ബലാല്‍സംഗം ചെയ്ത കേസില്‍ ബിഷപ്പിന്റെ ലൈംഗിക ശേഷിയും ഡി.എന്‍.എ ടെസ്റ്റും നിര്‍ണായകം, ജാമ്യം നിഷേധിച്ചതിനാല്‍ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കും, നാളെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പ് നടക്കുന്നതിനാല്‍ പരാതിക്കാരിയും മറ്റ് കന്യാസ്ത്രീകളും മാറി താമസിക്കണമെന്ന് അന്വേഷണ സംഘം
അന്വേഷണത്തിന്റെ ഭാഗമായി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ലൈംഗിക ശേഷി പൊലീസ് പരിശോധിക്കുന്നു. കോട്ടയം മെഡിക്കല്‍ കോളജിലാണ് പരിശോധന. ബലാല്‍സംഗം പല തവണ നടന്നതിനാല്‍ ബിഷപ്പിന് ലൈംഗിക ശേഷിയുണ്ടെന്ന് തെളിയിക്കേണ്ടത് ഏറെ നിര്‍ണായകമായ കാര്യമാണ്. അതുപോലെ ഡി.എന്‍.എ പരിശോധനയ്ക്കായി സാമ്പിളും ശേഖരിച്ചിട്ടുണ്ട്. ഇതും ഏറെ പ്രധാനപ്പെട്ടതാണ്. മൂന്ന് വര്‍ഷം മുമ്പ് നടന്ന സംഭവമായതിനാല്‍ തെളിവുകള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഏറെ അധ്വാനിക്കേണ്ടി വരും. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ കൂടുതല്‍ ബലം നല്‍കും.
ബിഷപ്പിനെ നാളെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് കൊണ്ടുവരുന്നതിനാല്‍ പരാതിക്കാരിയായ കന്യാസ്ത്രീയും അവര്‍ക്ക് പിന്തുണ നല്കിയ സന്യാസിനിമാരും മഠം വിടണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ബിഷപ്പിനെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോള്‍ ഇവര്‍ അവിടെ തങ്ങുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഈ നിര്‍ദ്ദേശം. അതിന് ശേഷം ഇവര്‍ക്ക് മഠത്തിലേക്ക് മടങ്ങിവരാം. ബിഷപ്പിനെതിരെ കൂടുതല്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ജാമ്യം നല്‍കരുതെന്നും പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.
ഔദ്യോഗികപദവി ദുരുപയോഗം ചെയ്താണ് ബിഷപ്പ് ബലാല്‍സംഗം ചെയ്തത്. ആത്മീയതയുടെ മറവില്‍ ലൈംഗിക ചൂഷണം നടത്തുകയായിരുന്നു. രാത്രി 9 മുതല്‍ 10 വരെ കന്യാസ്ത്രീകളുടെ സ്വകാര്യസങ്കടങ്ങള്‍ കേള്‍ക്കാനായി ഓരോരുത്തരെ വിളിച്ചുവരുത്തി. ബിഷപ്പിനൊപ്പം ഒരു ദിവസം എന്ന പരിപാടി നടത്തി. ബിഷപ്പ് ഫ്രാങ്കോ ചുമതലയേറ്റ ശേഷം 18 കന്യാസ്ത്രീകള്‍ തിരുവസ്ത്രം ഉപേക്ഷിച്ചു- ഇക്കാര്യങ്ങളെല്ലാം പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ ്ജാമ്യം നിഷേധിച്ചത്. അതേസമയം ചൊവ്വാഴ്ച ബിഷപ്പ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും.
https://www.facebook.com/Malayalivartha