അഫ്ഗാനിലെ യുഎസ് ബോംബ് ആക്രമണത്തില്‍ 13 ഇന്ത്യന്‍ ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; ഭീകരരുടെ കുടുംബങ്ങളുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടുവരുന്നു

അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹറിലെ ഐഎസ് കേന്ദ്രത്തിനുനേരെ യുഎസ് നടത്തിയ ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ട 96 ഭീകരരില്‍ 13 പേര്‍ ഇന്ത്യക്കാരാണെന്നു റിപ്പോര്‍ട്ട്. കാബൂള്‍ ആസ്ഥാനമായ പജ്‌വോക് അഫ്ഗാന്‍ ന്യൂസ് ഏജന്‍സിയാണു സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇങ്ങനെയൊരു വിവരത്തെക്കുറിച്ച് ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്നു കാബൂളിലെയും ന്യൂഡല്‍ഹിയിലെയും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇതിനൊപ്പം, ഐഎസിന്റെ 13 കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ രണ്ടുപേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് വിവരം. മുഹമ്മദ്, അല്ലാ ഗുപ്ത എന്നിവരാണിവര്‍. പാക്ക് ആസ്ഥാനമായ ലഷ്‌കറെ തയിബ മുന്‍ അംഗമായിരുന്ന ഷെയ്ഖ് വഖാസും കൊല്ലപ്പെട്ട കമാന്‍ഡര്‍മാരില്‍ ഉള്‍പ്പെടുന്നു. ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടെന്ന വിവരത്തെത്തുടര്‍ന്നു ഭീകരരുടെ കുടുംബങ്ങളുമായി എന്‍ഐഎ ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ കാണാതായി പിന്നീട് ഐഎസില്‍ ചേര്‍ന്നെന്നു കരുതുന്ന 21 അംഗ സംഘത്തിലെ ചിലരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണു സൂചന.
അതേസമയം, തങ്ങളുടെ സംഘടനയില്‍പ്പെട്ടവരാരും അഫ്ഗാനിലെ യുഎസ് ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് ഐഎസിന്റെ വാര്‍ത്താ എജന്‍സിയായ അമാഖ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha
























