ആകാശപ്പറക്കലിനിടയില്‍ വിശന്നു ... പിന്നെയൊന്നും നോക്കിയില്ല ഹെലികോപ്റ്റര്‍ ഇറക്കിയത് മക്‌ഡൊണാള്‍ഡില്‍ ... വീഡിയോ വൈറല്‍

മനുഷ്യന്റെ ഏറ്റവും വലിയ ബലഹീനതയാണ് വിശപ്പ്. വിശന്നാല്‍ ആളുടെ സ്വഭാവം പോലും ചിലപ്പോള്‍ മാറിയെന്നു വരും. വിശപ്പു വന്നാല്‍ മനുഷ്യന്‍ എന്തു ചെയ്യുമെന്ന് പ്രവചിക്കാന്‍ ആര്‍ക്കും കഴിയില്ല അത്രയ്ക്ക് സഹിക്കാൻ ആകാത്തതാണ് വിശപ്പ്. സാധാരണ യാത്രകള്‍ക്കിടയില്‍ വിശന്നുകഴിഞ്ഞാല്‍ വാഹനം നിര്‍ത്തി അരികിലുള്ള കടയില്‍ നിന്നും ഭക്ഷണം വാങ്ങി കഴിക്കാം . എന്നാല്‍ ആകാശത്തു പറന്നുകൊണ്ടിരിക്കുമ്പോള്‍ വിശന്നാലോ ....വിശപ്പു വന്നപ്പോള്‍ പൈലറ്റും ഇത്രേ ചെയ്‌തൊള്ളു . സാധാരണ ബൈക്കും കാറും നിര്‍ത്തുന്ന പോലെ അടുത്ത മക്‌ഡൊണാള്‍ഡ് ഭക്ഷണശാലയ്ക്കു സമീപത്തെ പുല്‍ത്തകിടിയില്‍ ഹെലികോപ്റ്റര്‍ ഇറക്കി. പിന്നീട് പുറത്തിറങ്ങി നേരെ റസ്റ്ററന്റില്‍ ചെന്ന് ഭക്ഷണപ്പൊതി വാങ്ങി തിരിച്ചെത്തി കൂളായി ഹെലികോപ്റ്റര്‍ പറത്തിപോകുകയും ചെയ്തു. കഴിഞ്ഞ ശനിയാഴ്ച ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലായിരുന്നു സംഭവം.
ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനലായ 9 ന്യൂസ് ഓസ്‌ട്രേലിയയാണ് ഇത് പുറത്തുവിട്ടത്. സംഭവം മൊബൈല്‍ ക്യാമറിയില്‍ പകര്‍ത്തിയ ആരോ ചാനലിന് കൈമാറുകയായിരുന്നു. ഇതോടെ സംഭവം വൈറലാകുകയും ചെയ്തു. റസ്‌റ്റോറന്റിനു സമീപത്തെ പുല്‍ത്തകടിയില്‍ ഹെലികോപ്റ്റര്‍ ഇറക്കിയശേഷം തൊപ്പിവച്ച് പുറത്തിറങ്ങിയ പൈലറ്റ് നേരെ പോയത് മക്‌ഡൊണാള്‍ഡ് ഫുഡ്‌കോര്‍ട്ടിലേക്ക്. അദ്ദേഹം റസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നതിനു മുമ്ബ് ഹെലികോപ്റ്ററിന്റെ ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. സംഭവം കടുത്ത സുരക്ഷാ വീഴ്ചയാണെന്ന് ഓസ്‌ട്രേലിയ വ്യോമയാന സുരക്ഷാ വിഭാഗം അറിയിച്ചു. സ്ഥല ഉടമയോട് അനുമതി വാങ്ങിയാല്‍ പോലും ഇത് നിയമവിരുദ്ധമാണെന്നും വ്യോമയാന സുരക്ഷാ വിഭാഗം പറയുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൈലറ്റിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
https://www.facebook.com/Malayalivartha
























