ഭവാനിപ്പുഴയുടെ കരയില്‍ കുടുങ്ങിയ കുടുംബത്തില്‍നിന്ന് ഗര്‍ഭിണിയടക്കം എല്ലാവരെയും രക്ഷപ്പെടുത്തി

അട്ടപ്പാടിയില്‍ ആറുദിവസമായി തുടരുന്ന പേമാരിയില്‍ കുത്തിയൊഴുകുന്ന ഭവാനിപ്പുഴയുടെ കരയില്‍ കുടുങ്ങിയ കുടുംബത്തില്‍നിന്ന് ഗര്‍ഭിണിയടക്കം എല്ലാവരെയും രക്ഷപ്പെടുത്തി.
അറുപതുകാരിയായ പഴനിയമ്മയെയാണ് ആദ്യം പുഴയ്ക്കു മുകളിലൂടെ കയറില്‍ ഇക്കരെ എത്തിച്ചത്. മകന്‍ മുരുകേശനും പേരക്കുട്ടി മൈനയും അവര്‍ക്കു പിന്നാലെ ഇക്കരയെത്തി. മൈനയെ നെഞ്ചോടു ചേര്‍ത്തു പൊതിഞ്ഞാണ് മുരുകേശിനൊപ്പം മറുകരയില്‍ എത്തിച്ചത്. കരഞ്ഞിറങ്ങിയ കുഞ്ഞിനെ പഴനിയമ്മ വാരിയെടുത്തു മാറോടണച്ചു കരഞ്ഞു.
എട്ടുമാസം ഗര്‍ഭിണിയായ മരുമകള്‍ ലാവണ്യ പ്രത്യേക സജ്ജീകരണങ്ങളോടെ കുത്തൊഴുക്കിന്റെ മുകളിലൂടെ റോപില്‍ ഇക്കരെ എത്തിക്കുന്നതുവരെ ആധിയോടെ കാത്തിരിക്കുകയായിരുന്നു പഴനിയമ്മയും കുടുംബവും. അവര്‍ക്കു ധൈര്യം പകരാന്‍ രണ്ട് ഉദ്യോഗസ്ഥര്‍ അക്കരക്കു പോയിരുന്നു.
ഭവാനിപുഴ രണ്ടായി തിരിയുന്ന അട്ടപ്പാടി പട്ടിമാളം കോണാര്‍ തുരുത്തില്‍ ഒറ്റപ്പെട്ടുപോയ കുടുംബത്തെ ഇക്കരെ എത്തിക്കാന്‍ പൊലീസും അഗ്നിരക്ഷാസേനയും പഞ്ചായത്തും നാട്ടുകാരും സംയുക്തമായാണ് ശ്രമം നടത്തിയത്.
പുഴയുടെ കുത്തൊഴുക്കിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ശ്രമം ഉപേക്ഷിച്ചിരുന്നെങ്കിലും കുടുംബം കുടുതല്‍ ദുരിതത്തിലായതോടെയാണ് വീണ്ടും അധികൃതര്‍ രംഗത്തിറങ്ങിയത്. ശെല്‍വരാജ്, പളനിയമ്മ, മകന്‍ മുരുകേശന്‍, അയാളുടെ ഭാര്യ ലാവണ്യ, മകള്‍ മൈന, ജോലിക്കാരന്‍ പൊന്നന്‍ എന്നിവരുള്‍പ്പെട്ട കുടുംബം ഒരാഴ്ചയായായി ബുദ്ധിമുട്ടിലായിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന മണ്‍തിട്ടയും താല്‍ക്കാലിക പാലവും വെള്ളത്തില്‍ കുത്തിയൊലിച്ചുപോയി. പലവഴിയും നോക്കിയെങ്കിലും പുറത്തെത്താനുള്ള ശ്രമം തടസപ്പെട്ടു.
ഗര്‍ഭിണിയെ റോപ്പിലൂടെ എത്തിച്ചാല്‍ ആരോഗ്യപ്രശ്നം ഉണ്ടാകുമോ എന്ന് ആശങ്ക ആദ്യം ഉണ്ടായെങ്കിലും അതുണ്ടാകാതിരിക്കാനുള്ള സംവിധാനത്തിലൂടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇക്കരെ എത്തുന്ന എല്ലാവരെയും അടിയന്തരമായി പരിശോധനയ്ക്കു വിധേയമാക്കാന്‍ ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിലുളള സംഘവും സ്ഥലത്തു ക്യാംപ് ചെയ്യുന്നുണ്ട്. തുടര്‍ച്ചയായ മഴ വകവയ്ക്കാതെയാണ് അധികൃതരുടെ നീക്കങ്ങള്‍.
https://www.facebook.com/Malayalivartha
























