ലൈസന്‍സ് റദ്ദാക്കിയാലും മാര്‍ട്ടിന്‍ വരും

ലോട്ടറി മാഫിയാ രാജാവ് സാന്റിയാഗോ മാര്‍ട്ടിന് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തില്‍ നിന്നും നഗരസഭ പിന്‍മാറുമെന്ന് പാലക്കാട് നഗരസഭാ ചെയര്‍മാന്‍ അറിയിച്ചെങ്കിലും സാന്റിയാഗോ മാര്‍ട്ടിന്‍ കോടതിയെ സമീപിച്ച് ലൈസന്‍സ് പുനസ്ഥാപിക്കുമെന്ന് നിയമവൃത്തങ്ങള്‍.
കേരളം സാന്റിയാഗോ മാര്‍ട്ടിനെ പുറത്താക്കിയതാണ്. അന്നുമുതല്‍ കേരളത്തില്‍ കച്ചവടം നടത്താന്‍ മാര്‍ട്ടിന്‍ ശ്രമിച്ചുവരികയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ സ്വീകരിച്ച ശക്തമായ നിലപാടുകള്‍ കാരണം മാര്‍ട്ടിന് കച്ചിതുരുമ്പ് കിട്ടിയില്ല. ഒടുവില്‍ ഭാര്യയുടെ പേരില്‍ ലൈസന്‍സിനായി നടത്തിയ ശ്രമമാണ് വിജയിച്ചത്.
മാര്‍ട്ടിന്റെ ഭാര്യ ലീമറോസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ലോട്ടറി വില്‌പന നടത്താനാണ് പാലക്കാട് നഗരസഭ അനുമതി നല്‍കിയത്. രജിസ്‌ട്രേഷനും മുന്‍കൂര്‍ നികുതി അടയ്‌ക്കുന്നതിനും വേണ്ടി മാര്‍ട്ടിന്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു. കോണ്‍ഗ്രസാണ് പാലക്കാട് നഗരസഭ ഭരിക്കുന്നത്. മാര്‍ട്ടിനെ സഹായിക്കാന്‍ സെക്രട്ടറിയറ്റിലും ലോബികള്‍ സജീവമാണ്.
സിക്കിം, ഭൂച്ചാന്‍ ഭാഗ്യക്കുറി വില്‌പനയുടെ മറവിലാണ് കേരളത്തില്‍ നിന്നും മാര്‍ട്ടിന്‍ 5000 കോടി തട്ടിയെടുത്തത്. റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതോടെ കഴിഞ്ഞ സര്‍ക്കാര്‍ വില്‍പന അവസാനിപ്പിച്ചു. കുറെക്കാലം ജയിലില്‍ കഴിഞ്ഞ മാര്‍ട്ടിന്‍ വീണ്ടും സജീവമായി കഴിഞ്ഞു. തുടര്‍ന്ന് സി ബി ഐ രജിസ്റ്റര്‍ ചെയ്‌ത കേസുകള്‍ എഴുതി തള്ളാന്‍ കരുക്കള്‍ നീക്കി. ഈ കേസുകള്‍ എഴുതി തള്ളിയ ശേഷമാണ് സംസ്ഥാന സര്‍ക്കാര്‍ അപ്പീലിന് തയ്യാറായത്. നാഗലാന്റ് ഭാഗ്യക്കുറിയുടെ വില്‌പനക്കാരനായാണ് മാര്‍ട്ടിന്‍ പുതുതായി കേരളത്തില്‍ അവതരിച്ചിട്ടുള്ളത്. പഴയ കമ്പനിയായ ഫ്യൂച്ചര്‍ ഹെയ്‌മിങ് സൊല്യൂഷന്‍സിന്റെ പേരിലാണ് പുതിയ കരാര്‍ നേടിയിരിക്കുന്നത്.
പാലക്കാട് നഗരസഭ ലൈസന്‍സ് റദ്ദാക്കിയാലും കോടതിയില്‍ ചെന്ന് പുനസ്ഥാപിക്കാനാണ് മാര്‍ട്ടിന്‍ ലക്ഷ്യമിടുന്നത്. വ്യക്തമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാതിരിക്കാന്‍ മാര്‍ട്ടിന്‍ കോടതിയില്‍ നിന്നും ജയിച്ചു വരും. മാര്‍ട്ടിനെ സഹായിക്കാന്‍ കേരളത്തില്‍ ലോബികള്‍ ശക്തമാണ്.
https://www.facebook.com/Malayalivartha