ഹൃദയ നൊമ്പരമായി ഒരു ദ്വീപ്; കൊറോണയില്‍ ചുടലപ്പറമ്പായി ഹാർട് ലാൻഡ്

പൈൻ മരത്തിന്റെ പലകകളാൽ നിർമിച്ച പെട്ടികളുമായി രണ്ടാഴ്ചയിലൊരിക്കൽ ന്യൂയോർക്ക് സിറ്റിയിലെ ശവവണ്ടി ദൂരെയൊരു കടവിലേക്ക് പോകുന്നതു പതിവാണ്. അവിടെനിന്ന് ജങ്കാറിലേറി ചെറിയ ദ്വീപിലേക്ക്. ഇത് ഒരു നോവലിന്റെ തുടക്കമല്ല .. ഊരും പേരുമില്ലാത്ത അനാഥ മനുഷ്യരുടെ ശവങ്ങൾ മറവ് ചെയ്യുന്ന ഇടത്തെ കുറിച്ചുള്ള വിവരണമാണ്. . വലിയതോതിൽ പൊതുജനശ്രദ്ധയില്ലാത്ത ദുരൂഹമായ ഒരു സ്ഥലം. ഹാർട് ലാൻഡ് എന്ന ആ ദ്വീപ് ഇന്ന് ചുടലപ്പറമ്പാണ്..10 ലക്ഷത്തിലേറെ മനുഷ്യരുടെ സ്വപ്നങ്ങളാണ് മരിച്ചു വിറങ്ങലിച്ച് ഇവിടെ മണ്ണോടു ചേർന്ന് മയങ്ങുന്നത്... ലോകത്തിലെ വലിയ ശവപ്പറമ്പുകളിലൊന്ന്. യാത്രികർക്കു പ്രവേശനമില്ലാത്ത ആ ജങ്കാറും ദ്വീപും ഇന്ന് യുഎസിന് പേക്കിനാവാണു. . കോവിഡ് മഹാമാരിയിൽ മരിക്കുന്നവർക്കു കൂട്ടക്കുഴിമാടങ്ങൾ ഒരുക്കി ഹാർട് ദ്വീപ് ന്യൂയോർക്കിന്റെയും യുഎസിന്റെയും ചുടലപ്പറമ്പായി മാറിയിരിക്കുകയാണ്.
കോവിഡ് തീവ്രമായി ആക്രമിച്ച ന്യൂയോർക്കിനു സമീപമുള്ള ഹാർട് ദ്വീപിലെടുത്ത വലിയ കുഴിയിൽ മൃതദേഹങ്ങൾ അടക്കം ചെയ്യുന്ന തൊഴിലാളികളുടെ ഹൃദയഭേദകമായ ചിത്രങ്ങൾ ലോകമാകെ നൊമ്പരം പടർത്തുകയാണ്. . ന്യൂയോർക്കിലെ അനാഥവും തിരിച്ചറിയാൻ കഴിയാത്തതുമായ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്ന സ്ഥലമാണ് ഈ ദ്വീപ്. ആഴ്ചയിൽ വിരലിലെണ്ണാവുന്ന സംസ്കാരങ്ങൾ നടന്നിരുന്ന ഇവിടെ ഇപ്പോൾ ദിവസേന ഇരുപത്തിയഞ്ചോളം മൃതദേഹങ്ങളാണു സംസ്കരിക്കുന്നത്. ന്യൂയോർക്കിൽ മരണങ്ങൾ ദിനംപ്രതി വർധിച്ചതുമൂലം ശ്മശാനങ്ങളിൽ ഇടമില്ലാതായതോടെയാണു ഹാർട് ലാൻഡിലേക്ക് ശവവണ്ടികൾ വിലാപയാത്ര നടത്താൻ തുടങ്ങിയത്.
യുഎസ് ഒഴികെ മറ്റേതു രാജ്യത്തേക്കാളും കൂടുതൽ കോവിഡ് രോഗബാധിതർ ന്യൂയോർക്ക് സംസ്ഥാനത്ത് മാത്രമുണ്ട്. കഴിഞ്ഞദിവസം 10,000 പുതിയ രോഗബാധിതർ റിപ്പോർട്ട് ചെയ്തതോടെ ന്യൂയോർക്കിൽ ആകെ രോഗികളുടെ എണ്ണം 1.72 ലക്ഷം പിന്നിട്ടു, മരണം 7800 കടന്നു. യുഎസിൽ മൊത്തം 5.02 ലക്ഷത്തിലേറെ രോഗികളുണ്ട്. . രാജ്യത്തെ മരണസംഖ്യ 18,700 പിന്നിട്ടു. കോവിഡിൽ മരിക്കുന്നവരുടെ എണ്ണം ക്രമാതീതമായതോടെയാണു ശ്മശാനത്തിനു സ്ഥലം തേടി അധികൃതർ ഹാർട് ദ്വീപിൽ എത്തിയത്. റിക്കേഴ്‌സ് ഐലന്റ് ജയിലിലെ തടവുപുള്ളികളാണ് ശവക്കുഴി എടുക്കാറുള്ളത്. കോവിഡ് മരണങ്ങളായതിനാൽ തടവുകാരടക്കം ദ്വീപിൽ എത്തുന്ന എല്ലാവരും പ്രത്യേകം ആവരണം ധരിച്ചാണ് ഇപ്പോൾ ജോലിയെടുക്കുന്നത്.
മരിച്ചവരുടെ മണമാണിപ്പോൾ ഹാർട് ദ്വീപിന് .. ന്യൂയോർക്ക് സിറ്റിയിലെ വടക്കുകിഴക്കൻ ബ്രോങ്ക്സിൽ 1.6 കിലോമീറ്റർ നീളവും 530 മീറ്റർ വീതിയുമുള്ള, 131 ഏക്കറിൽ പടർന്നു കിടക്കുന്ന ദ്വീപാണു ഹാർട് ഐലൻഡ് അഥവാ ഹാർട് ലാൻഡ്. പെൽഹാം ദ്വീപുകളുടെ ഭാഗം. 1864ൽ യുഎസ് കളേഡ് ട്രൂപ്പിന്റെ പരിശീലന മൈതാനമായാണു ദ്വീപ് ആദ്യമായി പൊതു ആവശ്യത്തിന് ഉപയോഗിക്കപ്പെട്ടത്. പിന്നീട് പല ആവശ്യങ്ങൾക്കായി ദ്വീപിനെ മാറ്റിയെടുത്തു. ചരിത്രവും കഥകളുമെല്ലാം കൂടിക്കുഴിഞ്ഞ് നിഗൂഢതങ്ങളുടെ ഭാണ്ഡം പേറിയാണ് ദ്വീപിന്റെ നിൽപ്. ആള്‍ത്താമസമില്ലാത്ത ദ്വീപിൽ ആത്മാക്കളുടെ കൂട്ടങ്ങൾ വിഹരിക്കുന്നതായാണ് ഇവിടുത്തുകാർ വിശ്വസിക്കുന്നത്..
യൂണിയൻ സിവിൽ വാർ ജയിൽ ക്യാംപ്, മാനസികാരോഗ്യ സ്ഥാപനം, ക്ഷയരോഗ ശുശ്രൂഷാകേന്ദ്രം, വീടില്ലാത്തവരുടെ അഭയകേന്ദ്രം, ആൺകുട്ടികളുടെ നവീകരണ കേന്ദ്രം, ജയിൽ, മയക്കുമരുന്ന് പുനരധിവാസ കേന്ദ്രം എന്നിങ്ങനെ പല ആവശ്യങ്ങൾക്കായി ദ്വീപ് പലകാലങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു . അനാഥരുടെയും പാവങ്ങളുടെയും അന്ത്യവിശ്രമ സ്ഥലമായും കൂട്ടകുഴിമാടങ്ങളുടെ ഇടമായും പിന്നീട ദ്വീപിനു മാറ്റങ്ങളുണ്ടായി . ശീതയുദ്ധകാലത്ത് യുഎസിന്റെ നൈക്ക് മിസൈലുകൾ ദ്വീപിൽ നിലയുറപ്പിച്ചു. 1967 വരെ ജയിലായും അഭയകേന്ദ്രമായും ഉപയോഗിക്കപ്പെട്ടു. 1977 ആയതോടെ താമസയോഗ്യമായ അവസാന കെട്ടിടവും ഉപേക്ഷിക്കപ്പെട്ടു.അതോടെ ശരിക്കും പ്രേതഭൂമിയായി ഇവിടം മാറി.
ഇപ്പോൾ ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്മെന്റ്് ഓഫ് കറക്‌ഷന്റെ കൈവശമാണു ദ്വീപ്. ന്യൂയോർക്ക് സിറ്റി ഡിപ്പാർട്ട്‌മെന്റ് ഓഫ് പാർക്സ് ആൻഡ് റിക്രിയേഷനു കൈമാറാൻ 2019ൽ സിറ്റി കൗൺസിൽ വോട്ട് ചെയ്തു. ഒരു ദശലക്ഷത്തിലേറെ മനുഷ്യരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ഈ മണ്ണിൽ അലിഞ്ഞു ചേർന്നിട്ടുള്ളത്. ഇക്കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളിൽ പ്രതിവർഷം 1,500-ൽ താഴെ മൃതദേഹങ്ങൾ ഇവിടെ മറവ് ചെയ്തെന്നാണു കണക്ക്. ദ്വീപിലേക്കുള്ള സഞ്ചാരത്തിനു വിലക്കുണ്ട്. പ്രത്യേക അനുമതിയോടെ മാത്രമെ പോകാനാകൂ.കുടുംബങ്ങൾ അവകാശപ്പെടാത്തവരും ഭവനരഹിതരും പാവങ്ങളും പകർച്ചവ്യാധി വന്നു മരിച്ചവരുമായ മനുഷ്യരുടെ യാത്ര അവസാനിക്കുന്ന ഇടമാണിത്. . ഇപ്പോൾ കോവിഡ് -19 എന്ന വൈറസ് ജീവിതങ്ങളുടെയും യാത്ര ഇവിടെ ഈ മണ്ണിൽ .അവസാനിക്കുന്നു..ഈ കൂട്ടക്കുഴിമാടങ്ങൾ നിറയുന്ന ചുടലപ്പറമ്പിൽ...
https://www.facebook.com/Malayalivartha