അപേക്ഷയ്ക്കു പോലും പുല്ലുവില... പിസി ജോര്‍ജിന്റെ മുന്നണി പ്രവേശന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി

പിസി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കേണ്ടെന്നും യോഗത്തില്‍ ധാരണയായി. മുസ്ലിം ലീഗിന്റെയും കേരളാ കോണ്‍ഗ്രസിന്റെയും എതിര്‍പ്പ് പരിഗണിച്ചാണിത്. ഇതോടെ പിസി ജോര്‍ജിന്റെ മുന്നണി പ്രവേശന നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട യുഡിഎഫ് യോഗത്തില്‍ കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റ് കൂടി അധികം ചോദിച്ചു. ആവശ്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നു പിജെ ജോസഫ് യോഗത്തില്‍ വ്യക്തമാക്കി. ഇടുക്കി, കോട്ടയം, ചാലക്കുടി സീറ്റുകളില്‍ ഏതെങ്കിലും 2 സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യം. മുന്‍പു മൂവാറ്റുപുഴ, മുകുന്ദപുരം സീറ്റുകള്‍ ഉണ്ടായിരുന്നത് പി.ജെ.ജോസഫ് ചൂണ്ടിക്കാട്ടി. ഈ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ഓരോ കക്ഷിയുമായും പ്രത്യേകം ചര്‍ച്ച നടത്താമെന്നു കോണ്‍ഗ്രസ് വ്യക്തമാക്കി. കഴിഞ്ഞ തവണ ദള്‍ മത്സരിച്ച പാലക്കാട് സീറ്റിന്റെ കാര്യത്തിലും തീരുമാനമെടുത്തിട്ടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇടുക്കി സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തേ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതു കോണ്‍ഗ്രസില്‍ കലാപം തന്നെ ഉണ്ടാക്കിയ പശ്ചാത്തലത്തിലാണു ലോക്‌സഭയിലേക്കുള്ള മാണിഗ്രൂപ്പിന്റെ പുതിയ അവകാശവാദം
സീറ്റ് വിഭജനത്തില്‍ ഘടക കക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികളുമായി ആലോചിച്ചായിരിക്കും. വീരേന്ദ്രകുമാറിനു ഒപ്പം പോകാത്ത ജനതാദള്‍ വിഭാഗത്തെ യുഡിഎഫിന്റെ പ്രത്യേക ക്ഷണിതാക്കള്‍ ആക്കും. കൂടുതല്‍ പാര്‍ട്ടികളെ മുന്നണിയുമായി സഹകരിപ്പിക്കുന്നതിന് ബെന്നി ബഹനാന്‍ അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കിയ നടപടി സ്വാഗതാര്‍ഹമാണെന്നും യോഗം വിലയിരുത്തി.
നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 17 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത് ഈ അനുപാതത്തില്‍ മാറ്റം വരുമോ എന്നുള്ളതായിരുന്നു ഇന്നത്തെ യോഗത്തെ സംബന്ധിച്ച പ്രസക്തമായ ചോദ്യം. യോഗത്തില്‍ ലീഗ് അധിക സീറ്റ് ആവശ്യപ്പെട്ടില്ലെങ്കിലും മൂന്നാം സീറ്റിനായി പിടി മുറുക്കാനാണ് മുസ്ലിം ലീഗിന്റെയും തീരുമാനം.
ജോര്‍ജിനെ മുന്നണിയിലേക്കു വേണ്ട. നയം വ്യക്തമാക്കി യു ഡി എഫ് യോഗം. യു.ഡി.എഫുമായി സഹകരണമെന്ന പി.സി. ജോര്‍ജിന്റെ അവകാശവാദത്തെ തള്ളി.
രമേശ് ചെന്നിത്തല മുന്‍കയ്യെടുത്ത് പി സി ജോര്‍ജിനെ യു ഡി എഫിലേക്കു മടക്കിവിളിക്കുന്നു എന്നതരത്തിലായിരുന്നു മാധ്യമ വാര്‍ത്തകള്‍. എന്നാല്‍ ജോര്‍ജിനെ ഇനിയും വിശ്വസിക്കാന്‍ താന്‍ അത്ര മണ്ടനല്ല എന്നാണ് കൂടെയുള്ളവരോട് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞത്. വെറുതെ ചൊറിഞ്ഞു മാണിയെ ഇനിയും പിണക്കണ്ടെന്നും ചെന്നിത്തലക്കുണ്ട്. എന്നാല്‍ താന്‍ യു ഡി എഫിലേക്കു തന്നെയാണെന്നും വേണ്ടപ്പെട്ടവര്‍ ഇക്കാര്യത്തില്‍ ഉറപ്പു തന്നിട്ടുണ്ടെന്നും ജോര്‍ജ് തന്നെ സന്ദര്‍ശിച്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. ജോര്‍ജിനെ യു ഡി എഫില്‍ എടുക്കുന്നതുമായി ബന്ധപ്പെട്ടു ചില മധ്യസ്ഥര്‍ മാണിയുമായി ചര്‍ച്ചക്ക് ശ്രമിച്ചെങ്കെലും സംസാരിക്കാന്‍ പോലും മാണി കൂട്ടാക്കുന്നില്ല.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പി.സി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി യു.ഡി.എഫിലേക്ക് ലയിക്കാന്‍ നീക്കം തുടങ്ങിയതായി അദ്ദേഹം തന്നെയാണ് പാര്‍ട്ടി മീറ്റിങ്ങില്‍ അറിയിച്ചത്. മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചര്‍ച്ചകള്‍ക്കായി കമ്മറ്റിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞിരുന്നു.
ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച അദ്ദേഹം നിയമസഭയില്‍ പോലും ബി.ജെ.പി അംഗത്തോടൊപ്പം പ്രത്യേക ബ്ലോക്ക് ആയി ആണ് ഇരുന്നത്. എന്നാല്‍ പിന്നീട് ബി.ജെ.പി ഒരു മതേതര പാര്‍ട്ടി അല്ലെന്നും അവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയില്ലെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു. നേരുത്തേ യുഡിഎഫില്‍ ആയിരുന്ന അദ്ദേഹം ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് മുന്നണി വിട്ട ജോര്‍ജ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിച്ചാണ് പൂഞ്ഞാറില്‍ നിന്നും വന്‍വിജയം നേടി നിയമസഭയിലെത്തിയത്.
https://www.facebook.com/Malayalivartha


























