ക്ലാസ് മുറി നിറയെ മാളങ്ങൾ;ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ല'; പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല; ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ

ഷെഹല പാമ്പുകടിയേറ്റ് ജീവനറ്റ ക്ലാസ് മുറിയിൽ ഞെട്ടിക്കുന്ന കാഴ്ച്ചകൾ. അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ പാമ്പുകടിയേറ്റു മരിച്ച ബത്തേരി സര്‍ക്കാര്‍ സർവജന സ്കൂളിലെ ക്ലാസ് മുറികളില്‍ ഇഴജന്തുക്കൾക്ക് കയറിക്കൂടാവുന്ന തരത്തിലുള്ള നിരവധി മാളങ്ങള്‍. അധ്യയനവർഷം ആരംഭിക്കുന്നത് മുമ്പ് ഫിറ്റ്നസ് പരിശോധിക്കണമെന്ന നിബന്ധന പാലിക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് സൂചന.
സംഭവത്തില്‍ സ്‌കൂളിനെതിരെയും അധ്യാപകര്‍ക്കെതിരെയും കടുത്ത പ്രതിഷേധവുമായി കുട്ടികളും രക്ഷിതാക്കളും രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില്‍ ആരോപണവിധേയനായ പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു.
പുത്തൻകുന്ന് ചിറ്റൂർ നൊട്ടൻവീട്ടിൽ അഭിഭാഷകരായ അബ്ദുൽ അസീസിന്റെയും ഷജ്നയുടെയും മകൾ ഷെഹ്ന ഷെറിൻ (10) ആണ് കഴിഞ്ഞ ദിവസം ക്ലാസ്മുറിയിൽ വച്ച് പാമ്പുകടിയേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ക്ലാസ് മുറിയിൽ ഭിത്തിയോടു ചേർന്ന പൊത്തിൽ കുട്ടിയുടെ കാൽ പെടുകയും പുറത്തെടുത്തപ്പോൾ ചോര കാണുകയും ചെയ്തു. പാമ്പു കടിയേറ്റ കുട്ടി അവശയായി ഇരുന്നിട്ടും പിതാവ് വരുന്നത് വരെ അധ്യാപകര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ തയ്യാറായില്ല. ഉടന്‍ ആശുപത്രിയിലേക്കെത്തിച്ചിരുന്നെങ്കില്‍ ഷഹ്‌ല ഷെറിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും കുട്ടികള്‍ പറഞ്ഞു. കടുത്ത അമര്‍ഷത്തോടെയും വികാരനിര്‍ഭരവുമായിട്ടാണ് കുട്ടികള്‍ പ്രതികരിച്ചത്.
ക്ലാസില്‍ ഇടക്കിടെ ഇഴ ജന്തുക്കളെ കാണാറുണ്ടെന്നും അധ്യാപകരുടെ ഭാഗത്ത് നിന്നും മറ്റുള്ളവരുടെ ഭാഗത്ത് നിന്നും ഒരു നടപടിയുമുണ്ടാകാറില്ല. സ്‌കൂള്‍ കെട്ടിടത്തില്‍ സമാനമായി നിരവധി മാളങ്ങളാണ് ഉള്ളത്. ചെരിപ്പിട്ട് ക്ലാസില്‍ കയറാന്‍ പാടില്ല. അതേ സമയം അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പിടാന്‍ അനുവാദമുണ്ടായിരുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.
പാമ്പു കടിയേറ്റതു പോലുള്ള പാടുകൾ കണ്ടതിനെ തുടർന്നു രക്ഷിതാക്കൾ എത്തി ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും എത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതിനെ തുടർന്ന് കോഴിക്കോട്ടേക്കു കൊണ്ടു പോകും വഴി നില വഷളാവുകയും വൈത്തിരിയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെത്തുമ്പോഴേക്കും കുട്ടി മരിച്ചെന്നും ലക്ഷണങ്ങൾ പാമ്പുകടിയേറ്റതിന്റെയാണെന്നും പരിശോധിച്ച ഡോ. ജാക്സൺ തോമസ് പറഞ്ഞു.
പാമ്പുകടിച്ചാല്‍ പ്രഥമ ശുശ്രൂക്ഷ നല്‍കി എത്രയും നേരത്തെ ചികിത്സ തേടിയാല്‍ രക്ഷപ്പെടാവുന്നതാണ്. ശരീരത്തില്‍ വ്യാപിക്കുന്ന വിഷത്തിന്റെ അളവു പരമാവധി കുറയ്ക്കുക എന്നതാണ് പ്രഥമശുശ്രൂഷയുടെ ലക്ഷ്യം. കടിയേറ്റാല്‍ ഒന്നരമിനിറ്റിനുള്ളില്‍ ഇതു ചെയ്തിരിക്കണം. കടിയേറ്റ സ്ഥലം നല്ല ശുദ്ധജലത്തില്‍ വൃത്തിയായി കഴുകുക. സോപ്പ് ഉപയോഗിക്കാം. കടിയേറ്റ മുറിവിലൂടെ രക്തം ഞെക്കിക്കളയുക. എന്നാല്‍ മുറിവു കീറാന്‍ പാടില്ല. ബ്ലേഡ് ഉപയോഗിച്ച് മുറിവു വലുതാക്കി വിഷം കളയാന്‍ ചിലര്‍ ശ്രമിക്കുന്നു. അതും ഗുണം ചെയ്യില്ലെന്നു മാത്രമല്ല കൂടുതല്‍ രക്ത നഷ്ടത്തിന് ഇടയാക്കുകയും ചെയ്യുന്നു.
'ടൂര്‍ണിക്കെ' എന്ന പേരിലാണ് ഫസ്റ്റ് എയ്ഡ് അറിയപ്പെടുന്നത്. കടിയേറ്റതിന്റെ രണ്ടോ മൂന്നോ സെ.മീറ്റര്‍ മുകള്‍ ഭാഗത്തായി കെട്ടുന്നതാണിത്. കെട്ട് അധികം മുറുകാനോ അയയാനോ പാടില്ല. കടുംകെട്ടിട്ടു വയ്ക്കുന്നത് ഗുണത്തേക്കാളുപരി ദോഷമാണ് ചെയ്യുക. കെട്ടിനിടയില്‍കൂടി ഒരു തീപ്പെട്ടിക്കൊള്ളി കടത്താനുള്ള ഇടം വേണം. ഇല്ലെങ്കില്‍ രക്തസ്രവം നിലയ്ക്കും. പത്തു മിനിറ്റിനുള്ളില്‍ അഴിച്ചു കെട്ടുകയും വേണം. കടിയേറ്റ് ഒരു മണിക്കൂറിലേറെ കെട്ട് നിലനിര്‍ത്തുകയുമരുത്. പേശികള്‍ക്കു നാശം സംഭവിക്കുന്നത് ഒഴിവാക്കാനാണിത്.
കുടിക്കാന്‍ ധാരാളം ശുദ്ധജലമോ ഉപ്പിട്ട കഞ്ഞിവെള്ളമോ നല്‍കുക. മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കണം. ഒരു കാരണവശാലും ആല്‍ക്കഹോള്‍ പാടില്ല. ചിലര്‍ മൂത്രം വിഷമിറങ്ങാന്‍ ഉത്തമ പ്രതിവിധിയാണെന്നു പറഞ്ഞ് കുടിപ്പിക്കുന്നു. അത് അവശനായി കിടക്കുന്ന രോഗിയോട് ചെയ്യുന്ന കൊടും ക്രൂരതയാണ്. കടി കൊണ്ടയാള്‍ അധികം നടക്കാനും ഓടാനും പാടില്ല. ശരീരം ഇളകാതെ നോക്കണം. മുറിവേറ്റ ഭാഗത്ത് പൊള്ളിക്കുന്നതും അപകടകരമായ പ്രവണതയാണ്. രോഗിയുടെ മാനസിക ധൈര്യം വളരെ പ്രധാനമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കുക എന്നതാണ് പ്രതിവിധികളില്‍ പ്രധാനം. കടിയേറ്റ ആള്‍ പരിഭ്രമിക്കുന്നതും ഭയപ്പെടുന്നതും ഒഴിവാക്കുക എന്നതാണു ഏറ്റവും പ്രധാനപ്പെട്ട പ്രഥമശുശ്രൂഷ. കടിച്ചത് ഏതു പാമ്പാണ് എന്നു മനസ്സിലാക്കാന്‍ സാധിച്ചാല്‍ ചികില്‍സയ്ക്കുണ്ടാകുന്ന കാലതാമസം ഒഴിവാക്കാം.
https://www.facebook.com/Malayalivartha

























