ലോക പരിസ്ഥിതി ദിനത്തിൽ ഭീതിപടർത്തി ഭീമൻ തിമിംഗലത്തിന്റെ ജഡം തീരത്ത്; തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് കണ്ടെത്തിയത്

ഇന്ന് ലോക പരിസ്ഥിതി ദിനം. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പോരാടൂ എന്ന ആഹ്വാനവുമായി ലോകമെമ്പാടുമുള്ള ജനത ആശങ്കകൾ പങ്കിടുമ്പോൾ തായ്‌ലന്‍ഡില്‍ നിന്നൊരു ദുഃഖ വാര്‍ത്ത. മലേഷ്യയുമായി സമുദ്രാതിര്‍ത്തി പങ്കിടുന്ന ഭാഗത്തു നിന്ന് അവശനിലയില്‍ കണ്ടെത്തിയ ഭീമന്‍ ‘പൈലറ്റ് തിമിംഗലം’ ചത്തു.
അന്ത്യത്തിലേക്കു നയിച്ചതോ ?... പ്ലാസ്റ്റിക്കും. തിമിംഗലത്തിന്റെ വയറ്റില്‍ നിന്ന് എട്ട് കിലോയോളം പ്ലാസ്റ്റിക്കാണ് ലഭിച്ചത്. തീരത്ത് അവശനിലയില്‍ കണ്ടെത്തിയ തിമിംഗലത്തെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റാനായിരുന്നു തീരുമാനിച്ചിരുന്നത്. വെയിലില്‍ നിന്നു രക്ഷപ്പെടുത്താന്‍ വമ്പന്‍ കുടയും ഒരുക്കി.
എന്നാല്‍ അവയൊന്നിനും തിമിംഗലത്തെ രക്ഷിക്കാനായില്ല. എണ്‍പതിലേറെ പ്ലാസ്റ്റിക് ബാഗുകളാണ ശരീരത്തിനകത്തു നിന്നു ലഭിച്ചത്. എല്ലാത്തിന്റെയും കൂടിയുള്ള ഭാരം ഏകദേശം എട്ടു കിലോയോളം വരുമായിരുന്നു. ഒരു ഭീമന്‍ തിമിംഗലത്തെ കൊല്ലാന്‍ അതു തന്നെ ധാരാളമാണെന്ന് വിദഗ്ധര്‍ പറയുന്നു. 25 അടി വരെ നീളവും മൂന്നു ടണ്‍ വരെ ഭാരവും വയ്ക്കുന്നവയുമാണ് പൈലറ്റ് തിമിംഗലങ്ങള്‍.
ലോകത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് ഉപയോഗിക്കുന്ന രാജ്യങ്ങളില്‍ മുന്‍നിരയിലാണു തായ്‌ലന്‍ഡ്. ഇവിടെ ടൂറിസത്തിനു പേരുകേട്ട ബീച്ചുകളുടെ തീരങ്ങളില്‍ വര്‍ഷം തോറും ഒട്ടേറെ സമുദ്രജീവികള്‍ പ്ലാസ്റ്റിക് മലിനീകരണം കാരണം കൊല്ലപ്പെടുന്നുണ്ട്.
ലോകത്ത് പ്ലാസ്റ്റിക് മലിനീകരണം കാരണം ഓരോ വര്‍ഷവും ഒരു കോടി സമുദ്രജീവികള്‍ ഇല്ലാതാകുന്നുവെന്നാണു കണക്ക്. അവയിലേക്ക് പരിസ്ഥിതി ദിനത്തില്‍ ഒരു ദുരന്തം കൂടി. വാര്‍ത്ത വൈറലായതോടെ സോഷ്യല്‍ മീഡിയ വഴി നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha

























