''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടൊന്നും നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ല.'' വിവാദ പ്രസ്താവനകളും നിലപാടുകളുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ

ബ്രസീലിലെ തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കു രാജ്യാന്തര മാധ്യമങ്ങള്‍ നല്‍കിയ വിശേഷണം, ട്രംപിനെക്കാള്‍ അപകടകാരിയായ നേതാവ്,എന്നാണ്. കോവിഡുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവനകളും നിലപാടുകളുമായി രാജ്യത്തിനു തന്നെ അനഭിമതനായി മാറുകയാണ് ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ.
''ഞാന്‍ തുടക്കം മുതലേ ആവര്‍ത്തിക്കുന്നത് ഒരേ ഒരേ കാര്യമാണ്. കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാള്‍ ഏറെ ദോഷമാകും ചെയ്യുക. വീട്ടില്‍ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാന്‍ പറയുന്നത്. ലോക്ഡൗണ്‍ ബ്രസീല്‍ സമ്പദ് വ്യവസ്ഥയുടെ നടുവൊടിക്കും. കോവിഡ് വന്നാല്‍ സംഭവിക്കാന്‍ പോകുന്ന നഷ്ടം അതുമായി താരതമ്യം ചെയ്യുമ്പോള്‍ നിസാരമായിരിക്കും.'' എന്നാണ് തലസ്ഥാനമായ റിയോ ഡി ജനീറോയിലെ തെരുവില്‍ അനുയായികള്‍ക്കും തെരുവു കച്ചവടക്കാര്‍ക്കുമിടയില്‍ കഴിഞ്ഞ ദിവസം പ്രസംഗിക്കവേ ജെയര്‍ ബോള്‍സോനാരോ പറഞ്ഞത്.
''ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടൊന്നും നിങ്ങള്‍ മരിക്കാന്‍ പോകുന്നില്ല.'' എന്നാണ് , 'ഈ അസുഖം വന്ന് മരിച്ചില്ലെങ്കില്‍ പോലും നല്ല കഷ്ടപാടുകള്‍ സഹിക്കേണ്ടി വരുമെന്നു കേള്‍ക്കുന്നുണ്ടല്ലോ.'- എന്നു ചോദിച്ച ഒരു തെരുവുകച്ചവടക്കാരനോട് ബോള്‍സോനാരോ പറഞ്ഞത്. ഈ പ്രസംഗത്തിന്റെ വിഡിയോ അടക്കമുള്ള ട്വീറ്റുകള്‍ ആരോഗ്യ സംരക്ഷണത്തിനു വിരുദ്ധമെന്നു കണ്ട് ട്വിറ്റര്‍ തന്നെ നീക്കം ചെയ്തു. പൊതുജനാരോഗ്യത്തെ ബാധിക്കുന്ന രീതിയില്‍ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയുണ്ടാകുമെന്നു ട്വിറ്റര്‍ അറിയിക്കുകയും ചെയ്തു.
കോവിഡെന്ന 'അപകടകാരിയല്ലാത്ത ഈ ചെറിയ പനി' നേരിടാന്‍ കായികക്ഷമതയുള്ള തന്റെ ശരീരം തയാറാണെന്നു മാസങ്ങള്‍ക്കു മുന്‍പ് നല്‍കിയ സ്വന്തം പ്രസ്താവന വീണ്ടും ബോള്‍സോനാരോ ആവര്‍ത്തിക്കുമ്പോള്‍ ബ്രസീലില്‍ മരണം 244. ആകെ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ 6,931. അപകട മരണങ്ങളുണ്ടാകുമെന്ന് കരുതി ആരും കാര്‍ ഫാക്ടറികള്‍ അടച്ചു പൂട്ടാറില്ലെന്നും ചിലര്‍ മരിച്ചു വീഴുന്നതു സ്വാഭാവികം മാത്രമാണെന്നുമാണ് ബോള്‍സോനാരോയുടെ നിലപാട്.
രോഗം പടരാതിരിക്കാന്‍ സാമൂഹിക വിലക്കേര്‍പ്പെടുത്തുന്നതിന് പകരം സമ്പദ്ഘടനയെ സംരക്ഷിക്കുന്നതിനാണു മുന്‍ഗണന നല്‍കേണ്ടതെന്നു പരസ്യമായി പ്രഖ്യാപിക്കുകയാണ് ബ്രസീല്‍ പ്രസിഡന്റ്. ബ്രസീല്‍ പ്രസിഡന്റ് പറയുന്നതിനെതിരെ രാജ്യത്തെ ആരോഗ്യമന്ത്രി തന്നെ രംഗത്തുവന്നുകഴിഞ്ഞു. 'അല്‍പം അനുസരണക്കേടാകാം. അതു ജനങ്ങളുടെ ജീവന്‍ രക്ഷിക്കും. ഒരുമിച്ചു നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും വീടുകളില്‍ തന്നെയിരിക്കണം. സാമൂഹിക അകലം പാലിച്ച് ഈ മഹാമാരിയെ നമുക്ക് തുരുത്താം.'- ജെയര്‍ ബോള്‍സോനാരോയുടെ സ്വന്തം ആരോഗ്യമന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റ പറയുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതും മാധ്യമങ്ങളെ കാണുന്നതുമെല്ലാം ഡോക്ടര്‍ കൂടിയായ ലൂയിസ് ആണ്. ചടുലമായ വേഗത്തോടെ ശാസ്ത്രീയമായി കാര്യങ്ങള്‍ വിശദീകരിക്കുന്ന ചെറുപ്പക്കാരനായ ആരോഗ്യമന്ത്രി പ്രസിഡിന്റിനെക്കാള്‍ സ്വീകാര്യനാകുന്ന കാഴ്ചയാണുള്ളത്. 'ഞാനാണ് പ്രസിഡന്റെന്ന് എല്ലാവരും ഓര്‍ക്കണം' - ലൂയിസിനെ ലക്ഷ്യമിട്ട് ബോള്‍സോനാരോ കഴിഞ്ഞ ദിവസം പറഞ്ഞതിങ്ങനെ. രാജ്യത്തെ 21 കോടിയിലധികം വരുന്ന ജനത്തില്‍ ഭൂരിഭാഗവും പ്രസിഡന്റിന്റെ വാക്കുകള്‍ തള്ളി വീട്ടിലിരുന്നതോടെയാണു വാര്‍ത്താസമ്മേളനത്തില്‍ ബോള്‍സോനാരോയുടെ രോഷം അണപൊട്ടിയത്.
ബ്രസീലിന്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ സാവോ പോളോയുടെ മേയറും ബോള്‍സോനാരോയുടെ സഹപ്രവര്‍ത്തകനുമായ ജോ ഡോറിയ പ്രസിഡന്റിന്റെ ആഹ്വാനത്തിനു പുറംതിരിഞ്ഞു നില്‍ക്കുകയാണു ചെയ്തത്. അവശ്യ സര്‍വീസുകള്‍ ഒഴിച്ചു യാതൊന്നും സാവോ പോളോയില്‍ പ്രവര്‍ത്തിച്ചില്ല. ലോക്ഡൗണ്‍ നീട്ടുകയും ചെയ്തു. സാവോ പോളോയിലെ മരണനിരക്കില്‍ തനിക്കു സംശയമുണ്ടെന്നും ഗവര്‍ണര്‍മാര്‍ രാഷ്ട്രീയലാഭത്തിനു വേണ്ടി തെറ്റായ കണക്കുകളാണു പുറത്തു വിടുന്നതെന്നും ജോ ഡോറിയയ്‌ക്കെതിരെ ബോള്‍സോനാരോ ആഞ്ഞടിക്കുകയും ചെയ്തു. റിയോ ഡി ജനീറോ ഗവര്‍ണര്‍ വില്‍സണ്‍ വിറ്റ്‌സെല്‍ ഒരുപടി കൂടി കടന്ന് ബോള്‍സോനാരോയുടെ ജനദ്രോഹ നടപടികളെ ഹേഗിലെ രാജ്യാന്തര കോടതിയില്‍ ചോദ്യം ചെയ്യുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്ഡൗണ്‍ അനാവശ്യമാണെന്ന പ്രസിഡന്റിന്റെ പ്രസ്താവനയെ തള്ളി ജനം തന്നെ രംഗത്തിറങ്ങുന്ന കാഴ്ചയാണ് എവിടെയും. റിയോ ഡി ജനീറോയില്‍ ഗുണ്ടാ സംഘങ്ങള്‍ തന്നെ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രംഗത്തിറങ്ങിയതു രാജ്യാന്തര മാധ്യമങ്ങളില്‍ വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബോള്‍സോനാരോ എന്ന നേതാവിന്റെ അസ്തമനത്തിലേക്കാകും അപക്വമായ പ്രസ്താവനകള്‍ വഴിതെളിയിക്കുകയെന്നു രാഷ്ട്രീയ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.
ജനത്തിന്റെ രോഷാഗ്‌നിയില്‍ നിന്ന് ഒരു നേതാവിനും രക്ഷപ്പെടാന്‍ സാധിക്കില്ലെന്നും ആരോഗ്യ മന്ത്രി ലൂയിസ് ഹെന്റിക് മന്‍ഡേറ്റയ്ക്കു ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടെങ്കിലും സ്വയം തിരുത്താന്‍ തയാറാകണമെന്നും രാജ്യാന്തര മാധ്യമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഞാനാണു പ്രസിഡന്റ് എന്നെക്കാള്‍ വലിയവരില്ല എന്ന മനോഭാവത്തില്‍ നിന്നു ജനമാണു വലുതെന്ന ചിന്തയിലേക്കു പ്രസിഡന്റ് വരണമെന്നു രാഷ്ട്രീയ നിരീക്ഷകരും ബോള്‍സോനാരോയോട് ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha