പാരിസ് ആക്രമണത്തിന്റെ ആസൂത്രണം നടന്നത് ബെല്‍ജിയത്തില്‍ വച്ചെന്നും ആക്രമണത്തിനു പിന്നില്‍ മൂന്ന് ഫ്രഞ്ച് സഹോദരങ്ങളുണ്ടെന്നും സൂചന

129 പേര്‍ കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണത്തിന്റെ ഗൂഢാലോചന നടന്നത് ബെല്‍ജിയത്തിലാണെന്ന സംശയം ബലപ്പെടുന്നു. ഫ്രഞ്ച് ആഭ്യന്തരമന്ത്രി ബെര്‍ണാഡ് കാസെന്യൂവാണ് ഇതു സംബന്ധിച്ച സൂചന നല്‍കിയത്. ബ്രസ്സല്‍സില്‍ നിന്നാണ് ചാവേറാക്രമണത്തിന് ഉപയോഗിച്ച കാറുകളില്‍ രണ്ടെണ്ണം വാടകയ്‌ക്കെടുത്തതെന്ന് ഫ്രഞ്ച്, ബെല്‍ജിയം പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ബെല്‍ജിയത്തില്‍ നിന്നു നല്‍കിയ പാര്‍ക്കിങ് ടിക്കറ്റുകള്‍ ആക്രമണം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ചതാണ് അന്വേഷണോദ്യോഗസ്ഥര്‍ക്ക് തുണയായത്. ഇതിന്റെ ചുവടു പിടിച്ചാണ് ബെല്‍ജിയത്തിലെ ബോലെബീക്കില്‍ പോലീസ് റെയ്ഡ് നടത്തി ഏഴു പേരെ പിടികൂടിയത്.
ഭീകരാക്രമണം നടത്തിയ ചാവേറുകളെ റിക്രൂട്ട് ചെയ്തതും അവര്‍ക്ക് പരിശീലനം നല്‍കിയതും ബ്രസ്സല്‍സില്‍ വച്ചാണെന്ന് അമേരിക്കയും അറിയിച്ചിട്ടുണ്ട്. ഇവര്‍ക്കുവേണ്ട സാമ്പത്തിക സഹായം നല്‍കിയതും ബ്രസ്സല്‍സിലെ ചില കേന്ദ്രങ്ങളാണെന്നും അമേരിക്ക വിവരം നല്‍കിയിട്ടുണ്ട്.
ബ്രസ്സല്‍സ് പോലീസ് ഈ വിവരങ്ങള്‍ സ്ഥിരീകരിച്ചു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ഏഴ് ചാവേറുകളില്‍ രണ്ടുപേര്‍ ബെല്‍ജിയത്തില്‍ താമസിക്കുന്ന ഫ്രഞ്ച് പൗരന്മാരാണെന്നും ആക്രമണത്തില്‍ പങ്കാളിയായ അബ്ദുസ്സലായ സല എന്നയാള്‍ രക്ഷപ്പെട്ടുവെന്നും ബ്രസ്സല്‍സ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫ്രാന്‍സില്‍ നിന്ന് കാര്‍ മാര്‍ഗമാണ് ആക്രമണം കഴിഞ്ഞ് ഇയാള്‍ ബ്രസ്സല്‍സിലേയ്ക്ക് കടന്നതെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. നേരത്തെ സിറിയയിലെ ഐ.എസില്‍ പ്രവര്‍ത്തിച്ച ഇയാള്‍ക്കുവേണ്ടി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
ഏറെക്കാലമായി യൂറോപ്പിലെ തീവ്രവാദത്തിന്റെ കേന്ദ്രമാണ് ബെല്‍ജിയം. യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഐ.എസില്‍ ചേര്‍ന്നത് ബെല്‍ജിയത്തില്‍ നിന്നാണെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. ഏതാണ്ട് 400 ഓളം പേര്‍ ബെല്‍ജിയത്തില്‍ നിന്നു മാത്രം ഐ.എസില്‍ അംഗങ്ങളായിട്ടുണ്ടെന്നാണ് വിവരം. പ്രവാചകന്റെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഷാര്‍ളി ഹെബ്‌ഡോയുടെ ഓഫീസിനു നേരെ ചാവേറാക്രമണം ഉണ്ടായി രണ്ടു ദിവസം കഴിഞ്ഞ് ബെല്‍ജിയത്തിലെ വെര്‍വിയേഴ്‌സില്‍ രണ്ട് തീവ്രവാദികളെ പോലീസ് വെടിവെച്ചു കൊന്നിരുന്നു.
ഇതിനുശേഷം പാരിസിലെ ജൂത മാര്‍ക്കറ്റില്‍ ആക്രമണം നടത്താന്‍ അമെദി കുല്‍ബാലി എന്നയാള്‍ക്ക് ആയുധം നല്‍കിയതും ബെല്‍ജിയത്തിലെ ഒരു വ്യക്തിയാണെന്നും കണ്ടെത്തിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്തില്‍ ട്രെയിന്‍ യാത്രക്കാരെ കൂട്ടക്കൊല നടത്താന്‍ ശ്രമിച്ച അയൂബ് എല്‍ ഖാസാനിയെന്ന തീവ്രവാദി ഏറെക്കാലം താമസിച്ചതും ഇപ്പോള്‍ പാരിസ് ആക്രമണവുമായ ബന്ധപ്പെട്ട് ഏഴ് പേര്‍ അറസ്റ്റിലായ മൊളെബീക്കിലായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഫ്രാന്‍സിനെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ മൂന്ന് ഫ്രഞ്ച് സഹോദരങ്ങളുണ്ടെന്ന് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഇതിലൊരാളുടെ ചിത്രം ഫ്രഞ്ച് പൊലീസ് പുറത്തുവിട്ടു. അതിനിടെ സിറിയയിലെ ഐഎസ് ശക്തികേന്ദ്രത്തില്‍ ഫ്രാന്‍സിന്റെ പോര്‍ വിമാനങ്ങള്‍ ആക്രമണം നടത്തി.
പൊലീസ് പുറത്തുവിട്ടത്് ഫ്രഞ്ച് പൗരനായ സാലാ അബ്ദസലാം എന്ന 26കാരന്റെ ചിത്രമാണ്. ബാറ്റാക്ലാന്‍ കണ്‍സര്‍ട്ട് സെന്ററിലേക്ക് കാറോടിച്ച് എത്തിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഫ്രഞ്ച് സഹോദരങ്ങളില്‍ ഒരാളാണ് അബ്ദസാലാം എന്നാണ് പൊലീസ് സംശയിക്കുന്നത്. സഹോദരങ്ങളില്‍ ഒരാള്‍ ബെല്‍ജിയത്തില്‍ പിടിയിലായി.
മറ്റൊരാള്‍ ആക്രമണത്തിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊലീസ് നിഗമനം. ബ്രസ്സല്‍സ് സ്വദേശിയായ അബ്ദസാലം ജീവിച്ചിരിപ്പുണ്ടെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ക്കെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറണ്ട് ബെല്‍ജിയം പുറപ്പെടുവിച്ചു. വ്യാപകമായ തെരച്ചിലാണ് ബ്രസ്സല്‍സില്‍ നടക്കുന്നത്. മറ്റൊരു ഫ്രഞ്ച് പൗരന്‍ 29-കാരന്‍ ഒമര്‍ ഇസ്മായില്‍ മൊസ്തഫെ ആണ് അക്രമികളില്‍ ഒരാളെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വിരലടയാളങ്ങള്‍ പരിശോധിച്ചാണ് ബാറ്റാക്ലാന്‍ ആക്രമണത്തില്‍ ഒമറിന്റെ പങ്ക് പൊലീസ് തിരിച്ചറിഞ്ഞത്. ഇയാളുടെ ആറ് ബന്ധുക്കളും പൊലീസ് കസ്റ്റഡിയിലാണ്.
ഭീകരരുടേതെന്ന് കരുതുന്ന കാര്‍ കിഴക്കന്‍ പാരിസിലെ മോന്തൈലില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. കാറില്‍ ആയുധങ്ങളുമുണ്ടായിരുന്നു. ഇവിടെ നിന്ന് അക്രമികളില്‍ ചിലര്‍ ബെല്‍ജിയം വഴി രക്ഷപ്പെട്ടിരിക്കാമെന്ന സംശയവും നിലനില്‍ക്കുന്നു. ബാറ്റാക്ലാന്‍ സെന്ററിന് മുന്നില്‍ നിന്ന് ബെല്‍ജിയന്‍ രജിസ്‌ട്രേഷനുള്ള വാഹനവും കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് ബെല്‍ജിയത്തില്‍ 7 പേരാണ് പിടിയിലായത്. അതിനിടെ സിറിയയിലെ ഐഎസ് ശക്തികേന്ദ്രമായ റാഖയില്‍ ഫ്രഞ്ച് പോര്‍ വിമാനങ്ങള്‍ വ്യാപക ആക്രമണം നടത്തി. 10 വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ ഐഎസ് പരിശീലന കേന്ദ്രം ഉള്‍പ്പെടെ തകര്‍ന്നതായി ഫ്രഞ്ച് പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. അതേസമയം ഫ്രാന്‍സില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയുമായി ആയിരങ്ങള്‍ തെരുവുകളില്‍ ഒത്തുകൂടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha