും മീന്‍ വില്‍പനയുടെ ഏജന്റായും ജോലി ചെയ്തു.
ഷബിര്‍ നാട്ടുകാരുടെ കണ്ണിലുണ്ണി
ഷബീറിന്റെ മരണവുമായി ചുറ്റിപ്പറ്റി ഒരമ്പലവും ആനവാലും കഥകളില്‍ നിറഞ്ഞിരുന്നു. അതിന്റെ സത്യാവസ്ഥയും ടീച്ചര്‍ വിവരിച്ചു.
യാതൊരു വര്‍ഗീയ വാദവും ഇല്ലാതെ ഏകോദര സഹോദരങ്ങളെപ്പോലെ കഴിഞ്ഞ നാടാണിവിടം. പുത്തന്‍നട ശിവക്ഷേത്രം ഹിന്ദുക്കളും മുസ്‌ളീങ്ങളും ഒരു പോലെ വിശ്വസിക്കുന്ന അമ്പലമാണ്. അവിടത്തെ ഉത്സവത്തിന് ജാതിയോ മതമോ ഇല്ല. ഒരു ദേശത്തിന്റെ ഉത്സവമാണ്. മരിച്ച ഷബീര്‍ അമ്പലത്തിലെ എല്ലാ കാര്യത്തിലും മുന്‍പന്തിയിലുണ്ടാകും. അമ്പലത്തിലെ സദ്യക്ക് പച്ചക്കറിയെടുക്കാനും പാചകത്തിനും വിളമ്പാനുമെല്ലാം ഷജീര്‍ ഉണ്ടാകും. അമ്പലത്തിന് സമീപമിട്ടിരിക്കുന്ന പോസ്റ്റിലാണ് ഷബീര്‍ ഉള്‍പ്പെടെയുള്ള സുഹൃത് സംഘത്തിന്റെ ഇരുപ്പ്. അതിന്റെ ഓര്‍മ്മകള്‍ ഇപ്പോഴും എല്ലാവരിലുമുണ്ട്.
അമ്പലത്തിലെ ആറാട്ട് ദിവസം എഴുന്നള്ളത്തിന് വന്ന ആന ഇടവഴിയിലൂടെ പോകുന്ന സമയത്ത് മദ്യപിച്ച ചിലര്‍ ആനയുടെ വാലില്‍ പ്രകോപനപരമായി പിടിച്ചുവലിച്ചു. പ്രാണവേദനയോടെ ആന നേരെ വിരണ്ടോടി. ഈ ഓട്ടത്തില്‍ ആന കുളത്തില്‍ വീഴുകയും മരണമടയുകയും ചെയ്തു.
ഈ സംഭവത്തിന് സാക്ഷിയായവരാണ് ഷബീറും ഉണ്ണികൃഷ്ണനും. അവരുടെ മൊബൈലില്‍ അത് പതിയുകയും ചെയ്തു. തുടര്‍ന്ന് പോലീസില്‍ ഇവര്‍ മൊഴി നല്‍കിയതാണ് വലിയ വിരോധത്തിന് കാരണമായത്. ഇവിടേയും ഷബിര്‍ നിന്നത് അമ്പലത്തിന്റെ നന്മയ്ക്ക് വേണ്ടിയാണ്. ഇതില്‍ പ്രകോപിതരായ യുവാക്കള്‍ തമ്മില്‍ പല പ്രാവശ്യം വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇതിന്റെ പാരമ്യമായിരുന്നു തല്ലിക്കൊല.
ഇതിന്റെ വീഡിയോ പുറംലോകം അറിഞ്ഞതോടെ ഇതൊരു വര്‍ഗീയമാക്കി മാറ്റാനുള്ള ശ്രമം നടന്നു. എന്നാല്‍ ഷബീറിനോടൊപ്പം പരിക്കേറ്റ ഉണ്ണികൃഷ്ണനുള്ളതാണ് ആകെയുള്ള പിടിവള്ളി. അടിക്കിടെ എടാ അവന്‍ പാവമാടാ... എന്ന ഉണ്ണിയുടെ വിളിയും എല്ലാവരും കേട്ടതാ. ഉണ്ണി ഓടിച്ചാടി ബസില്‍ കയറിയാണ് രക്ഷപ്പെട്ടത്. അല്ലെങ്കില്‍ അവനും കൊല്ലപ്പെട്ടേനെ.
ശരിക്കും 6 പേര്‍ ഉണ്ടെന്നാണ് പറയുന്നത്. രണ്ടു പേര്‍ ഫോണ്‍വഴി സഹായം ചെയ്‌തെന്നാണ് വിലയിരുത്തല്‍ ഇവരെ പിടികൂടിയിട്ടില്ല.
അനാഥമാണിന്ന് ഷബീറിന്റെ കുടുംബം. അവരുടെ കുടംബത്തിന് മതിയായ സാമ്പത്തിക ഭദ്രതയാണാവശ്യം. പക്ഷേ ഈ കൊലപാതകത്തില്‍ അല്‍പം പോലും വര്‍ഗീയമില്ല. രാഷ്ട്രീയവുമില്ല. ഇത് വര്‍ഗീയവത്ക്കരിക്കാതിരിക്കാന്‍ സുമയ്യ ടീച്ചറെപ്പോലുള്ള നിരവധി സമുദായ നേതാക്കള്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ഫേസ് ബുക്ക് വഴിയും നേരിട്ടും അതിനായി വേണ്ടത് ചെയ്യുന്നുമുണ്ട്. കടലോര പ്രദേശമായ ഇവിടത്തെ ജനങ്ങള്‍ പാവങ്ങളാണ്. അവരുടെ മേല്‍ ആരും തീവാരിയടരുതേ... തൊണ്ട ഇടറി ടീച്ചര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha