‘എന്റെ കയ്യിൽ പിടിച്ചു മുകളിലേക്കു കയറുന്നതിനിടെയാണു ഇത്ത വെള്ളത്തിൽ പെട്ടത്... ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ ഇത്തയും ഞങ്ങളോടൊപ്പമുണ്ടാവുമായിരുന്നു... എന്റെ കൈ വിട്ടുപോയ അതേ സ്ഥലത്തു നിന്നാണ് രാവിലെ ഇത്തയുടെ മൃതദേഹം കിട്ടിയത്- വാവിട്ട് നിലവിളിച്ച് പുതുമലയിലെ ഒരു കുടുംബം...

വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് പുത്തുമലയിലേത്. ഈ പ്രദേശത്തിലെ അഞ്ഞൂറോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള സമീപപ്രദേശങ്ങളിൽ നിന്നും മുഴുവൻ പേരെയും ഇനിയും മാറ്റാനായിട്ടില്ല. ഉറ്റവർ നഷ്ടമായതിന്റെ നടുക്കത്തിൽ നിന്നും ആരും കരകയറിയിട്ടില്ല. ചേർത്തുപിടിച്ച കൈകളെ കുത്തിയലച്ചെത്തിയ മലവെള്ളം വേർപിരിച്ചപ്പോൾ തനിച്ചായവരുടെ കണ്ണീരിൽ പൊള്ളുകയാണ് പുത്തുമല. കയ്യകലത്തിലുണ്ടായിരുന്നവരും കൈ ചേർത്തുപിടിച്ചവരും 3 മിനിറ്റുള്ളിൽ കാണാമറയത്തായതിന്റെ ആഘാതത്തിലാണ് ഒരു കുടുംബം.
ഭർത്യസഹോദരിയുടെ കൈപിടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണു പുത്തുമല കുന്നത്ത് നൗഷാദിന്റെ ഭാര്യ ഹാജിറ മരണത്തിലേക്ക് വഴുതിപ്പോയത്. മുണ്ടേക്കാട് ചന്ദ്രന്റെ ഭാര്യ അജിത മലവെള്ളത്തിൽ പെട്ടതു ഭർത്താവിനും മകനുമൊപ്പം വീട്ടിൽ നിന്നു പുറത്തേക്കിറങ്ങുമ്പോഴായിരുന്നു. ഉരുൾപൊട്ടൽ ഭീഷണിയുണ്ടെന്നറിഞ്ഞു അയൽവാസിക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴാണു പുത്തമല ലോറൻസിന്റെ ഭാര്യ ഷൈലയെ കാണാതായത്. മലവെള്ളത്തിൽ പെട്ട ഷൗക്കത്തലിയും മുനീറയും ജീവിതത്തിലേക്കു കൈപിടിച്ചുകയറിയപ്പോൾ മൂന്നുവയസ്സുകാരൻ മകൻ മുഹമ്മദ് മിസ്തഹ് ഇവരുടെ കയ്യിൽ നിന്ന് മരണത്തിലേക്കു പോയത്.
വ്യഴാഴ്ച വൈകിട്ടു മഴ ശമിച്ചപ്പോൾ കുളിക്കാനും വീടു വൃത്തിയാക്കാനുമായാണു പുത്തുമല ബസ് സ്റ്റോപിന്റെ സമീപത്തെ വീട്ടിലേക്ക് നൗഷാദിന്റെ ഭാര്യ ഹാജിറയും മാതാവ് അയിഷയും സഹോദരി നൗഷിനയും വീട്ടിലെത്തിയത്. ഈ സമയത്താണു മലമുകളിൽ ഉരുൾപൊട്ടിയത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ ഇവർ അടുക്കള മാർഗം രക്ഷപ്പെടാൻ ശ്രമിച്ചു. അയിഷയെ നൗഷീന വീടിനു പുറകിലെ ഉയർന്ന സ്ഥലത്തേക്കു പിടിച്ചുകയറ്റി.
ഹാജിറയെ വലിച്ചുകയറ്റുന്നതിനിടെ വെള്ളത്തിനൊപ്പം കല്ലും മരങ്ങളും കുതിച്ചൊഴുകിയെത്തിയതോടെ കൈയിലെ പിടിത്തം വിട്ടു. നിമിഷനേരങ്ങൾക്കുള്ളിൽ ഹാജിറ വെള്ളത്തിനടിയിലായി. ഇന്നലെ രാവിലെയാണു ഇതേ സ്ഥലത്തു വച്ചു ഹാജിറയുടെ മൃതദേഹം കണ്ടെത്തിയത്. പുത്തുമല എസ്റ്റേറ്റ് പാടിയിലെ മുറിയിൽ നിന്നു താമസം മാറുന്നതിനായി ഭർത്താവ് ചന്ദ്രനും മകനും എബിക്കും ഒപ്പമിറങ്ങിയപ്പോഴാണു അജിത മലവെള്ളത്തിൽ പെട്ടത്.
എസ്റ്റേറ്റ് ക്ലബിലെ മുറിയിലേക്കു താമസം മാറുന്നതിനായി ചന്ദ്രൻ എസ്റ്റേറ്റ് വെൽഫെയർ ഓഫിസിലെത്തി താക്കോൽ വാങ്ങിയിരുന്നു. ഭർത്താവിനും മകനുമൊപ്പം പുറത്തിറങ്ങിയ അജിത വീട്ടിനുള്ളിൽ മറന്നുവച്ചതെന്തോ എടുക്കാനായി തിരിച്ചുകയറി. വീണ്ടുമിറങ്ങി മകനരികിലേക്ക് ഓടുന്നതിനുടെയാണ് മലവെള്ളപ്പാച്ചിലിൽ കുടുങ്ങിയത്. ഇതേ പാടിയിൽ നിന്നു അയൽവാസികൾക്കൊപ്പം പുറത്തിറങ്ങുമ്പോഴാണു ലോറൻസിന്റെ ഭാര്യ ഷൈലയേയും മലവെള്ളം കൊണ്ടുപോയത്.
‘എന്റെ കയ്യിൽ പിടിച്ചു മുകളിലേക്കു കയറുന്നതിനിടെയാണു ഇത്ത വെള്ളത്തിൽ പെട്ടത്. ഒരു നിമിഷം കൂടി കിട്ടിയിരുന്നെങ്കിൽ ഇത്തയും ഞങ്ങളോടൊപ്പമുണ്ടാവുമായിരുന്നു. എന്റെ കൈ വിട്ടുപോയ അതേ സ്ഥലത്തു നിന്നാണ് രാവിലെ ഇത്തയുടെ മൃതദേഹം കിട്ടിയത്’ തന്റെ കൈ വിടുവിപ്പിച്ച് മരണത്തിലേക്കൂർന്നുപോയ ഹാജിറയുടെ ഓർമകളിൽ വിതുമ്പുകയാണ് ഭർത്യസഹോദരി നൗഷീന. ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നു കൽപറ്റ ഡിപ്പോയിലെ കെഎസ്ആർടിസി കണ്ടക്ടറായ നൗഷാദ് കുടുംബത്തെയും പുത്തുമല എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാംപിലേക്കു മാറ്റിയിരുന്നു.
https://www.facebook.com/Malayalivartha
























