കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോൾ താമര ചിഹ്നത്തിന് വോട്ട് പോകുന്നുവെന്ന ആരോപണം ശരിവച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തിയപ്പോൾ താമര ചിഹ്നത്തിന് വോട്ട് പോകുന്നുവെന്ന ആരോപണം ശരിവച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ . ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിംഗ് യന്ത്രത്തില്‍ അത്തരത്തില്‍ ഒരു തകരാര്‍ ഉണ്ടായിരുന്നുവെന്ന് മീണ സമ്മതിച്ചു. ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ ഇങ്ങനെ സംഭവിക്കാറുണ്ട്. തുടര്‍ന്ന് റിസര്‍വ് യന്ത്രം എത്തിച്ച് വോട്ടിംഗ് തുടര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടെടുപ്പ് നടന്ന ദിവസം രാവിലെയാണ് ഏറെ വിവാദങ്ങള്‍ക്ക് കാരണമായ ആരോപണം ഉയരുന്നത്. കോവളം ചൊവ്വര ബൂത്തില്‍ 76 വോട്ടുകള്‍ രേഖപ്പെടുത്തിയ ശേഷമാണ് കൈപ്പത്തി ചിഹ്നത്തിന് പകരം താമര വിരിയുന്നുവെന്ന പരാതി ഉന്നയിച്ചത്. എന്നാല്‍ പരാതിക്കാന്‍ തന്നെ ആരോപണം തെളിയിക്കണമെന്നും ഇല്ലെങ്കില്‍ കേസെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിലപാടെടുത്തതോടെ ഇക്കാര്യം ഉന്നയിച്ചയാള്‍ രേഖാമൂലം പരാതിപ്പെടാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഇവിടെ മറ്റൊരു യന്ത്രമെത്തിച്ച് വോട്ടിംഗ് തുടരുകയായിരുന്നു. തകരാറിലായ യന്ത്രത്തിന്റെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചിരുന്നു. ഇതിനിടയിലാണ് യന്ത്രത്തിന് തകരാറുണ്ടെന്ന് സമ്മതിച്ച് തിരഞ്ഞെടുപ്പ് ഓഫീസര്‍ രംഗത്തെത്തിയത്.
കോവളം നിയമസഭാ മണ്ഡലത്തിലെ ചൊവ്വര 151-ാം നമ്പർ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതര പിഴവുണ്ടായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന വാദവുമായി തിരുവനന്തപുരം ജില്ലാ കളക്ടർ കെ.വാസുകി രംഗത്ത് വന്നിരുന്നു. വോട്ടിംഗ് യന്ത്രത്തിൽ തിരിമറി സാധ്യമല്ലെന്നും, ചെയ്യുന്ന വോട്ടുകളെല്ലാം ബി.ജെ.പിയ്‌ക്ക് പോകുന്നുവെന്ന വാർത്ത വ്യാജമാണെന്നും വാസുകി പറഞ്ഞു. വ്യാജ വാർത്തകൾ പ്രചരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിലൂടെയാണ് കളക്ടർ പ്രതികരിച്ചത്. ഒരു സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും വാസുകി അറിയിചിരുന്നു. യന്ത്രത്തിന് തകരാര്‍ സംഭവിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന ജില്ലാ കളക്‌ടര്‍ കെ.വാസുകിയുടെ വാദം തള്ളുന്നത് കൂടിയാണ് മീണയുടെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha



























