ഗസല്‍ സന്ധ്യകളും ഗാനമേളകളും സംഘടിപ്പിച്ചും, ഹിന്ദുസ്ഥാനി സംഗീതം പഠിപ്പിച്ചും, നാടക സിനിമാ പിന്നണി ഗാനങ്ങളിലൂടെ സ്ത്രീശബ്ദത്തില്‍ പാടിയും സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൊച്ചിന്‍ ആന്റോ വിട പറഞ്ഞു

ഗസല്‍ സന്ധ്യകളും ഗാനമേളകളും സംഘടിപ്പിച്ചും ഹിന്ദുസ്ഥാനിസംഗീതം പഠിപ്പിച്ചും ഹാര്‍മോണിയം വിദ്വാനായും കൊണ്ടോട്ടിയുടെ സംഗീതരംഗത്ത് നിറഞ്ഞുനിന്നിരുന്ന കൊച്ചിന്‍ ആന്റോ (88) അന്തരിച്ചു. മുക്കം കെ.എം.സി.ടി. ആശുപത്രിയില്‍ ഇന്നലെ വൈകീട്ടായിരുന്നു അന്ത്യം.
പ്രളയക്കെടുതിയില്‍പ്പെട്ട് ഭക്ഷണം പോലും കിട്ടാതെ കൊണ്ടോട്ടിയില്‍ അവശനിലയില്‍ കിടന്നിരുന്ന ഇദ്ദേഹത്തെ സെപ്തംബര്‍ മൂന്നിനാണ് നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന് തൃത്താല സ്‌നേഹാലയം നടത്തിപ്പുകാര്‍ കൂട്ടിക്കൊണ്ടുപോയത്. ദേഹമാസകലം നീര് വന്ന നിലയിലാണ് സ്‌നേഹാലയത്തിലെത്തിയത്. ബാഗില്‍ നിന്ന് കണ്ട തിരിച്ചറിയല്‍ രേഖയില്‍ നിന്നാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞത്. ഒരുവശം തളര്‍ന്നുപോയ ആന്റോയ്ക്ക് ചികിത്സയടക്കമുള്ള സൗകര്യങ്ങള്‍ സ്‌നേഹനിലയത്തില്‍നിന്ന് നല്‍കിവന്നിരുന്നു. . സംസാരിക്കാന്‍ പറ്റാതിരുന്ന ആന്റോക്ക് പുതിയ വസ്ത്രങ്ങള്‍ നല്‍കി പരിചരിച്ചിരുന്നു. അവിടെനിന്നാണ് ചികിത്സാര്‍ഥം മുക്കത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.ഇതിനിടയിലാണ് അന്ത്യം.
1950കളില്‍ ബാബുരാജിന്റെ സഞ്ചരിക്കുന്ന നാടകട്രൂപ്പിലൂടെ സ്ത്രീശബ്ദത്തില്‍ പാടിയാണ് കൊച്ചിന്‍ ആന്റോ കലാരംഗത്ത് ചുവടുറപ്പിച്ചത്. ഇക്കാലത്ത് സംഗീതജ്ഞരായ ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, അഭിനേതാക്കളായ നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി തുടങ്ങിയവരുടെയൊക്കെ ഒപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറത്തെയും കോഴിക്കോട്ടെയും കല്യാണവീടുകളില്‍ ആന്റോയുടെ പാട്ടില്ലാത്ത ആഘോഷങ്ങള്‍ കുറവായിരുന്നു.
എറണാകുളം വൈപ്പിനില്‍ ജോസഫിന്റെയും മേരിയുടെയും മകനായ ആന്റോ നന്നേ ചെറുപ്പത്തില്‍ വീടുവിട്ടിറങ്ങി. പള്ളിയിലെ ഗായകസംഘത്തോടൊപ്പംകൂടിയാണ് സംഗീത ലോകത്തെത്തിയത്. കോഴിക്കോട്ടെ ഒരു കല്യാണ വീട്ടില്‍വെച്ച് എം.എസ്. ബാബുരാജിനെ കണ്ട ആന്റോ അദ്ദേഹത്തോടൊപ്പം കൂടി. സഞ്ചരിക്കുന്ന നാടകട്രൂപ്പില്‍ അംഗമായ ആന്റോ ബാബുരാജിനൊപ്പമാണ് കൊണ്ടോട്ടിയിലെത്തിയത്. കൊണ്ടോട്ടിയില്‍നിന്ന് തിരിച്ചുപോകാതെ തദ്ദേശവാസിയായ കുഞ്ഞാലന്‍കുട്ടിയുടെ വീട്ടില്‍ താമസമാക്കിയ ആന്റോ അദ്ദേഹത്തിന്റെ മകന്‍ അസീസിനൊപ്പം ചേര്‍ന്ന് ഗ്ലാമര്‍ മ്യൂസിക് ക്ലബ്ബ് എന്ന പേരില്‍ സംഗീതട്രൂപ്പ് സ്ഥാപിച്ചു.
കാസര്‍കോട് കുമാര്‍ ഉസ്താദ്, തിരൂര്‍ ഷാ, കോഴിക്കോട്ടെ വിന്‍സെന്റ് മാസ്റ്റര്‍ തുടങ്ങിയവരില്‍നിന്നെല്ലാം സംഗീതംപഠിച്ച ആന്റോ ഏറെക്കാലം കോഴിക്കോട്ടെ ജോണ്‍പീറ്ററിന്റെ നാടകട്രൂപ്പില്‍ പെണ്‍ശബ്ദമായിരുന്നു.
അവിവാഹിതനായിരുന്ന ആന്റോ സ്ഥിരമായി റംസാന്‍ നോമ്പെടുത്തിരുന്നു. ശവസംസ്‌കാരം ഇന്ന് 10ന് തൃത്താല സ്‌നേഹതീരത്ത് നടക്കും.
"
https://www.facebook.com/Malayalivartha
























