മിഠായി തിരഞ്ഞ അഞ്ചു വയസ്സുകാരന്റെ കുഞ്ഞു കൈകളിൽ കിട്ടിയത് കൈതോക്ക്; പിന്നെ സംഭവിച്ചത്...

മിഠായി അന്വേഷിച്ചെത്തിയ അഞ്ചു വയസ്സുകാരന്റെ കൈയില്‍ കിട്ടിയ കൈതോക്കിൽ നിന്ന് വെടി കൊണ്ട് ഏഴുവയസ്സുകാരൻ സഹോദരന് ദാരുണാന്ത്യം. യുഎസിലെ മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിയില്‍ ശനിയാഴ്ചയാണ് ഇത്തരത്തിലൊരു സംഭവം അരങ്ങേറിയത്.
മാതാപിതാക്കളുടെ ഡ്രസിങ് ഡ്രോയറില്‍ മിഠായിക്കായി പരതുകയായിരുന്ന അഞ്ചു വയസ്സുകാരന് മിഠായിക്കു പകരം കുഞ്ഞു കൈകളിൽ കിട്ടിയത് പിതാവ് ജെറീക്കോ പെറിയുടെ കൈത്തോക്കായിരുന്നു. ഇതിൽ നിന്നും ഉതിർന്ന വെടിയുണ്ട സഹോദരന്റെ തലയിൽ പതിക്കുകയായിരുന്നു. വെടിയൊച്ച കേട്ട് അമ്മ മിഷെല്‍ ലോസണ്‍ ഓടി മുകളിലത്തെ നിലയിലെത്തിയപ്പോള്‍ ഏഴുവയസ്സുകാരന്‍ ജെര്‍മൊന്‍ പെറിക്ക് ജീവനുണ്ടായിരുന്നെങ്കിലും പിന്നീട് കുട്ടി ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു.
കുട്ടികള്‍ മിഠായി അധികം കഴിക്കുന്നതിനാല്‍ അവര്‍ കാണാതെ അമ്മ മിഠായി ഒളിച്ചുവയ്ക്കുന്നതു പതിവായിരുന്നു. സംഭവ സമയം കുട്ടികള്‍ ഇരുവരും മുകള്‍നിലയില്‍ ആയിരുന്നു. അമ്മ അടുക്കളയിലും. ഈ സമയത്താണ് അത്യാഹിതം സംഭവിച്ചത്. അതേസമയം എന്തു തരത്തിലുള്ള തോക്കാണെന്നോ സംഭവത്തെക്കുറിച്ചുള്ള മറ്റു വിശദാംശങ്ങളോ പോലീസ് പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha























