ആഭ്യന്തര വകുപ്പ് അറിയുന്നില്ല; മാവോയിസ്റ്റുകള്‍ വേരുറപ്പിക്കുന്നു

സംസ്ഥാന ഭരണത്തിലുള്ള അസ്ഥിരതയുടെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തി എഴുപതുകളില്‍ കേരളത്തില്‍ സജീവമായിരുന്ന നക്‌സല്‍ പ്രവര്‍ത്തനത്തിന് പുതുജീവന്‍. മാവോയിസ്‌ററുകളെന്ന പേരില്‍ മലബാര്‍ ഭാഗത്താണ് നക്‌സലുകള്‍ വേരുറപ്പിച്ചിരിക്കുന്നത്. ആഭ്യന്തരവകുപ്പിന് ഇതു സംബന്ധിച്ച് യാതൊരു ധാരണയുമില്ല. സി.പി.എം ഉപരോധം തടയണോ നക്‌സലുകളെ അമര്‍ച്ച ചെയ്യണോ എന്നാണ് ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ പോലും ചോദിക്കുന്നത്.
കോഴിക്കോട് വിലങ്ങാട് വാവാട് കോളനിയില്‍ കഴിഞ്ഞയാഴ്‌ച മുക്കാല്‍ മണിക്കൂര്‍ നേരം തോക്കുകളേന്തിയ മാവോയിസ്റ്റുകള്‍ വിഹരിച്ചിട്ടും പുറം ലോകം അറിഞ്ഞില്ല. ഇവരുടെ കൈയ്യില്‍ അത്യന്താധുനിക മൊബൈല്‍ ഫോണ്‍ ജാമറുകളുണ്ടായിരുന്നു എന്ന വാര്‍ത്ത കേട്ട് പോലീസു പോലും കണ്ണു തള്ളി. മാവോയിസ്റ്റുകളെ കണ്ടയുടന്‍ പോലീസിനെ അറിയിക്കാന്‍ നാട്ടുകാര്‍ മൊബൈല്‍ ഫോണ്‍ എടുത്തെങ്കിലും അവ ഔട്ട് ഓഫ് കവറേജായി. പോലീസിന് വിവരം കിട്ടിയിരുന്നെങ്കില്‍ നിമിഷങ്ങള്‍ കൊണ്ട് എത്തിച്ചേരാവുന്ന തരത്തില്‍ മികച്ച റോഡുകളുള്ള സ്ഥലമാണ് വിലങ്ങാട് കോളനി. അഞ്ചംഗ സംഘമാണ് വിലങ്ങാട്ടെത്തി ഭക്ഷണ സാധനങ്ങള്‍ കൈക്കലാക്കിയത്.
മാവോയിസ്റ്റുകള്‍ വിലങ്ങാട് എത്തിയ വിവരം പോലീസ് ഇന്റലിജന്‍സ് അറിഞ്ഞില്ല. മുഖ്യമന്ത്രിക്ക് നെഞ്ചില്‍ കല്ലേറ് കിട്ടുമെന്നു പോലും അറിയാത്ത ഇന്റലിജന്‍സുമാരെ ഇതിന്റെ പേരില്‍ കുറ്റം പറയരുതെന്നാണ് പൊതു ജനങ്ങള്‍ പറയുന്നത്. ഇന്റലിജന്‍സുകാര്‍ക്ക് അവരെ പോലും വിശ്വാസമില്ലാത്ത കാലമാണ് ഇത്.
സാവധാനം വേരുറപ്പിച്ച് ഒരു പ്രദേശം വരുതിയിലാക്കുക എന്ന തന്ത്രമാണ് പഴയ നക്‌സലുകളും ഇപ്പോള്‍ മാവോയിസ്റ്റുകളും സ്വീകരിക്കുന്നത്. വയനാട്, കാസര്‍കോട്, ഭാഗങ്ങളിലുള്ള കാടുകള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവര്‍ത്തനം. ഇവിടെ നിന്നും കര്‍ണാടകത്തിലേക്ക് കടക്കാനും എളുപ്പമാണ്. തുടക്കത്തില്‍ തന്നെ കണ്ടു പിടിച്ച് നശിപ്പിച്ചില്ലെങ്കില്‍ എഴുപതുകളിലെ ‘വസന്തത്തിന്റെ ഇടിമുഴക്കം’ ആവര്‍ത്തിക്കുമെന്ന് സംശയിക്കുന്നവര്‍ ധാരാളമാണ്.
കെ. കരുണാകരനെ പോലെ ശക്തനായ ആഭ്യന്തരമന്ത്രിയും ജയറാം പടിക്കലിനെ പോലെ ശക്തനായ പോലീസ് ഓഫീസറും ഉണ്ടായിരുന്നതു കൊണ്ടാണ് നക്‌സല്‍ അതിക്രമം പോലീസിന് തടയാനായത്. എന്നാല്‍ ഭരണ നേതൃത്വത്തിന്റെ ദൗര്‍ബല്യം മുതലെടുത്ത് മുന്നേറാനാണ് മാവോയിസ്റ്റുകളുടെ പദ്ധതിയെന്ന് സൂചനയുണ്ട്.
ഇതിനിടെ തീവ്രവാദസ്വഭാവമുള്ള സി എച്ച്.ആര്‍.എം എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ വാഹനം കത്തിച്ചതിലും ദുരൂഹത തുടരുന്നു. സലീന പ്രാക്കാനം ഉപയോഗിച്ചിരുന്ന വാഹനമാണ് കഴിഞ്ഞരാത്രി അജ്ഞാതര്‍ തീയിട്ട് നശിപ്പിച്ചത്.
https://www.facebook.com/Malayalivartha