ആദ്യം ചിരിച്ചവര്‍ ഇപ്പോള്‍ കരയുന്നു. കോവിഡിന്റെ രണ്ടാം വരവില്‍ സിംഗപ്പൂര്‍ കടുത്ത ആശങ്കയില്‍. ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചു.

ലോകത്തെ വിറപ്പിച്ച മഹാമാരിയെ തുടക്കത്തില്‍ തളച്ച് ലോകത്തിന്റെ കൈയടി നേടിയ സിംഗപ്പൂര്‍ വീണ്ടും കൊറോണയുടെ പിടിയിലായെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച 198 പേരിലാണ് പുതിയതായി കൊവിഡ് ബാധ കണ്ടെത്തിയത്. ഒരു മരണവും സംഭവിച്ചു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 2108ഉം മൊത്തം മരണം ഏഴുമായി ഉയര്‍ന്നിരിക്കുകയാണ്. അതേസമയം, പോയ കൊവിഡ് അതീവ ശക്തിയോടെ തിരിച്ചുവരുന്നതിന്റെ തെളിവായാണ് ഇതിനെ വിലയിരുത്തുന്നത്. ചൈനയില്‍ പ്രത്യക്ഷപ്പെട്ട കൊവിഡ് പിന്നെ പിടിച്ചത് സിംഗപ്പൂരിനെയായിരുന്നു. അന്നു നടത്തിയ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ, കൊവിഡിനെ തുരത്തി. തളരാതെ ആരോഗ്യമേഖല ഉണര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കൊവിഡ് തോറ്റ് ചിറകറ്റ് വീണു. ചുരുങ്ങിയ കാലം കൊണ്ട് കൊവിഡ് മുക്ത സംഗപ്പൂരായി മാറിയതിനെ ലോകരാഷ്ട്രങ്ങള്‍ അഭിനന്ദിച്ചതാണ്. എന്നാലിപ്പോള്‍ കോവിഡിന്റെ രണ്ടാം വരവില്‍ അവിടെ, കാര്യങ്ങള്‍ അത്ര പന്തിയല്ലെന്നാണ് റിപ്പോര്‍ട്ട്.
സിംഗപ്പൂരില്‍ രോഗപ്പകര്‍ച്ച ഈ മാസം ആദ്യം അതിവേഗമാണുണ്ടായിരിക്കുന്നത്. ഇതോടെ വീണ്ടും കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ രാജ്യം നിര്‍ബന്ധിതമായി. കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഒരു മാസത്തെ ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചു. ടെസ്റ്റിംഗിലും കോണ്‍ട്രാക്ട് ട്രേസിംഗിലും മറ്റ് രാജ്യങ്ങള്‍ക്ക് പിന്തുടരാവുന്ന രീതികളായിരുന്നു സിംഗപ്പൂര്‍ പ്രയോഗിച്ച് വിജയിച്ചത്. എന്നാല്‍ രോഗത്തിന്റെ രണ്ടാംവരവില്‍ സിംഗപ്പൂര്‍ കടുത്ത ആശങ്കയിലാണ്. കാരണം ലോകം മുഴുവന്‍ കൊവിഡില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സിംഗപ്പൂരില്‍ ആദ്യം പിടിപെട്ടപ്പോള്‍ ലോകത്ത് ഇങ്ങനെ വ്യാപകമായി പരന്നിരുന്നില്ല. മാത്രവുമല്ല, പോയ കൊവിഡ് തിരിച്ചുവരുമ്പോള്‍ വൈറസ് പൂര്‍ണ്ണമായും സിംഗപ്പൂരില്‍ നിന്ന് മാറിയിട്ടില്ലെന്ന് അര്‍ത്ഥം.
ഇതിനിടെ, വൈറസ് ബാധിതരുടെ എണ്ണം 1000 കടന്ന സാഹചര്യത്തില്‍ ഏപ്രില്‍ 7 മുതല്‍ ഒരു മാസത്തേക്ക് ഷട്ട്ഡൗണ്‍ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ഭരണകൂടത്തിന്റെ തീരുമാനം. ക്ലിനിക്കുകള്‍, ആശുപത്രികള്‍, ഗതാഗതം, ബാങ്കിങ് അടക്കം അവശ്യ സേവനങ്ങളും പ്രമുഖ സാമ്പത്തിക മേഖലകളും ഒഴിച്ച് എല്ലാ തൊഴിലിടങ്ങളും ഷട്ട്ഡൗണിന്റെ പരിധിയില്‍ വരും. സ്‌കൂളുകളും കോളജുകളും പ്രവര്‍ത്തിക്കില്ലെന്നും വിദ്യാര്‍ഥികള്‍ വീടുകളില്‍ പഠനം നടത്തണമെന്നും നിര്‍ദേശമുണ്ട്. ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിനിടെ, കോവിഡ് ബാധിച്ചു സിംഗപ്പൂരില്‍ 250 ഇന്ത്യക്കാര്‍ ചികിത്സയിലുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. രാജ്യത്തു സ്ഥിരതാമസമായവരും ഇതിലുണ്ടെങ്കിലും രോഗികളില്‍ പകുതിയോളം പേരും വിദേശ തൊഴിലാളികള്‍ക്കുള്ള പൊതുതാമസസ്ഥലങ്ങളില്‍ കഴിയുന്നവരാണെന്നാണ് വിവരം. ആരുടെയും നില ഗുരുതരമല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം, ആഗോള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സിംഗപ്പൂരില്‍ ഇപ്പോഴും കൊറോണ നിരക്ക് കുറവാണെങ്കിലും രോഗത്തെ നിയന്ത്രിച്ച അവസ്ഥയില്‍ നിന്നും വീണ്ടും ശക്തമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നത് കടുത്ത ആശങ്കയാണുയര്‍ത്തിയിരിക്കുന്നത്. ചൈനയില്‍ കൊറോണ പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ സ്ഥലങ്ങളിലൊന്നായിരുന്നു സിംഗപ്പൂര്‍. എന്നാല്‍ ചിട്ടയായയും കര്‍ക്കശമായതുമായ മാര്‍ഗങ്ങളിലൂടെയും നിയന്ത്രണങ്ങളിലൂടെയും സിംഗപ്പൂര്‍ ഈ രോഗത്തെ അതിവേഗം പിടിച്ച് കെട്ടി ലോകത്തിന് തന്നെ മാതൃകയായിത്തീര്‍ന്നിരുന്നു. എന്നാല്‍ രോഗത്തിന്റെ രണ്ടാവരവില്‍ സിംഗപ്പൂര്‍ കടുത്ത ആശങ്കയിലാണിപ്പോള്‍. എങ്കിലും കൊവിഡിന്റെ രണ്ടാംവരവിനെയും എത്രയും വേഗം പിടിച്ച് കെട്ടുമെന്ന ആത്മവിശ്വാസവുമായിട്ടാണ് സിംഗപ്പൂര്‍ മുന്നോട്ട് പോകുന്നത്.
https://www.facebook.com/Malayalivartha