കോവിഡ് മരുന്ന് പരീക്ഷണം : 68%പേര്‍ക്ക് രോഗം കുറഞ്ഞു, പാര്‍ശ്വഫലം ഇപ്പോള്‍ വ്യക്തമല്ല

കൊറോണ വൈറസ് ബാധ മൂലം അതീവഗുരുതര നിലയില്‍ കഴിഞ്ഞ ചിലരില്‍ വാഷിംഗ്ടണില്‍ പരീക്ഷിച്ച മരുന്ന് ഫലം കണ്ടതായി റിപ്പോര്‍ട്ട്. കലിഫോര്‍ണിയയിലെ ഗിലിയഡ് സയന്‍സസ് എന്ന മരുന്നു കമ്പനിയുടെ മരുന്നാണ് ഫലം കണ്ടതെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിന്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അതേസമയം, ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ എന്താണെന്നു ഇതുവരെ വ്യക്തമായിട്ടില്ലെന്നു ഡോക്ടര്‍മാരെ ഉദ്ധരിച്ച് യുഎസ് വാര്‍ത്താ ഏജന്‍സിയായ അസോഷ്യേറ്റഡ് പ്രസ്(എപി) റിപ്പോര്‍ട്ട് ചെയ്തു.
ഗിലിയഡ് സയന്‍സസിന്റെ മരുന്നുകള്‍ കൊറോണ വൈറസ് കുടുംബത്തില്‍പ്പെട്ട മറ്റു വൈറസുകള്‍ക്കെതിരെ പരീക്ഷിച്ചു വിജയിച്ചിരുന്നു. ലബോറട്ടറി പരീക്ഷണത്തില്‍ കോവിഡ്-19 രോഗമുണ്ടാക്കുന്ന വൈറസിനെതിരെ റെംഡിസിവിയര്‍ എന്ന ഈ മരുന്നു വിജയകരമാണെന്നു കണ്ടെത്തിയിരുന്നു.
അഞ്ച് കമ്പനികളാണ് റെംഡിസിവിയര്‍ മരുന്നില്‍ പരീക്ഷണം നടത്തുന്നത്. അടിയന്തരഘട്ടങ്ങളില്‍ 1700 ഓളം പേര്‍ക്ക് ഈ മരുന്നു നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കോവിഡ്19 രോഗം ചികിത്സിക്കാന്‍ ഇതുവരെ ഒരു മരുന്നിനും അനുവാദം കൊടുത്തിട്ടില്ല.
യുഎസ്, യൂറോപ്പ്, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 23 മുതല്‍ 82 വരെ വയസ്സുള്ള 53 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ ഫലമാണ് പുറത്തുവിട്ടത്. ഇതില്‍ 34 പേര്‍ ശ്വാസഗതിക്ക് യന്ത്രസഹായം സ്വീകരിച്ചവരാണ്. 10 ദിവസം ഐവി വഴിയാണ് ശരീരത്തിലേക്കു മരുന്നു നല്‍കിയത്. 18 ദിവസത്തെ ശരാശരി പരിഗണിച്ചപ്പോള്‍ 68% രോഗികള്‍ക്കാണ് ശ്വസന സഹായം ഒഴിവാക്കാനായത്. എന്നാല്‍ എട്ടു പേരുടെ നില ഗുരുതരമായി. 70 വയസിനു മേല്‍ പ്രായമുള്ള ഏഴുപേര്‍ മരിച്ചു. ആരോഗ്യപ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി നാലുപേരിലെ പരീക്ഷണം ഇടയ്ക്ക് ഒഴിവാക്കി.
മറ്റു മരുന്നു പരീക്ഷണങ്ങളെ അപേക്ഷിച്ച് ഗിലിയഡ് സയന്‍സസ് നടത്തിയ പരീക്ഷണത്തില്‍ മരണനിരക്ക് കുറവാണെന്നാണ് റിപ്പോര്‍ട്ട്. 13% മരണം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. വ്യാപകമായി മരുന്ന് പരീക്ഷിച്ചാലേ ഈ വസ്തുത ഉറപ്പിക്കാനാകൂയെന്നും ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മരുന്ന് ചെന്നതിന്റെ പാര്‍ശ്വഫലത്തില്‍നിന്നാണോ ചിലര്‍ക്ക് രോഗം ഗുരുതരമായതെന്നു വ്യക്തമല്ല. ഇങ്ങനെയുള്ളവരില്‍ വൃക്കകള്‍ക്കും മറ്റു അവയവങ്ങള്‍ക്കും തകരാര്‍ സംഭവിച്ചിട്ടുണ്ട്. കൂടുതല്‍ വ്യാപക പരീക്ഷണങ്ങള്‍ നടത്തി ഈ മാസം അവസാനത്തോടെ കുറച്ചുകൂടി കൃത്യതയാര്‍ന്ന വിവരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍.
https://www.facebook.com/Malayalivartha