ഐസ്‌ക്രീം പാര്‍ലര്‍ കേസ്: വി.എസിന്റെ ഹര്‍ജിക്കെതിരേ സര്‍ക്കാരിന്റെ സത്യവാങ്മൂലം

വിവാദമായ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ സമര്‍പ്പിച്ച ഹര്‍ജിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ വലിയ ദേഷ്യത്തിലാണ്. കുഞ്ഞാലിക്കുട്ടിയെ മുട്ടുകുത്തിക്കാന്‍ നടത്തുന്ന അവസാന ശ്രമത്തേയാണ് സര്‍ക്കാര്‍ തോല്‍പ്പിച്ചത്. ഇത് തന്നെ മനപൂര്‍വം കരിതേപ്പിക്കാനാണെന്നാണ് വി.എസ്. കരുതുന്നത്.
കേസില്‍ വിശദമായ അന്വേഷണം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ അവസാനിച്ചതാണെന്നും അതില്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പോലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച നടപടിക്കെതിരേ മുന്‍മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ പുനപരിശോധനാ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഐസ്‌ക്രീം പാര്‍ലര്‍ കേസിന്റെയും അതിനുശേഷമുള്ള ഐസ്‌ക്രീം പാര്‍ലര്‍ അട്ടിമറി കേസിന്റെയും നാളിതുവരെയുള്ള കാര്യങ്ങള്‍ വിശദീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ സത്യാവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസ് അവസാനിപ്പിച്ചത് തെളിവില്ലാത്തതിനാലാണെന്നു സത്യവാങ്മൂലത്തില്‍ പറയുന്നു. ഇതു സംബന്ധിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കോടതി അതേപടി അംഗീകരിക്കണമെന്നും ഭരണമാറ്റം ഈ കേസിന്റെ അന്വേഷണത്തെ ബാധിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
കോടതിയുടെ മേല്‍നോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടന്നത്. അന്വേഷണത്തില്‍ ആരുടെയും സ്വാധീനം ഉണ്ടായിട്ടില്ല. ഇരകള്‍ക്ക് പി.കെ. കുഞ്ഞാലിക്കുട്ടി പണം നല്‍കിയെന്നതിന് തെളിവുകള്‍ ഇല്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതേ സമയം കേസിലെ അന്തിമ റിപ്പോര്‍ട്ട് അംഗീകരിക്കരുതെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടത്. ഇതു തള്ളിയാണു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
കേസ് അന്വേഷണവും വിചാരണയും അട്ടിമറിച്ചതിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു നടത്തിയ പത്രസമ്മേളനത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനായില്ലെന്നു ചൂണ്ടിക്കാട്ടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. ഈ റിപ്പോര്‍ട്ട് അംഗീകരിച്ച കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് വി.എസ്. ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























